Sorry, you need to enable JavaScript to visit this website.

ഗൂഗിളിന് പുതിയ എതിരാളിയായി ബ്രേവ് സെർച്ച്

പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുന്ന ബ്രൗസറുമായി രംഗത്തുവന്ന് ജനപ്രീതി നേടിയ ബ്രേവ് ബ്രൗസർ പുതിയ സെർച്ച് എഞ്ചിൻ ആരംഭിച്ചു. വിപണിയിലെ കുത്തക സെർച്ച് എഞ്ചിനായ ഗൂഗിളിനോട് മത്സരിക്കാനായി രംഗത്തുവരുന്ന പുതിയ സെർച്ച് എഞ്ചിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി. വർഷാവസാനത്തോടെ ബ്രേവ് സെർച്ച് ബ്രേവ് ബ്രൗസറിന്റെ അടിസ്ഥാന സെർച്ച് എഞ്ചിനായി ഉൾപ്പെടുത്തും.
നിലവിലുള്ള പല പുതിയ സെർച്ച് എഞ്ചിനുകളും ഗൂഗിളിന്റേയും മൈക്രോസോഫ്റ്റ് ബിംഗിന്റേയും സെർച്ച് ഫലങ്ങൾ പുതിയ പാക്കറ്റിലാക്കിയാണ് നൽകുന്നതെങ്കിൽ ബ്രേവ് വെബിൽ സ്വന്തം ഇൻഡെക്‌സ് തന്നെ നിർമിച്ചുവരികയാണ്. ഇമേജുകൾ വേണ്ടത്ര ശേഖരിച്ചിട്ടില്ലാത്ത ബ്രേവ് ആ മേഖലയിൽ തുടക്കത്തിൽ ബിംഗിനെ ആശ്രയിക്കുമെന്നാണ് സൂചന. ഗൂഗിൾ ഫലങ്ങൾ കൂടി ചേർത്തതായിരിക്കും സാധാരണ സെർച്ച് ഫലങ്ങൾ.
ഗൂഗിൾ സെർച്ച് ഫലങ്ങളിൽനിന്ന് പണമുണ്ടാക്കുന്നത് പരസ്യങ്ങളിലൂടെയാണെങ്കിൽ ബ്രേവ് സെർച്ച് ഇപ്പോൾ പരസ്യങ്ങൾ കാണിക്കില്ല. പിന്നീട് സൗജന്യം, പരസ്യങ്ങളുടെ പിന്തുണ, പരസ്യങ്ങളില്ലാതെ പെയ്ഡ് സംവിധാനം എന്നിവ ഉൾപ്പെടുത്തുമെന്ന് കരുതുന്നു.


92 ശതമാനത്തിലേറെ സെർച്ചുകളും ഗൂഗിളിലൂടെയാണ് കടന്നുപോകുന്നതെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടർ പറയുന്നു. 89 ശതമാനവുമായി ബിംഗ് രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം, ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തിൽ ഗൂഗിൾ വലിയ സമ്മർദം നേരിടുമ്പോഴാണ് പുതിയ കമ്പനികൾക്ക് അവസരങ്ങൾ തുറക്കുന്നത്. വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ഗൂഗിളിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചുവരികയാണ്. പൊതുജനാഭിപ്രായങ്ങളും നിയമനടപടികളും  ഗൂഗിളിനോട് മത്സരിക്കാൻ ചെറുകിട കമ്പനികളെ സഹായിക്കുന്നു.
കൂടുതൽ ആളുകൾ ബ്രേവ് സെർച്ച് ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് ചീഫ് എക്‌സിക്യുട്ടീവ് ബ്രെൻഡൻ എയ്ഷ്.  പുതിയ സെർച്ച് എഞ്ചിന്റെ വിജയത്തിന് അത് നിർണായകമാണെന്ന് മോസില്ല, ഫയർഫോക്‌സ് സഹസ്ഥാപകനായിരുന്ന ബ്രെൻഡൻ പറഞ്ഞു. ഉപയോക്താക്കളുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങൾ ബ്രേവ് സെർവറുകളെ സമ്പന്നമാക്കാൻ സഹായകമാകും. ബ്രേവ് ബ്രൗസറിന്റെ വിജയം സെർച്ച് എഞ്ചിനിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഓരോ മാസവും 32 ലക്ഷം ആളുകൾ ബ്രേവിന്റെ പരസ്യങ്ങളില്ലാത്ത ബ്രൗസർ ഉപയോഗിക്കുന്നുണ്ട്. 
ഗൂഗിളിന്റെ സെർച്ച് ബിസിനസിൽ നോട്ടമിടുന്ന ഏക കമ്പനിയല്ല ബ്രേവ്. പ്രൈവസി ഉറപ്പുനൽകുന്ന ബ്രൗസറുമായും മൊബൈൽ ബ്രൗസറുമായും ഡക്ഡക്‌ഗോ രംഗത്തുണ്ട്. ഈ കമ്പനിയുടെ വാർഷിക വരുമാനം പ്രതിവർഷം 100 ദശലക്ഷം ഡോളർ കവിഞ്ഞിട്ടുണ്ട്. 


ഡക്ഡകിനു പുറമെ, യാഹു, എക്കോഷ്യ, സ്റ്റാർട്ട്‌പേജ്, ക്വാന്റ് തുടങ്ങി പല ചെറിയ കമ്പനികളും ഗൂഗളിൽനിന്നും മൈക്രോസോഫ്റ്റ് ബിംഗിൽനിന്നുമുള്ള സെർച്ച് റിസൾട്ടുകൾ റീപാക്ക് ചെയ്ത് നൽകുന്നുണ്ട്. 
അഞ്ച് വർഷംമുമ്പാണ് ബ്രേവ് ബ്രൗസർ പുറത്തിറക്കിയത്. വിൻഡോസ്, മാക് ഒ.എസ്, ആൻഡ്രോയിഡ്, ഐ.ഒ.എസ്, ലിനക്‌സ് എന്നിവയിൽ ലഭ്യമാണ്. വർഷാവസാനത്തോടെ ബ്രൗസറിന് 50 ദശലക്ഷം ഉപയോക്താക്കളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

Latest News