Sorry, you need to enable JavaScript to visit this website.

വടകരയിലെ എ.ടി.എമ്മിൽ സ്‌കിമ്മർ സ്ഥാപിച്ച് ലക്ഷങ്ങൾ  തട്ടിയെടുത്ത പ്രതി ദൽഹിയിൽ പിടിയിൽ 

സുഗീത് വർമ്മ

വടകര- വടകരയിലെ എ.ടി.എമ്മിൽ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി ദൽഹിയിൽ പിടിയിലായി. ദൽഹി മജ്ബൂർ ദർഗാ സ്ട്രീറ്റിലെ സുഗീത് വർമ്മ (41)യാണ് പിടിയിലായത്. 
ഇന്നലെ പുലർച്ചെ ഇയാളെ വടകരയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വടകര കടമേരിയിലെ പടിഞ്ഞാറക്കണ്ടിയിൽ സുബൈർ(33), കായക്കൊടി മടത്തുംകുനി ഷിബിൻ (23) എന്നിവരെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
പുതിയ ബസ് സ്റ്റാന്റിനടുത്ത പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ചാണ് അക്കൗണ്ടിലെ വിശദ വിവരങ്ങൾ മനസിലാക്കി പണം പിൻവലിച്ചത്. എ.ടി.എമ്മിൽ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ചത് സുഗീത് വർമ്മയാണെന്ന് ഡിവൈഎസ്പി മൂസ വള്ളിക്കാടൻ പറഞ്ഞു. ഇയാൾക്ക് പുറമെ ദൽഹിക്കാരായ രണ്ട് പേർ കൂടിയുണ്ട്. അവരെ കണ്ടെത്താൻ അന്വഷണ സംഘത്തിലെ ഒരു സംഘം പോലീസുകാർ ദൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 


ഡാറ്റ ശേഖരിച്ച് ഉത്തരേന്ത്യയിലേക്ക് മടങ്ങി അവിടെ നിന്നാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. വടകര മേഖലയിലെ 108 പേരുടെ ഡാറ്റയാണ് ഇവർ ശേഖരിച്ചത്. ഇതിൽ 30 ഓളം പേർക്ക് ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്കിന്റെ സന്ദേശം മൊബൈൽ ഫോണിലെത്തിയപ്പോഴാണ് പിൻവലിച്ച വിവരം അക്കൗണ്ട് ഉടമകൾ അറിയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മൂന്നു പേരും വടകരയിലെ ഒരു ലോഡ്ജിൽ തങ്ങിയതായി നേരത്തെ പോലീസ് മനസിലാക്കിയിരുന്നു. 
തുടർന്നാണ് നാട്ടുകാരായ മൂന്നു പേരെ അറസ്റ്റ് ചെയ്തത്. അവരിൽ നിന്നാണ് ഉത്തരേന്ത്യക്കാരിലേക്ക് അന്വഷണം നീങ്ങിയത്. ദൽഹിയിൽ നിന്ന് വടകരയിലെത്തിച്ച പ്രതിയെ എ.ടി.എം കൗണ്ടറിലെത്തിച്ച് തെളിവെടുത്തു. 


എസ്.ഐ പി.കെ സതീശ്, എ.എസ്.ഐ പി.രാജേഷ്, സിസിപി ഒ.ഐ കെ.ഷിനു, കെ.കെ സിജേഷ്, പി.കെ റിഥേഷ്, സിപിഒമാരായ പി.പ്രദീപ്കുമാർ, പി.വി ഷിനിൽ എന്നിവരാണ് ദൽഹിയിൽ പോയി പ്രതിക്കായി തെരച്ചിൽ നടത്തിയത്. പ്രതിയെ പിടികൂടാൻ ദൽഹി പോലീസും സഹായിച്ചു.  

 


 

Latest News