Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 48 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് രണ്ടാം ഡോസ് നല്‍കിത്തുടങ്ങി

ജിദ്ദ - രാജ്യത്ത് 48 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി. ജിദ്ദയില്‍ ഷറഫിയക്കുസമീപം നസീമിലെ സലാം മാളിലുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഈ പ്രായത്തിലുള്ള സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ ഈ കേന്ദ്രത്തില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് രണ്ടാം ഡോസ് നല്‍കിയിരുന്നത്. എന്നാല്‍ ആദ്യ ഡോസ് എല്ലാ വിഭാഗക്കാര്‍ക്കും നല്‍കിയിരുന്നു.
ഓക്‌സ്ഫഡ് ആസ്ട്രസെനെക വാക്‌സിനാണ് ഇവിടെ നല്‍കുന്നത്. വൈകാതെ ഇതര കേന്ദ്രങ്ങളിലും താഴ്ന്ന പ്രായക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കിത്തുടങ്ങുമെന്ന് ഈ കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു.
രാജ്യത്ത് പരമാവധി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി, രണ്ട് വാക്‌സിനുകള്‍ തമ്മിലെ ഇടവേള ആരോഗ്യ മന്ത്രാലയം ദീര്‍ഘിപ്പിച്ചിരുന്നു. ഇതിനാല്‍ തന്നെ മൂന്ന് മാസത്തിലേറെ മുമ്പ് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് പോലും ഇതുവരെ രണ്ടാം ഡോസ് ലഭ്യമായിരുന്നില്ല. സീഹത്തി ആപ്പില്‍ ഇവര്‍ക്ക് രണ്ടാം ഡോസിന് നേരത്തെ അറിയിച്ചിരുന്ന തീയതി പിന്നീട് നീക്കം ചെയ്യുകയുമുണ്ടായി. ആസ്ട്രസെനെക വാക്‌സിന്‍ ലഭിച്ചവര്‍ക്കാണ് കാലതാമസം നേരിടുന്നത്. എന്നാല്‍ ഫൈസര്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് കാലതാമസമില്ലാതെ രണ്ടാം ഡോസ് ലഭിച്ചിരുന്നു. അപൂര്‍വമായി ചില സെന്ററുകളില്‍ പരിമിതമായ തോതില്‍ അറുപതില്‍ താഴെയുള്ളവര്‍ക്കും രണ്ടാം ഡോസ് ആസ്ട്രസെനെക വാക്‌സിനും നല്‍കിയിരുന്നു.
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഒന്നര കോടിയിലേറെ ഡോസുകളാണ് ഇതിനകം നല്‍കിക്കഴിഞ്ഞത്.

 

 

 

Latest News