Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

നാൽപത് വർഷത്തെ പ്രവാസാനുഭവം അഷ്‌റഫ് വടക്കേവിള നാട്ടിലേക്ക് മടങ്ങുന്നു

റിയാദ്- നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അഷ്‌റഫ് വടക്കേവിള നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അഷ്‌റഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമെന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകൾ ലഭിച്ച സാമൂഹ്യ പ്രവർത്തകരിൽ ഒരാളാണ്. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോൾ തന്നെ റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മകളേയും മുഖ്യധാരാ സംഘടനകളേയും കൂട്ടിയിണക്കി അത്തരം സംഘടനകളുടെയെല്ലാം ഒരു കോർഡിനേഷൻ കമ്മിറ്റി എന്ന നിലയിൽ എൻ.ആർ.കെ ഫോറം രൂപീകരിക്കുന്നതിലും അതിന്റെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിലും മുഖ്യ പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു അഷ്‌റഫ് വടക്കേവിള. അതോടൊപ്പം റിയാദിലെ മറ്റു മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ പ്രവാസി സംഘടനകളുമായി നല്ല ബന്ധം നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
1982 നവംബറിലാണ് അഷ്‌റഫ് വടക്കേവിള തന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത്. റിയാദിലെത്തിയതിന്റെ അടുത്ത ദിവസം തന്റെ ജൻമ ദിനം കൂടിയായ നവംബർ 20 നു ഐ.ആന്റ് സൗദി അറേബ്യ എന്ന ഒരു അമേരിക്കൻ കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ കിംഗ് അബ്ദുൽ അസീസ് മിലിറ്ററി അക്കാദമിയിൽ കാറ്ററിംഗ് സെക്ഷനിൽ ജോലിയിൽ പ്രവേശിച്ചു. അതിനു ശേഷം മറ്റൊരു കമ്പനിയുടെ സ്‌പോൺസർഷിപ്പിലേക്ക് മാറി. ഏകദേശം നാലു വർഷം കഴിഞ്ഞ് ജോലി ചെയ്തിരുന്ന പ്രൊജക്റ്റ് മിനിസ്ട്രി ഓഫ് ഡിഫൻസ് ഏറ്റെടുക്കുകയും എല്ലാ ജീവനക്കാരും മിനിസ്ട്രിയുടെ സ്‌പോൺസർഷിപ്പിൽ ആകുകയും ചെയ്തു. താമസിയാതെ സൂപ്പർവൈസറായി ജോലിയിൽ പ്രൊമോഷൻ ലഭിക്കുകയും തുടർന്ന് ആ ജോലിയിൽ തന്നെ തുടരുകയുമായിരുന്നു.
റിയാദിലെ പൊതുപ്രവർത്തന കാലയളവിൽ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും അഷ്‌റഫ് വടക്കേവിള നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. 1995 ൽ കേരള ദേശീയ വേദിയുടെ പ്രസിഡന്റ്്, 1997 ൽ റിയാദ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ആർ.ഐ.സി.സി) ജനറൽ സെക്രട്ടറി, 1989 മുതൽ 2004 വരെ നെഹ്‌റു സാംസ്‌കാരിക വേദിയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, 2005 ൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, 2013 ൽ എൻ.ആർ.കെ വെൽഫെയർ ഫോറം എക്‌സിക്യൂട്ടീവ് മെമ്പർ, ട്രഷറർ, ജനറൽ കൺവീനർ, നിലവിൽ ചെയർമാൻ എന്നീ സ്ഥാനങ്ങളും കൂടാതെ 2000 മുതൽ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ബത്ഹ അഗ്‌നിബാധ ദുരിതാശ്വാസ പ്രവർത്തനങ്ങളും കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എൻ.ആർ.കെ വെൽഫെയർ ഫോറം നടത്തിയ ദുരിതാശ്വാസ നിധി ഏകോപനത്തിലും വടക്കേവിളയുടെ നേതൃത്വം അവിസ്മരണീയമാണ്.
കൊല്ലം വടക്കേവിളയാണ് സ്വദേശം. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. ബി.ടെക് ബിരുദധാരിയായ മൂത്ത മകൾ നിഷ ബാദുഷ വിവാഹിതയാണ്. രണ്ടാമത്തെ മകൻ സൽമാൻ അഷ്‌റഫ് എം.ടെക് ബിരുദധാരിയാണ്. ഐ.ടി.ഐ ഡിപ്ലോമ ഹോൾഡർ ആയ സുൽത്താൻ അഷ്‌റഫ് ആണ് മൂന്നാമത്തെ മകൻ. എട്ട് വർഷത്തോളം കുടുംബം റിയാദിലുണ്ടായിരുന്നു. ജൂൺ 26 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ എൻ.ആർ.കെ വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകും.
 

Tags

Latest News