ന്യൂദൽഹി- മണ്ഡലപുനർനിർണ്ണയം പൂർത്തിയാക്കി ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്നുചേർന്ന സർവ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം, ജമ്മുകശ്മീരിന് സംസ്ഥാന പദവി നൽകുന്നതിൽ തീരുമാനമായില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർത്തിയത്.
ജമ്മു കശ്മീരിലെ 14 നേതാക്കളാണ് യോഗത്തിനായി പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കശ്മീർ താഴ്‌വരയിലെ പാർട്ടികളുടെ ഗുപ്കർ സഖ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു കേന്ദ്ര നിലപാട്.






