Sorry, you need to enable JavaScript to visit this website.

പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞ് കാറപകടത്തിൽ മരിച്ചു; ഡ്രൈവർക്ക് പിതാവ് മാപ്പ് നൽകി

നജ്‌റാൻ - അഞ്ചു വയസ് പ്രായമുള്ള സൗദി ബാലൻ ഫൈസൽ ബിൻ സഫർ ആലുലഅ്ജം കാറിടിച്ച് മരിച്ച കേസിൽ അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ബാലന്റെ പിതാവ് നിരുപാധികം മാപ്പ് നൽകി. ദൈവീക വിധിയിൽ താൻ തൃപ്തനാണെന്നും ദൈവീക പ്രീതി മാത്രം കാംക്ഷിച്ചാണ് ഡ്രൈവർക്ക് മാപ്പ് നൽകിയതെന്നും സഫർ ആലുലഅ്ജം പറഞ്ഞു. ഇരട്ട കുട്ടികളായ ഫൈസലിനെയും ഹൂറിനെയും വയോധികൻ ഓടിച്ച കാറിടിക്കുകയായിരുന്നു. ഇടുപ്പെല്ലിന് പരിക്കേറ്റ ഹൂർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗദിയിലും വിദേശങ്ങളിലുമായി പതിനാലു വർഷം നീണ്ട് നടത്തിയ ചികിത്സകൾക്കൊടവുവിലാണ് സഫർ ആലുലഅ്ജമിനും ഭാര്യക്കും ഇരട്ടക്കുട്ടികൾ പിറന്നതെന്ന് സഫറിന്റെ പിതൃസഹോദര പുത്രൻ അബ്ദുറഹ്മാൻ പറഞ്ഞു. 
നജ്‌റാനിലെ കിംഗ് ഫഹദ് പാർക്കിൽ ഉല്ലാസ യാത്രക്കിടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. രാത്രിയിൽ പാർക്കിൽ സ്‌കൂട്ടറിൽ കളിക്കുന്നതിനിടെ കുട്ടികൾ മതിയായ വെളിച്ചമില്ലാത്ത റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഇതാണ് കുട്ടികളെ ഡ്രൈവർ കാണാതിരിക്കാനും അപകടത്തിനും ഇടയാക്കിയത്.
 

Latest News