ഇസ്രായില്‍ എംബസി സ്‌ഫോടനം; നാല് വിദ്യാര്‍ഥികളെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഇസ്രായില്‍ എംബസിയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികളെ ലഡാക്കില്‍നിന്ന് ദല്‍ഹി പോലീസ് പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തു. കാര്‍ഗിലില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ ദല്‍ഹിയില്‍ ചോദ്യം ചെയ്തുവരികയാണ്.
നാസിര്‍ ഹുസൈന്‍ (26), സുല്‍ഫിക്കര്‍ അലി വസീര്‍ (25), അയാസ് ഹുസൈന്‍ (28), മുസമ്മില്‍ ഹുസൈന്‍ (25) എന്നിവരാണ് പിടിയിലായത്. എല്ലാവരും ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ താംഗ് ഗ്രാമത്തില്‍നിന്നുള്ളവരാണ്.  
ദല്‍ഹിയിലെ ഇസ്രായില്‍ എംബസിക്കു പുറത്ത് ജനുവരി 29നായിരുന്നു നിസ്സാര സ്‌ഫോടനം.
ദല്‍ഹിയില്‍ വീട് വാടകക്കെടുത്ത് താമസിച്ചിരുന്ന ഇവരുടെ ഫോണുകള്‍ സ്‌ഫോടനം നടന്ന ദിവസം സ്വിച്ച് ഓഫായിരുന്നുവെന്നും തുടര്‍ന്ന് ഇവര്‍ വീട് ഒഴിവാക്കി പോയെന്നും പോലീസ് പറയുന്നു. ദല്‍ഹിക്കു പുറമെ, ഇവര്‍ എവിടെയൊക്കെ താമസിച്ചിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. പോലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.

 

Latest News