Sorry, you need to enable JavaScript to visit this website.

ഏപ്രിലിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ സൗദിക്ക് വൻ വളർച്ച

റിയാദ് - ഏപ്രിൽ മാസത്തിൽ സൗദി അറേബ്യയിൽനിന്നുള്ള എണ്ണ കയറ്റുമതി വരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ എണ്ണ കയറ്റുമതി വരുമാനം 109 ശതമാനം കണ്ട് വർധിച്ചു. അതായത് 2,700 കോടി റിയാലിന്റെ വർധന. 
ഏപ്രിലിൽ 5170 കോടി റിയാലിന്റെ (1379 കോടി ഡോളർ) എണ്ണ കയറ്റുമതി ചെയ്തു. 2020 ഏപ്രിലിൽ ഇത് 2470 കോടി റിയാലായിരുന്നു. കൊറോണ വ്യാപനത്തോടെ ആഗോള വിപണിയിൽ എണ്ണ വില കൂപ്പുകുത്തിയതാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ കയറ്റുമതി വരുമാനം കുത്തനെ കുറയാൻ ഇടയാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ എണ്ണ വില ഏറെ മെച്ചപ്പെട്ടിരുന്നു. ഏപ്രിലിൽ പെട്രോളിതര കയറ്റുമതി 46.3 ശതമാനം തോതിലും ഇറക്കുമതി 17.4 ശതമാനം തോതിലും വർധിച്ചു. 


ഏപ്രിലിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതിയുടെ 72.5 ശതമാനം എണ്ണയാണ്. 2020 ഏപ്രിലിൽ ഇത് 64.8 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ആകെ കയറ്റുമതിയിൽ എണ്ണ 70 ശതമാനമായിരുന്നു. ഏപ്രിലിൽ പെട്രോളിതര കയറ്റുമതി 1960 കോടി റിയാലായി ഉയർന്നു. 2020 ഏപ്രിലിൽ പെട്രോളിതര കയറ്റുമതി 1340 കോടി റിയാലായിരുന്നു. എന്നാൽ മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ പെട്രോളിതര കയറ്റുമതി കുറഞ്ഞു. മാർച്ചിൽ 2250 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചിരുന്നു. 


ഏപ്രിലിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതി 64 ശതമാനം തോതിൽ വർധിച്ചു. ഏപ്രിൽ എണ്ണയും പെട്രോളിതര ഉൽപന്നങ്ങളും അടക്കം ആകെ 7130 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ ലോക രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകെ കയറ്റുമതി 3810 കോടി റിയാലായിരുന്നു. ഏപ്രിൽ മാസത്തിൽ ഇറക്കുമതി 4910 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഏപ്രിലിൽ ഇറക്കുമതി 4180 കോടി റിയാലായിരുന്നെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 
ഏപ്രിലിലെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്ന സ്ഥാനം ചൈന നിലനിർത്തി. ചൈനയിലേക്കുള്ള കയറ്റുമതി ഏപ്രിലിൽ 1290 കോടി റിയാലായി ഉയർന്നു. 2020 ഏപ്രിലിൽ ഇത് 700 കോടി റിയാലായിരുന്നു. ഏപ്രിലിൽ ചൈനയിൽ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി 920 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഏപ്രിൽ മാസത്തിൽ ചൈനയിൽ നിന്ന് 800 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 

 

Latest News