വാക്‌സിനെടുത്തവര്‍ക്ക് വരാം, വാതിലുകള്‍ തുറന്നിട്ട് ഈജിപ്ത്

കയ്‌റോ- വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കി ഈജിപ്ത്. ഇതിന് പിന്നാലെ യൂ ട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈജിപ്തിന്റെ ടൂറിസം പരസ്യങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈജിപ്ത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി രാജ്യം ഈ മാസം പല നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനം ടൂറിസം മേഖലയില്‍നിന്നാണ്.

ലോകമെമ്പാടും വാക്‌സിനേഷന്‍ നിര്‍ബന്ധമായതിനാല്‍ പല രാജ്യങ്ങളും അവരുടെ കോവിഡ് ട്രാവല്‍ പ്രോട്ടോക്കോള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ എടുക്കുന്ന ഇത്തരം നീക്കങ്ങള്‍ യാത്രാതടസങ്ങള്‍ ഒഴിവാക്കുകയും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കാരണമാകുകയും ചെയ്യും.

ഈജിപ്ത് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം വാക്‌സിനേഷന്‍ ലഭിച്ച യാത്രക്കാരുടെ കൈവശം ക്യുആര്‍ കോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. ഈജിപ്തും ലോകാരോഗ്യസംഘടനയും അംഗീകരിച്ച ആറ് വാക്‌സിനുകളില്‍ ഏതെങ്കിലുമായിരിക്കണം സ്വീകരിച്ചിട്ടുണ്ടാകേണ്ടത്. രണ്ടാമത്തെ ഡോസ് രാജ്യത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം സ്വീകരിച്ചതുമാകണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്. വൈറസ് ബാധ് അധികമുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരിക്കും.

 

 

Latest News