ലണ്ടന്‍- കോവിഡ്19 ബാധിതനായി പത്ത് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ 72 കാരന്‍ രോഗമുക്തി നേടി. ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ സ്വദേശിയായ ഡെവ് സ്മിത്ത് എന്നയാള്‍ക്കാണ് മാസങ്ങള്‍ക്ക് ശേഷം കോവിഡ് മുക്തിയുണ്ടായത്.
അദ്യം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനകളിലെല്ലാം സ്മിത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് പത്ത് മാസത്തോളം കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയേണ്ടി വന്നത്. 43 പ്രാവശ്യം പരിശോധനകള്‍ക്ക് വിധേയമായെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് പ്രാവശ്യം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നതോടെ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന തോന്നല്‍ ശക്തമായിരുന്നുവെന്നും സ്മിത്തിന്റെ ഭാര്യ ലിന്‍ഡ പറഞ്ഞു.
കോവിഡ് ബാധിതനായതോടെ കഴിഞ്ഞ ഒരു വര്‍ഷമായി നരകതുല്യമായ അവസ്ഥയിലൂടെയാണ് കുടുംബം കടന്ന് പോയതെന്ന് ലിന്‍ഡ പറഞ്ഞു. സ്മിത്തിനൊപ്പം ഒരേ വീട്ടില്‍ താനും മാസങ്ങളോളം ക്വാറന്റൈനില്‍ കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മരിച്ചെന്ന് കരുതി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ വരെ നടന്നിരുന്നുവെന്ന് സ്മിത്ത് പറഞ്ഞു.
സ്മിത്തിന്റെ ശരീരത്തില്‍ സജീവ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ബ്രിസ്റ്റന്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റ് എഡ് മോറന്‍ പറഞ്ഞു. യു എസിലെ ബയോടെക് സ്ഥാപനമായ റിജെനറോണ്‍ വികസിപ്പിച്ച സിന്തറ്റിക് ആന്റിബോഡികളുടെ മിശ്രിതം ഉപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് സ്മിത്ത് കോവിഡ് മുക്തി നേടിയത്.
അദ്ദേഹത്തിന് നല്‍കിയ ചികിത്സ ബ്രിട്ടനില്‍ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. സ്മിത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ ചികിത്സ നല്‍കേണ്ടി വന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും തുടര്‍ച്ചയായ കാലം കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് സ്മിത്തിന്റെ പേരിലാണ്.