കോഴിക്കോട്- രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആരോപിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് യോഗവും പ്രവർത്തക സമിതിയും അംഗീകരിച്ച പ്രമേയത്തിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സുരേന്ദ്രനെതിരേ യുഎപിഎ ചുമത്തണം. രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായാണോ് പോലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മുസ്‌ലിം സ്‌കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ പോകുക, ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് വിശ്വാസികളുടെ എണ്ണം നിശ്ചയിക്കുക എന്നീ പ്രമേയങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താനുള്ള കർമപദ്ധതികളും യോഗം മുന്നോട്ടു വെച്ചതായി ഭാരവാഹികൾ അറിയിച്ചു. പാർട്ടിയുടെ ആശയം പ്രചരിപ്പിക്കുന്നതിന് വിപുലമായി പരിപാടികളാവിഷ്‌കരിക്കുവാനും തീരുമാനമെടുത്തു. വാർത്താസമ്മേളനത്തിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, വൈസ് പ്രസിഡന്റ് ഫൈസൽ ബാഖഫി തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ പങ്കെടുത്തു.






