കരാള കാലത്തിന്റെ കരിനിഴൽ
1975 ജൂൺ 25 അർധരാത്രി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആൾ ഇന്ത്യ റേഡിയോയിലൂടെ രാഷ്ട്രത്തെ സംബോധന ചെയ്തത് തെല്ലൊരു നടുക്കത്തോടെയാണ് ഇന്ത്യൻ ജനത ശ്രവിച്ചത്. ചില പ്രത്യേക സാഹചര്യങ്ങളിൽ പല രാഷ്ട്രങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത്തരത്തിലൊരു സാഹചര്യത്തിലാണോ നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇന്നത്തെ പോലെ വാർത്താവിനിമയ സൗകര്യം പുരോഗമിച്ചിട്ടില്ലാത്ത അന്ന് അച്ചടി മാധ്യമങ്ങളും ആകാശവാണിയും മാത്രമാണ് ബഹുഭൂരിപക്ഷമായ ഗ്രാമീണ ജനതയ്ക്ക് വർത്തകളറിയാനുള്ള സംവിധാനങ്ങളായുണ്ടായിരുന്നത്. പിറ്റേ ദിവസം വ്യാഴാഴ്ച ജൂൺ 26 ന് രാവിലെ ഉറക്കമെണീറ്റ ജനങ്ങൾക്ക് നെഞ്ചത്ത് കുത്തേറ്റ പോലെയുള്ള അനുഭവമായാണ് ആകാശവാണി വാർത്ത അനുഭവപ്പെട്ടത്.
1975 ജൂൺ 25 നിലവിലുള്ള 'ആഭ്യന്തര അസ്വസ്ഥത' കാരണം ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം 1977 മാർച്ച് 21 ന് പിൻവലിക്കുന്നത് വരെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായതും സംഭവബഹുലവുമായ അടിയന്തരാവസ്ഥ നില നിന്നു.
ക്രൂരമായ പോലീസ് പീഡനങ്ങളുടെയും ഭീകരമായ അനുഭവങ്ങളുടെയും ജനാധിപത്യ അവകാശ ധ്വംസനങ്ങളുടെയും പതിനെട്ടു മാസത്തെ കാലഘട്ടത്തിനു ശേഷം അടിയന്തരാവസ്ഥ പിൻവലിക്കുകയും തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യത്തെ കോൺഗ്രസിതര സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. എന്നാൽ അധികാരക്കൊതിയന്മാരുടെയും കാലുവാരലുകാരുടെയും പിന്തുണ അധികകാലം കിട്ടാതെ മൊറാർജി മന്ത്രിസഭ താഴെ വീഴുകയായിരുന്നു. പിന്നീടും കോൺഗ്രസ് തന്നയാണ് രാജ്യഭരണം കൈയാളിപ്പോന്നത്. 1989 മുതലാണ് ഭരണമാറ്റം വരികയും മാറിമറിയുള്ള കക്ഷികളുടെ അധികാരാരോഹണം നടക്കുന്നതും.
പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ അദ്ദേഹത്തിന്റെ 'ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ' ഗ്രന്ഥത്തിൽ വിവരിക്കുന്നത്, ഭരണ കൂടത്തിനെതിരെയുള്ള പ്രക്ഷോഭം ഗുജറാത്തിൽ നിന്നാരംഭിച്ച് ബിഹാറിലേക്കും അവിടെ നിന്ന് ഉത്തരേന്ത്യയുടെ മറ്റു പല ഭാഗങ്ങളിലേക്കും വ്യാപിച്ചു എന്നാണ്.
1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു രാജ് നാരായൺ. തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും ചെയ്തു. തെരഞ്ഞെടുപ്പിൽ ഗവണ്മെന്റ് സംവിധാനങ്ങളുടെ ദുരുപയോഗവും വ്യാപകമായ കൃത്രിമം കാണിച്ചതായും ആരോപിച്ച് രാജ്‌നാരായൺ അലഹബാദ് ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഇന്ദിരാ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടായി. കേസിൽ വാദം കേട്ട അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് അഴിമതിക്ക് കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. 1975 ജൂൺ 12 ന് ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും 6 വർഷത്തേക്ക് തെരഞ്ഞെടുത്ത പദവികളിൽ നിന്ന് വിലക്കുകയും ചെയ്തു. ഈ വിധിയാണ് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുകയും 1975 ജൂൺ 25 മുതൽ 1977 മാർച്ച് 12 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തത്.
1974 ജൂണിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിലെ തെരുവുകളിലൂടെ ഒരു വലിയ സമര ഘോഷയാത്ര നയിച്ചു. 'മൊത്തം വിപ്ലവത്തിനായുള്ള' ആഹ്വാനത്തിൽ ആ ഘോഷയാത്ര കലാശിക്കുകയായിരുന്നു. ജെ.പിയുടെ കരുത്തുറ്റ നേതൃത്വ പാടവം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ദിരാ ഗാന്ധിയെ ഫലപ്രദമായി നേരിടാൻ ശേഷിയുള്ളതാക്കുകയും ചെയ്തു.
രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭം തെരുവുകളെ ശബ്ദമുഖരിതമാക്കിയപ്പോൾ സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പണിമുടക്ക് മൂലം രാജ്യം സ്തംഭിക്കുകയുണ്ടായി. 1974 മെയ് മാസത്തിൽ പണിമുടക്ക് കാരണം ചരക്കുനീക്കവും ജനങ്ങളുടെ യാത്രയും റെയിൽവേ നിർത്തിവെച്ചു. ഇന്ദിരാ സർക്കാർ പ്രതിഷേധക്കാരെ ശക്തമായി നേരിടാനൊരുങ്ങി. ആയിരക്കണക്കിന് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുടുംബങ്ങളെ അവരുടെ താമസ സ്ഥലങ്ങളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തു.
ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺ സിംഗ്, രാജ് നാരായണൻ, ജെ.ബി. കൃപലാനി, അടൽ ബിഹാരി വാജ്‌പേയി, മധുലിമായെ, എൽ.കെ. അദ്വാനി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആർ.എസ്.എസ്, ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസിൽ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസും എ.കെ. ഗോപാലനെപ്പോലുള്ള കമ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്)) നേതാക്കളും ധാരാളം അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി.
അടിയന്തരാവസ്ഥയുടെ കാലത്ത് കേരളത്തിൽ സി.പി.ഐ നേതാവ് സി. അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി. കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു കെ. കരുണാകരൻ. കുപ്രസിദ്ധമായ രാജൻ കേസ് എന്ന ഉരുട്ടിക്കൊലക്കേസ് ഉണ്ടായത് അടിയന്തരാവസ്ഥക്കാലത്താണ്. അന്നത്തെ പോലീസ് ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ജയറാം പടിക്കൽ, സബ്ഇൻസ്‌പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് ആഭ്യന്തര മന്ത്രി കെ. കരുണാകരന് രാജിവെക്കേണ്ടിവന്നു. ഇതേ കാലയളവിൽ നടന്ന വർഗീസ് വധക്കേസിൽ വർഷങ്ങൾക്കു ശേഷം പുനരന്വേഷണം നടന്നതിനാൽ കുറ്റക്കാരായ മറ്റു പോലീസുദ്യോഗസ്ഥർക്ക് അവരുടെ വിശ്രമ ജീവിതകാലത്ത് ജയിൽ ശിക്ഷയനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അടിയന്തരാവസ്ഥക്കു ശേഷം നാൽപത്താറു വർഷങ്ങൾ പിന്നിട്ടു. നിലവിൽ 2014 മുതൽ അധികാരത്തിൽ തുടരുന്ന ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി ഭരണത്തിലേറിയതു മുതൽ ഫാസിസ്റ്റ് അജണ്ട കൃത്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കഴ്ചകളാണ് രാജ്യത്തുടനീളം. നാനാജാതി മതസ്ഥരും നൂറുകണക്കിന് ഭാഷകളും വൈവിധ്യമാർന്ന സംസ്‌കാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് നിറഞ്ഞാടുന്ന ഇന്ത്യ ഇന്ന് എത്തി നിൽക്കുന്ന സാഹചര്യം ഓരോ ദിവസം കഴിയുന്തോറും ഓരോരുത്തരുടെയും സമാധാനം തകർക്കുന്ന തരത്തിലാണ്.
നൂറ്റി മുപ്പത്തെട്ട് കോടിയിലധികം വരുന്ന രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പരിപാവനമായ ഭരണഘടന അനുശാസിക്കുന്ന വിധം അവനവന്റെ വിശ്വാസ ആചാരങ്ങൾക്കനുസരിച്ചു ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം പലർക്കും ലഭിക്കുന്നില്ല. രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾ ഇന്നും വർഗവർണ വിവേചനങ്ങൾക്കും വംശീയ അതിക്രമങ്ങൾക്കും പാത്രമായിക്കൊണ്ടിരിക്കുന്നു.
ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യവും നിർബന്ധിതവും സർവത്രികവുമായ വിദ്യാഭ്യാസവും ലഭിക്കാതെ ജീവിത സുഖമെന്തെന്നു പോലുമറിയാതെ ജീവിതം തള്ളിനീക്കുന്ന കോടിക്കണക്കിനാളുകൾ നാനാഭാഗങ്ങളിലും കഴിഞ്ഞു കൂടുന്നു. രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിന്റെ മുഖ്യ പങ്കും നൽകിവരുന്ന കാർഷിക മേഖല പുതിയ കാർഷിക നയത്തിൽ തകർന്നടിയുന്ന അവസ്ഥയിലേക്ക് പോകുന്നു. ആറു മാസക്കാലമായി നിലനിൽപിനു വേണ്ടിയുള്ള ലക്ഷക്കണക്കിന് കർഷകരുടെ പ്രക്ഷോഭം തുടരുന്നു. എന്നാൽ മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ കഷ്ടതകൾ മനസ്സിലാക്കാനോ പരിദേവനങ്ങൾക്കു ചെവികൊടുക്കാനോ തയാറാവാതെ സർക്കാർ മർക്കടമുഷ്ടി കാട്ടുകയാണ്. ഇതിനകം നൂറുകണക്കിന് കർഷകർ സമര ഭൂമിയിൽ മരിച്ചു വീണു. കശ്മീരിൽ ഭരണഘടനയുടെ 370 ാം വകുപ്പ് പ്രകാരമുണ്ടായിരുന്ന പ്രത്യേക അവകാശം എടുത്തുകളയുകയും ജമ്മു കശ്മീർ എന്ന സംസ്ഥാനം കശ്മീർ എന്നും ലഡാക് എന്നുമുള്ള രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത സർക്കാർ അവിടെ ഭരണം നടത്തിയിരുന്ന മുഖ്യമന്ത്രമാരടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കി ബാഹ്യബന്ധം ഇല്ലാതാക്കുകയും ചെയ്തു. ഇന്റർനെറ്റടക്കം വാർത്താ വിനിമയ സംവിധാനങ്ങൾ ജനങ്ങൾക്കു നിഷേധിക്കുന്ന തരത്തിലായിരുന്നു മാസങ്ങളോളം. അവിടെ നടക്കുന്നതെന്തെന്നു പോലും പുറംലോകമറിയാത്ത വിധമായിരുന്നു സർക്കാരിന്റെയും സൈന്യത്തിന്റെയും സംവിധാനങ്ങൾ ഉപയോഗിച്ച് കശ്മീരിനെ അടച്ചു പൂട്ടിയത്. പ്രതിഷേധക്കാരെ രാജ്യദ്രോഹികളാക്കുന്ന സ്ഥിരം നടപടി അവിടെയും അരങ്ങേറി.
രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടു രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അരങ്ങേറുകയുണ്ടായി. എന്നാൽ ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സർക്കാർ നീക്കം എന്നെന്നേക്കുമായി ജനിച്ച മണ്ണിൽ നിന്നും പുറത്തെറിയപ്പെടുമോയെന്ന ഇരകളുടെ ഭയം ശരിവെക്കുന്ന തരത്തിലാണ് മഹാമാരി ഭീതി വിതക്കുന്ന കാലത്തും നമ്മുടെ രാജ്യത്ത് ഏർപ്പെടുത്താനൊരുങ്ങുന്നത്. എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ, ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥി നേതാക്കൾ എന്നിവരെയെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞു കേസുകളിൽ പെടുത്തിയും രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തിയും വിചാരണ പോലുമില്ലതെ ജയിലുകളിൽ അടക്കുന്നു. കോടതികളെ പോലും തങ്ങളുടെ കൈപ്പിടിയിലൊതുക്കുന്ന വിധമാണ് ഭരണകൂടം പ്രവർത്തിക്കുന്നത്.
തല്ലിക്കൊലകൾ നിർബാധം അങ്ങോളമിങ്ങോളം നടമാടുന്നു. വാർത്താമാധ്യമ സംവിധാനങ്ങളും സാമൂഹിക മാധ്യമങ്ങളും ഉത്തരോത്തരം വികസിച്ചതിനാൽ തങ്ങൾ നടത്തുന്ന മനുഷ്യത്വ രഹിതമായ അക്രമങ്ങളും കൊലപാതകങ്ങളും കൊള്ളകളും പ്രതികൾ തന്നെ വീരകൃത്യമായി ലോകത്തിനു മുമ്പാകെ പ്രചരിപ്പിക്കുകയാണ്. അതേ സമയം ജനാധിപത്യവും സമാധാന ജീവിതവും കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരായ ഭരണകൂടവും അവരുടെ നിയന്ത്രണത്തിലുള്ള പോലീസും മറ്റു നീതിന്യായ സംവിധാനവുമെല്ലാം അക്രമികൾക്ക് വെളിച്ചം പകരുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്.