Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

ഓഫായി പോകുന്ന ഓൺലൈൻ അധ്യയനം

'ഫോൺ അച്ഛൻ കൊണ്ടുപോയി, അതുകൊണ്ടാ ക്ലാസ്സിൽ പങ്കെടുക്കാതിരുന്നത്', 'ടീച്ചറെ എന്റെ വീട്ടിൽ കറന്റും ഫോണുമില്ല', 'ഞങ്ങടെ വീട്ടിൽ ടി വി യില്ല', 'വീട്ടിലുള്ളത് സാധാരണ ഫോണാണ്', 'ചേച്ചിക്ക് ഓൺലൈൻ ക്ലാസ് ഉണ്ടായിരുന്നു. അതോടെ ഇന്നത്തെ നെറ്റ് തീർന്നു'... ഈ മഹാമാരി കാലത്ത് എവിടെയും കേൾക്കുന്ന സംഭാഷണങ്ങളാണിവ.
ഇതിൽനിന്ന് ഇന്നത്തെ മാറിയ ജീവിത സാഹചര്യം വ്യക്തമാണ്. എല്ലാറ്റിനും ഫോൺ വേണം,നെറ്റും വേണം.അല്ലെങ്കിൽ ടി വി വേണം. എന്നാൽ എത്രയോ വീടുകൾ ഇന്നും വൈദ്യുതി പോലും ഇല്ലാത്തവയാണ്. വൈദ്യുതിയുള്ള മിക്ക വീടുകളിലും ടിവി യും കേബിളുമില്ല. ഫോണെങ്കിലും ഇല്ലാത്ത വീടുകളും ഉണ്ട്.ഫോണുണ്ടെങ്കിൽ തന്നെ  നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത പ്രശ്‌നവും.
കോവിഡ് കാലം വിദ്യാഭ്യാസ രംഗത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിവിധ കമ്പനികളുടെ സിമ്മുകൾ ഒന്നൊന്നായി മാറി മൊബൈൽ ഫോണിൽ പരീക്ഷിച്ചിട്ടും  എത്രയോ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന്റെ പരിധിക്ക് പുറത്താണ്. ഒരു വീട്ടിൽ രണ്ടോ മൂന്നോ കുട്ടികൾ വിദ്യാർത്ഥികളായി ഉണ്ടെങ്കിൽ അവരുടെ അധ്യയനം ഓർത്ത് ആധിയിലാണ് രക്ഷിതാക്കൾ.


പഠന പ്രക്രിയയിൽ ഉണ്ടായ പൊടുന്നനെയുള്ള മാറ്റം എന്റെ മക്കൾക്ക് അപ്രാപ്യമാണല്ലോ എന്ന ചിന്ത പല രക്ഷിതാക്കളെയും അലോസരപ്പെടുത്തുകയാണ്. നെറ്റിന്റെ ലഭ്യതയെക്കുറിച്ചാണ് മിക്ക വീട്ടമ്മമാരുടെയും സംസാര വിഷയം. ദരിദ്രരും നിത്യവൃത്തിക്ക് വകയില്ലാത്തവരുമായ കുടുംബങ്ങളിലെ കുട്ടികൾ തീർച്ചയായും ഓൺലൈൻ കാല അധ്യയനത്തിൽ ഓഫായി പോവുകയാണ്.
ഓൺലൈൻ അധ്യയനം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും കുട്ടികളുടെ പഠനം വിരസവും ഫലശൂന്യവുമായി പോകുന്നതിന്റെ കാരണം ഇതൊക്കെയാണ്.


ഇത്രമാത്രം കഷ്ടപ്പെട്ടൊന്നും പഠിപ്പിക്കേണ്ട എന്ന രക്ഷിതാക്കളുടെ ചിന്ത കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കുന്നു.
ഇവിടെ എന്താണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രശ്‌നമെന്ന് മനസ്സിലാക്കി അടിസ്ഥാനപരമായി പരിഹരിച്ചു കൊടുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് നടപടിയുണ്ടാകണം.സാങ്കേതിക സൗകര്യങ്ങളിൽ തുല്യത കൈവരാതെ എങ്ങനെ അധ്യയനം മികച്ചതാക്കാൻ കഴിയും?
പഠന പരിശീലന പരിപാടികളിലും സാരമായ മാറ്റങ്ങൾ നടക്കേണ്ടതായുണ്ട്. നേരിട്ടുള്ള ബോധന രീതി അല്ലാത്തതിനാൽ വിസ്തരിച്ചുള്ള പഠനം പ്രയോഗികമാവില്ല. വിദ്യാർത്ഥി പഠിക്കേണ്ടതും പകർത്തേണ്ടതുമായ കാര്യങ്ങൾ മാത്രം ക്യാപ്‌സ്യൂൾ പരുവത്തിലാക്കി നൽകേണ്ടതായി വരും.

 


എത്ര ലളിതമായും ഹ്രസ്വമായും അവതരിപ്പിക്കാം എന്ന് ആസൂത്രണം ചെയ്യണം. ഓരോ പഠിതാവും വ്യത്യസ്തമായ ചുറ്റുപാടിൽ ഇരുന്നാവും ക്ലാസിൽ ഹാജരാവുന്നത്.
ഓൺലൈൻ അധ്യയനത്തിൽ സഹവർത്തിത്വ വിദ്യാഭ്യാസത്തിന്റെ പരിമിതി നല്ലപോലെ നിഴലിക്കുന്നു. രോഗാതുരമായൊരു ജീവിതകാലത്ത്, എപ്പോൾ വേണമെങ്കിലും ജീവിത വ്യവഹാരങ്ങൾക്ക് താഴിടാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഫലപ്രദമായൊരു അധ്യയനം ഗാർഹികാന്തരീക്ഷത്തിൽ ഉണ്ടോ എന്ന് പരിശോധിക്കപ്പെടണം.
റോഡ്,കുടിവെള്ളം,പാർപ്പിടം പോലെ ഓരോ പ്രദേശത്തും ഓൺലൈൻ പഠനം അടിസ്ഥാന ആവശ്യമാണ്. എല്ലാവർക്കും സ്മാർട്ട് ഫോണോ ലാപ്‌ടോപ്പോ ടാബോ ഉണ്ടെന്ന് തീർച്ചയാക്കണം.നെറ്റ്‌വർക്ക് ലഭ്യമാകാത്ത മലയോരഗ്രാമീണ മേഖലകളിൽ അത് പരിഹരിക്കാൻ സംവിധാനമുണ്ടാകണം.


ഇത്തരം സൗകര്യങ്ങൾ നിരീക്ഷിക്കാൻ ജനപ്രതിനിധികൾക്ക് ഭാരിച്ച ബാധ്യതയുണ്ട്. പഠിതാക്കൾക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്ന വിധം ഓൺലൈൻ പഠനം ഉയരേണ്ടതായുണ്ട്. ഡിജിറ്റൽ അസമത്വം തുടരുമ്പോൾ തന്നെ, ഇനിയുള്ള കാലം ഓൺലൈൻ പഠനം മുഖ്യധാരയായി മാറാനിടയുണ്ട്.ഇപ്പോഴത്തെ അവസ്ഥകൾ സങ്കീർണമായിരിക്കുമ്പോഴും പാഠ്യപാഠ്യേതര മേഖലകളിലും അടിസ്ഥാന സൗകര്യങ്ങളിലും മികച്ചതെന്ന് പറയാവുന്ന ഒരു നേട്ടം കേരളത്തിന് സ്വന്തമായുണ്ട് എന്ന വസ്തുത നിഷേധിക്കുന്നില്ല.


പൊതു വിദ്യാഭ്യാസത്തെ സാർവത്രികമാക്കിയും ജനകീയമാക്കിയും നാം ആർജ്ജിച്ചെടുത്ത സമഭാവനയുടെയും മതനിരപേക്ഷതയുടെയും മന്ദമാരുതൻ മലയാള നാട്ടിൽ അങ്ങോളമിങ്ങോളം വീശുന്നുണ്ട്.
അപ്പോഴും സ്മാർട്ട്‌ഫോൺ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ, ഓൺലൈൻ അധ്യയനത്തിലൂടെ തന്നെ എല്ലാ കുട്ടികളും സമഗ്ര പുരോഗതിയിലേക്ക് എത്തേണ്ടതായുണ്ട്.

Latest News