Sorry, you need to enable JavaScript to visit this website.

സ്ത്രീധനം: ക്രൂരം, ലജ്ജാകരം, മനുഷ്യത്വരഹിതം 

കേരളത്തെ ഞെട്ടിപ്പിക്കുന്ന സ്ത്രീധന മരണങ്ങളുടെ വാർത്തകളാണ് ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മരണപ്പെട്ടവരും കുടുംബങ്ങളും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരോ ഉന്നത വിദ്യാഭ്യാസമില്ലാത്തവരോ അല്ല. സമൂഹത്തിൽ അന്തസും സ്വാധീനവുമുള്ള കുടുംബങ്ങളിൽ പെട്ട വിദ്യാസമ്പന്നരും ഭേദപ്പെട്ട ഉദ്യോഗങ്ങൾ നിർവഹിക്കുന്നവരുമാണ്.  വിസ്മയ, അർച്ചന, അഖില, സുചിത്ര, ലിജി, പ്രിയങ്ക തുടങ്ങിയ എത്രയെത്ര പേരുകളാണ് അടുത്ത ദിവസങ്ങളിലായി ജീവിതം അവസാനിപ്പിച്ചത്. അവസാനമായി പുണ്യനഗരിയായ മക്കയിൽ ജോലി ചെയ്തുവന്നിരുന്ന നഴ്‌സിന്റെ ആത്മഹത്യയുടെ കാരണവും സ്ത്രീധനമാണെന്ന് കുടുംബം ആരോപിക്കുന്നു. കേരളം വളരെയേറെ ചർച്ച ചെയ്ത ഉത്രയുടെ കൊലപാതകം നടന്നിട്ട് ഒരു വർഷം തികയുമ്പോഴാണ് സ്ത്രീധന ആത്മഹത്യകളുടെ പേരിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നത്.
പുരുഷമേധാവിത്വങ്ങൾ തമ്മിലുള്ള 'ഡീലുകൾ'ക്കിടയിൽ കയർക്കുരുക്കുകളിലും അഗ്‌നിനാളങ്ങളിലും ജീവിതം സ്വയം നശിപ്പിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള നമ്മുടെ സഹോദരിമാർക്ക് ഇനിയെന്നാണ് മോചനമുണ്ടാവുക? സതി എന്ന ദുരാചാരം നിരോധിക്കപ്പെട്ടതിന്റെ വലിയ വർത്തമാനങ്ങൾ പറഞ്ഞ് ദുരഭിമാനം കൊള്ളുന്ന ഭാരതീയ സമൂഹത്തിന്റെ കാപട്യമാണ് സ്ത്രീധനദുരന്തങ്ങളിലൂടെ പുറത്തുവരുന്നത്. പണ്ടെന്നോ നടന്ന വിപ്ലവത്തിന്റെ വീമ്പുപറച്ചിലിലല്ല, ജീവിക്കുന്ന സമൂഹത്തിൽ ആത്മാഹുതിയിലേക്ക് കയറെടുത്തു പായുന്ന പെണ്ണുടലുകളെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്താൻ സാധിക്കുന്ന, പ്രതികരണങ്ങൾ പ്രവർത്തനങ്ങളിലൂടെ കാണിച്ചുകൊടുക്കുന്ന യഥാർഥ വിപ്ലവകാരിയുടെ ആർജവമാണ് നാടിന് ആവശ്യമായിട്ടുള്ളത്. 
സ്ത്രീ ഒരു കച്ചവടച്ചരക്കാണ് നമ്മുടെ നാട്ടിൽ. വിവാഹം അതിനുള്ള കമ്പോളവുമാണ്. പ്രായം കൂടി വരുന്ന പെൺമക്കൾ ഭാരമാണെന്ന ചിന്തയാണ് നാട്ടിലുള്ളത്. എങ്ങനെയെങ്കിലും കെട്ടിച്ചുവിടണമെന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്. വിവാഹപ്രായം കഴിഞ്ഞിട്ടും വീട്ടിൽ കഴിയുന്ന പെണ്ണിനെ ഒരു 'മുടക്കാച്ചരക്കായി'ട്ടാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. ഇവിടെ തുടങ്ങുന്നു പെണ്ണിന്റെ പ്രശ്‌നം. 'എങ്ങനെയെങ്കിലും' വീട്ടിൽ നിന്നിറക്കി വിടാനുള്ള നെട്ടോട്ടത്തിൽ പെണ്ണിന്റെ മനസ്സും അവളുടെ ആഗ്രഹങ്ങളും വിഷമങ്ങളും അറിയാൻ ആരും തയാറാവുന്നില്ല. 'എത്ര' കൊടുത്തിട്ടാണെങ്കിലും തരക്കേടില്ല, അവൾ വീടിന്റെ പടിയിറങ്ങിക്കിട്ടിയാൽ മതിയെന്ന 'സമാശ്വാസം' ആണ് അവളുടെ രക്ഷിതാക്കൾക്കുള്ളത്. അവളെ ഏറ്റെടുക്കാൻ വരുന്ന പുരുഷന്റെ സ്വഭാവമോ അയാളുടെ കുടുംബത്തിന്റെ സാംസ്‌കാരികാവബോധമോ ഒന്നും ആർക്കും പ്രശ്‌നമല്ല. 
ഒരു പെൺകുട്ടിയെ ആരെയാണോ ഏൽപിക്കുന്നത് അയാളുടെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാറ്റസ് സ്വഭാവവും സംസ്‌കാരവുമായിരിക്കണം. അങ്ങനെയുള്ള ഒരാളുടെ കരങ്ങളിൽ മാത്രമേ ഒരു സ്ത്രീ സുരക്ഷിതയാവൂ. പണത്തിന്റെ പിറകെ ഓടുന്നവനെയോ ഏതു നിമിഷവും അസ്തമിക്കാവുന്ന സൗന്ദര്യത്തിനു ചുറ്റും കണ്ണും നട്ടിരിക്കുന്നവനെയോ തറവാട്ടുമഹിമയുടെ പൂമുഖത്ത് അഹങ്കാരത്തിന്റെ കസേരയിട്ടിരിക്കുന്ന 'മാന്യദേഹങ്ങളെ'യോ ആണ് നാം ഏൽപിക്കുന്നതെങ്കിൽ ജീവിതം അത്ര സുഖകരമാവില്ല. അതുകൊണ്ടാണ് മുഹമ്മദ് നബി (സ്വ) പറഞ്ഞത്: 'മതബോധവും സംസ്‌കാരവുമുള്ള ഒരാൾ നിങ്ങളുടെ മകൾക്ക് വിവാഹം ആലോചിച്ച് കടന്നുവന്നാൽ, അയാൾക്ക് നിങ്ങൾ വിവാഹം ചെയ്തുകൊടുക്കുക. ഇല്ലെങ്കിൽ വലിയ കുഴപ്പങ്ങളും നാശങ്ങളുമായിരിക്കും സംഭവിക്കുക.' (മിശ്കാത്തുൽ മസാബീഹ് 3090). മതപരമായ വിശ്വാസ കാര്യങ്ങളും കർമ കാര്യങ്ങളും ഉൾക്കൊണ്ടവൻ മാത്രമായിക്കൂടാ, അയാളുടെ സംസ്‌കാരവും സ്വഭാവവും പരിഗണിക്കേണ്ടതുണ്ട് എന്നാണ് പ്രവാചകൻ പറഞ്ഞതിന്റെ പൊരുൾ. മാത്രവുമല്ല, അത്തരക്കാരെ നിങ്ങൾ സമ്പത്തില്ലെന്നും സൗന്ദര്യമില്ലെന്നും നിങ്ങൾ കണക്കാക്കുന്ന മറ്റു യോഗ്യതകൾ ഇല്ലെന്നും പറഞ്ഞുകൊണ്ട് ഒഴിവാക്കുകയും മതവും സംസ്‌കാരവുമല്ലാത്ത മറ്റു ഘടകങ്ങൾ പരിഗണിച്ചുകൊണ്ട് പെൺകുട്ടിയെ അത്തരക്കാർക്ക് വിവാഹം ചെയ്തുകൊടുക്കുകയുമാണെങ്കിൽ തീർച്ചയായും വലിയ കുഴപ്പങ്ങളാണുണ്ടാകുക എന്ന മുന്നറിയിപ്പുകൂടി നബി (സ്വ) നൽകുകയുണ്ടായി. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 
വിവാഹം ചെയ്യാൻ പോകുന്ന പുരുഷനും അന്വേഷിക്കേണ്ടത് സത്‌സ്വഭാവവും സംസ്‌കാരവുമുള്ള ഒരു സ്ത്രീയെയാണ്. വിവാഹത്തിന്റെ ആദ്യനാളുകളിലെ ചേഷ്ടകളല്ല വിവാഹത്തെ താങ്ങി നിർത്തുന്ന സ്തംഭം. പണവും ജോലിയും വിദ്യാഭ്യാസവും സൗന്ദര്യവുമൊന്നുമല്ല മനസ്സമാധാനം നൽകുന്ന മൂലക്കല്ലുകൾ. മറിച്ച് മനസ്സിന്റെ അകത്തളങ്ങളിൽ നിന്നും ആത്മാർഥമായി ഉണ്ടാവുന്ന സ്വഭാവ നൈർമല്യമാണ് വിവാഹത്തെ അനശ്വരമാക്കി നിർത്തുന്നത്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം അറിവായിരിക്കണം. കാര്യങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടയാളം. ഡിഗ്രികളുടെ എണ്ണമോ വണ്ണമോ അല്ല, പ്രൊഫഷന്റെ ഭംഗിയും ലഭിക്കുന്ന ശമ്പളത്തിന്റെ പ്രൗഢിയുമല്ല വിദ്യാഭ്യാസത്തിന്റെ മൂല്യം. ധാർമികബോധവും സംസ്‌കാരവുമുള്ള ഒരു പെൺകുട്ടിയെ അന്വേഷിക്കാനാണ് പ്രവാചകൻ നിർദേശിച്ചത്. അദ്ദേഹം പറഞ്ഞു: 'നാല് കാര്യങ്ങളാണ് ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടുമ്പോൾ പരിഗണിക്കപ്പെടാറുള്ളത്. സ്വത്ത്, സൗന്ദര്യം, തറവാട്ടുമഹിമ, സംസ്‌കാരം. അൽപം കഷ്ടപ്പെടേണ്ടിവന്നാലും സംസ്‌കാരമുള്ളവളെ തെരഞ്ഞെടുക്കുക.' (ബുഖാരി 5090). സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും പരസ്പരം വസ്ത്രങ്ങളായി സംരക്ഷണവലയങ്ങൾ തീർക്കുവാനും വേണ്ടിയാണ് വിവാഹം എന്ന അനുഗ്രഹീതമായ ബന്ധത്തെ സ്രഷ്ടാവ് മനുഷ്യന് സമ്മാനിച്ചിട്ടുള്ളത്. 
വിവാഹം വളരെ ലളിതമാണ്. അതിന് സാമ്പത്തികബാധ്യതകളില്ല. വിവാഹം കഴിഞ്ഞാൽ വധുവിന്റെ കാര്യങ്ങൾ നിർവഹിക്കുവാനുള്ള പ്രാപ്തി പുരുഷനുണ്ടായിരിക്കണം. അതുമാത്രമാണ് വിവാഹത്തിലെ സാമ്പത്തിക ചെലവ്. മറ്റു ചെലവുകളെല്ലാം മനുഷ്യർ ഉണ്ടാക്കിയെടുത്ത അനാവശ്യ ചെലവുകളാണ്. സംരക്ഷണ ബാധ്യത പുരുഷനാണ്. ഈ ബാധ്യത സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് നിഷിദ്ധമാണ്. ജീവിതകാലം മുഴുവൻ കഴിയാനുള്ള സമ്പത്ത് പണമായോ പണ്ടമായോ പറമ്പായോ കാറായോ ബിസിനസായോ സ്ത്രീയിൽനിന്നും വസൂലാക്കുന്ന ഏർപ്പാടാണ് സ്ത്രീധനം. ഇത് ഇസ്‌ലാം അനുവദിച്ചതല്ല.  പുരുഷൻ സ്ത്രീക്കാണ് നൽകേണ്ടത്. 
'മഹ്ർ' എന്ന പേരിൽ അറിയപ്പെടുന്ന ഇത് സ്ത്രീയിൽനിന്നും തിരിച്ചുവാങ്ങാൻ പുരുഷന് അവകാശമില്ല. പരസ്പരമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മഹ്‌റിൽ നിന്നും സ്ത്രീക്ക് തന്റെ ഭർത്താവിന് നൽകുന്നതിന് വിരോധവുമില്ല. 'സ്ത്രീകൾക്ക് അവരുടെ വിവാഹമൂല്യങ്ങൾ (മഹ്ർ) മനഃസംതൃപ്തിയോട് കൂടി നിങ്ങൾ നൽകുക. ഇനി അതിൽ നിന്ന് വല്ലതും സൻമനസ്സോടെ അവർ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂർവം സുഖമായി ഭക്ഷിച്ചു കൊള്ളുക.' (ഖുർആൻ 4:4). 
സ്വതന്ത്രരും അടിമകളുമായിട്ടുള്ളവരിൽനിന്ന് നല്ലവരെ വിവാഹം കഴിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഖുർആൻ പറഞ്ഞ കാര്യം വിശ്വാസികൾക്ക് ആശ്വാസം നൽകുന്നതാണ്. ഖുർആൻ പറയുന്നു: 'അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ്. 
അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രെ.' (24:32). വിവാഹം ചെയ്യപ്പെടുന്ന സ്ത്രീകൾ സാമ്പത്തികമായി കാര്യമായി ഒന്നുമില്ലാത്തവരാണെങ്കിൽ അവരെ ഉപേക്ഷിക്കുന്നതിന് പകരം അവരെ ഏറ്റെടുത്ത് വിവാഹം ചെയ്യാനാണ് അല്ലാഹു പ്രേരിപ്പിക്കുന്നത്. അതിന്റെ പേരിൽ നിങ്ങൾ ദാരിദ്ര്യം ഭയപ്പെടേണ്ടതില്ല.  വിവാഹം ചെയ്തുകഴിഞ്ഞാൽ അല്ലാഹു അവന്റെ അനുഗ്രഹത്തിൽനിന്ന് ഐശ്വര്യം നൽകുമെന്ന വാഗ്ദാനമാണ് നൽകിയിട്ടുള്ളത്. വിവാഹം ചെയ്യാൻ തീരുമാനിക്കുമ്പോൾ ഭാരിച്ച ചിന്തകൾ ആവശ്യമില്ല. പ്രവാചക കാലത്ത് വിവാഹം ചെയ്യാൻ വിഷമിക്കുന്നവരെ പ്രവാചകനും അനുചരന്മാരും ചേർന്ന് സഹായിക്കുകയായിരുന്നു പതിവ്. അവർ സ്ത്രീധനം ചോദിക്കുകയായിരുന്നില്ല. മഹ്ർ നൽകാൻ ഒന്നുമില്ലാതിരുന്നപ്പോൾ പകരം വിശുദ്ധ ഖുർആനിൽനിന്നും അൽപം പഠിപ്പിച്ചുകൊടുക്കാനാണ് പ്രവാചകൻ നിർദേശിച്ചത്. 
സ്ത്രീ ഒരു വ്യക്തിയാണെന്ന് അംഗീകരിച്ചുകൊടുക്കാൻ ഇന്നും നമ്മുടെ നടപ്പുരീതികൾക്ക് സാധിക്കുന്നില്ല എന്നതാണ് മുഖ്യമായ പ്രശ്‌നം. നിയമങ്ങളെ നടപ്പുരീതികൾ അതിജയിക്കുന്നു. നിയമങ്ങൾ ഉണ്ടാക്കുന്നവർ നടപ്പുരീതികൾക്ക് നേരെ കണ്ണടക്കുന്നു. എന്തു പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം സ്ത്രീകളുടെ മേൽ ചാർത്തി പുരുഷൻ രക്ഷപ്പെടുന്ന സാഹചര്യമാണ്. ഭർത്താവിന്റെയും കുട്ടികളുടെയും പുറമെ ഭർത്താവിന്റെ രക്ഷിതാക്കളുടെയും ബന്ധുക്കളുടേയുമെല്ലാം ഉത്തരവാദിത്തം സ്ത്രീയുടെ തലയിൽ കെട്ടിവെക്കുകയും അതിനു പുറമെ സ്ത്രീധനത്തിന്റെ പേരിൽ അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂരമായ അവസ്ഥയാണ് നിലനിൽക്കുന്നത്. മതപരമോ സാമൂഹ്യപരമോ ആയ ഒരു രീതിയിലും ന്യായീകരിക്കാൻ സാധികാത്ത ലജ്ജാകരമായ അവസ്ഥ. സ്ത്രീസമൂഹം പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ, അതുകൊണ്ടായില്ല. സമൂഹം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. 
ഇന്ത്യയിൽ സ്ത്രീധന നിരോധന ആക്റ്റ് പ്രാവർത്തികമായിട്ട് 60 വർഷങ്ങൾ കഴിഞ്ഞു. പലതവണ ഭേദഗതി ചെയ്തും ശക്തമായ നിയമങ്ങൾ കൂട്ടിച്ചേർത്തുമെല്ലാം ഊർജിതപ്പെടുത്താൻ നോക്കിയിട്ടും സ്ത്രീധന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ ഗണ്യമായ സ്വാധീനമുണ്ടാക്കാൻ ആക്റ്റിന് കഴിഞ്ഞിട്ടില്ല. ആത്മാർഥതയില്ലായ്മയാണ് ഇതിന് കാരണം. പെൺകുട്ടികൾക്ക് വമ്പിച്ച സ്ത്രീധനം നൽകുന്നതിനെതിരെ പ്രതികരിക്കുന്നവരിൽ തന്നെ അവരുടെ ആൺകുട്ടികൾ വിവാഹം ചെയ്യുമ്പോൾ സ്ത്രീധനം ചോദിച്ചുവാങ്ങുന്നു. ഇത്തരത്തിലുള്ള കാപട്യവും സ്ത്രീധനദുരന്തങ്ങളിലെ കൂട്ടുപ്രതിയാണ്. 
നമ്മുടെ രാജ്യത്ത് സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്. ദുരന്തങ്ങളുണ്ടാവുമ്പോൾ ഏതാനും ദിവസം മാധ്യമങ്ങളിൽ വലിയ ചർച്ചയുണ്ടാകും എന്നല്ലാതെ കാര്യമായ മാറ്റങ്ങൾക്ക് വേണ്ടി ആരും ശ്രമിക്കുന്നില്ല. നിയമങ്ങൾ കൊണ്ട് മാത്രം നേരിടാൻ കഴിയുന്ന വിഷയമല്ല. ഒരാളെയും പീഡിപ്പിക്കരുതെന്നും സ്ത്രീസഹോദരിമാർ നമ്മുടെ തന്നെ ഭാഗമാണെന്നുമുള്ള ബോധം വളർത്തണം. മനഃസമാധാനമുള്ള ഒരു കുടുംബത്തിന്റെ അടിസ്ഥാനഘടകം സാമ്പത്തല്ല, പകരം, സ്‌നേഹമാണെന്ന് പഠിപ്പിക്കണം. 
ഏതു ക്രൂരതക്കും പകരം ഇരട്ടിയിരട്ടി ശിക്ഷ ലഭിക്കുന്ന വരാനിരിക്കുന്ന പരലോകത്തെക്കുറിച്ചുള്ള ബോധം പ്രചരിപ്പിക്കണം. സർവശക്തനായ സ്രഷ്ടാവിലുള്ള വിശ്വാസം വർധിപ്പിക്കുകയും ഏറ്റവും നല്ല സമൂഹത്തിന്റെ അടയാളം പരസ്പര സ്‌നേഹവും ഉദാത്തമായ സംസ്‌കാരവുമാണെന്ന് കുടുംബങ്ങളെയും യുവതലമുറയെയും ബോധ്യപ്പെടുത്തണം.

Latest News