Sorry, you need to enable JavaScript to visit this website.

റിയാദിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിനെ കുറിച്ച് പഠനം

റിയാദ്- തലസ്ഥാന നഗരയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിനെ കുറിച്ച് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പഠനമാരംഭിച്ചു. വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ച് പുതിയ വിമാന കമ്പനി ആരംഭിക്കാനും ഫണ്ടിന് നീക്കമുണ്ട്. ഈ വിമാന കമ്പനിയുടെ ആസ്ഥാനമായി പുതിയ വിമാനത്താവളം നിർമിക്കുന്നതിനെ കുറിച്ചാണ് ഫണ്ട് പഠനം നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 
സൗദിയിൽ പുതിയ വിമാനക്കമ്പനി ആരംഭിക്കാൻ നീക്കമുള്ളതായി ഈ വർഷാദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടൂറിസ്റ്റുകൾക്കും വ്യവസായികൾക്കുമാണ് പുതിയ വിമാനക്കമ്പനി പ്രധാനമായും സേവനം നൽകുക. പുതിയ വിമാന കമ്പനി പ്രവർത്തനം തുടങ്ങുന്നതോടെ നിലവിലെ ദേശീയ വിമാന കമ്പനിയായ സൗദിയ ജിദ്ദ ആസ്ഥാനമായി റിലീജ്യസ് ടൂറിസം മേഖലക്ക് ഊന്നൽ നൽകും. 


2030 ഓടെ പ്രതിവർഷം 10 കോടി വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് പുതിയ വിമാനത്താവളം കരുത്തുപകരും. 2019 ൽ സൗദി അറേബ്യ സന്ദർശിച്ച വിദേശ വിനോദ സഞ്ചാരികളുടെ ആറിരട്ടി ടൂറിസ്റ്റുകളെയാണ് 2030 ൽ രാജ്യം ലക്ഷ്യമിടുന്നത്. പുതിയ വിമാനത്താവള പദ്ധതി ആസൂത്രണത്തിന്റെ ആദ്യ ഘട്ടത്തിലാണ്. പുതിയ എയർപോർട്ടിന്റെ വലിപ്പമോ നിർമാണം പൂർത്തിയാക്കാനുള്ള സമയക്രമമോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. 
2030 ഓടെ പ്രതിവർഷം മൂന്നു കോടി ഹജ്, ഉംറ തീർഥാടകരെ സ്വീകരിക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നു. 2018 ൽ മക്കയിലെത്തിയ ഹജ്, ഉംറ, സിയാറത്ത് തീർഥാടകർ 2000 കോടിയിലേറെ ഡോളർ ചെലവഴിച്ചതായാണ് കണക്കാക്കുന്നത്. ഇത് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 2.7 ശതമാനത്തിന് തുല്യമാണ്. 

 

Latest News