Sorry, you need to enable JavaScript to visit this website.

ഓൺലൈൻ പഠന കാലത്ത് കൂട്ടുകാരുടെ ചിത്രവുമായി അധ്യാപകരുടെ 'പുതുവർഷ' സമ്മാനം

ഫിയാം ജുനൈദ് ഓൺലൈൻ ക്ലാസിലൂടെ പരിചയപ്പെട്ട  പ്രിയ കൂട്ടുകാരൻ ആസിഫിനെ വല്യുമ്മ ഹഫ്‌സയെയും സഹോദരങ്ങളായ ഫൈഹ, ഫാദിൽ എന്നിവർക്കും പരിചയപ്പെടുത്തുന്നു.
അധ്യാപകർ വീട്ടിലെത്തി കുട്ടിക്ക് കലണ്ടർ സമ്മാനിക്കുന്നു

പൂഞ്ഞാർ- ഇത് ഓൺലൈൻ പഠന കാലം. കൂട്ടുകാരുമായി കൂട്ടുകൂടി ക്ലാസ് മുറികളിലും സ്‌കൂൾ മുറ്റങ്ങളിലും കലപില കൂടാൻ കഴിയാത്ത കാലം. എങ്കിലും അവർ 'കിലുക്കാംപെട്ടി' വാട്‌സാവപ്പ് ഗ്രൂപ്പിലൂടെ കൂട്ടുകാരായി. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന അവർ ഇപ്പോൾ രണ്ടാം ക്ലാസിലായി. എങ്കിലും പലർക്കും തിരിച്ചറിയാൻ കഴിയുന്നില്ല. പരിഹാരമായി കുട്ടികൾക്ക് കൂട്ടുകാരെ കാണാനും ഓർത്തു വെക്കാനും അധ്യാപകർ ഒരുക്കിയത് വ്യത്യസ്തമായ വഴി. 


ക്ലാസിലെ 48 കുട്ടികളുടേയും ഫോട്ടോ ഒരു ഫ്രെയിമിൽ നിരത്തി ഭിത്തിയിൽ സ്ഥാപിക്കാവുന്ന രീതിയിൽ കലണ്ടർ രൂപത്തിലാക്കുകയായിരുന്നു അധ്യാപകർ ചെയ്തത്. മധുര പലഹാരങ്ങളോടൊപ്പം അധ്യാപകർ തന്നെ ഇത് കുട്ടികൾക്ക് വീടുകളിലെത്തിച്ചു നൽകി. കലണ്ടർ കണ്ടതോടെ കുട്ടികൾക്ക് അതിയായ സന്തോഷം. തങ്ങളുടെ കൂട്ടുകാരെ അവർ കൺനിറയെ കണ്ടു. അത്യുത്സാഹത്തോടെ അവരെ മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ പരിചയപ്പെടുത്തി.

പൂഞ്ഞാർ ജി.എൽ.പി സ്‌കൂളിലെ അധ്യാപികമാരായ കെ. ലക്ഷ്മി പ്രിയയും സജിദ എ. ഖാദറുമാണ് ഈ ആശയത്തിനു പിന്നിൽ. സഹപാഠികൾ ആരൊക്കെയാണ് എന്നറിയാനുള്ള ആകാംക്ഷ കൂട്ടികളിൽ ഉയർന്നതോടെയാണ് ഈ ആശയം രൂപപ്പെട്ടത്. എല്ലാ കുട്ടികളുടേയും ഫോട്ടോയും പേരും കലണ്ടറിലുണ്ട്. കൂട്ടുകാർ ഒപ്പമുണ്ടെന്ന ചിന്ത കുട്ടികളിലുണ്ടാക്കുന്നതാണ് ലക്ഷ്യമെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരുടെ ആശയത്തിനു പ്രധാനാധ്യാപിക എൻ.കെ. സജിമോൾ പൂർണ പിന്തുണ നൽകിയതോടെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 


 


 

Latest News