Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മങ്ങുന്ന പ്രതീക്ഷകളും ഒടുങ്ങാത്ത നെടുവീർപ്പുകളും    

പ്രവാസികൾ അക്കരെയിക്കരെ നിന്ന് നെടുവീർപ്പിടാൻ തുടങ്ങിയിട്ട് മാസങ്ങളായി. നാട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചിക്കുന്ന പോലെ ആഴ്ച തോറും ഗൾഫിൽനിന്ന് നാട്ടിലേക്കു സഞ്ചരിച്ചിരുന്നവർ വരെയുണ്ടായിരുന്നു. പണവും സൗകര്യവുമുള്ളവർക്ക് ദൂരവും സാമ്പത്തിക ചെലവും ഒരു പ്രശ്‌നമല്ലായിരുന്നു. ഇന്ന് ഇതൊക്കെയുള്ളവർക്കു പോലും പഴയതുപോലെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനാവാത്ത അവസ്ഥ. അപ്പോൾ ഇതൊന്നും ഇല്ലാത്തവരുടെ കാര്യം പറയുകയും വേണ്ട. അവധിക്കു നാട്ടിലെത്തിയവർ മടങ്ങിപ്പോരാനാവാതെ നട്ടം തിരിയുകയാണ്. കൈയിലുള്ളതെല്ലാം തീർന്നു. കടം വാങ്ങിയാണ് പലരും പിടിച്ചു നിൽക്കുന്നത്. ഉള്ള ജോലി കൂടി പോയാൽ നിൽക്കക്കള്ളിയില്ലാത്ത ആവസ്ഥയാകും സംജാതമാകുക. അതുകൊണ്ട് ഉള്ളത് വിറ്റു പെറുക്കിയോ, കടം വാങ്ങിയോ,  എത്ര പണം മുടക്കിയായാലും എത്ര ദിവസം മറ്റിടങ്ങളിൽ കിടന്നയാലും എന്തും സഹിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാൻ പലരും തയാറാണ്. ഇവിടെനിന്നു നാട്ടിലേക്കു പോയാൽ പെട്ടുപോകുമല്ലോ എന്നോർത്ത് ഉറ്റവരെയും ഉടയവരെയും കാണാനാവാതെ, അടിയന്തരമായി നാട്ടിലെത്തി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനാവാതെ മാസങ്ങളായി വിഷമിച്ചു കഴിയുന്നവർ വേറെ. അങ്ങനെ അക്കരെ ഇക്കരെ നിന്നുള്ളവരുടെ നെടുവീർപ്പുകളും വിലാപങ്ങളും കൊണ്ട് പ്രവാസ ലോകം ശോകമൂകമാണ്. 
അതിനിടെ ഇടക്കിടക്ക് ഗൾഫ് രാജ്യങ്ങളിൽനിന്നുണ്ടാകുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷകൾക്ക് നിറം പകരും. പക്ഷേ, അധികം വൈകാതെ അതു മങ്ങും. അപ്പോഴേക്കും വില്ലനായി ഇന്നും വിലസുന്ന കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തുകയോ, സാങ്കേതിക കാരണങ്ങളാൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പടുകയോ ചെയ്യുന്നതോടെ കണ്ണിൽ എണ്ണയൊഴിച്ചുള്ള കാത്തിരിപ്പ് വൃഥാവിലാവും. യു.എ.ഇയും കൂവൈത്തും കർശന നിബന്ധനകളോടെ വിലക്കുകൾ നീക്കി ഭാഗികമായെങ്കിലും ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാ അനുമതി നൽകിയത് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്. നേരത്തെയുള്ള പ്രഖ്യാപന പ്രകാരം ഇന്നലെ (ജൂൺ 23) മുതൽ യു.എ.ഇയിലേക്ക് യാത്ര സാധ്യമാകേണ്ടതായിരുന്നു. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 15 മാസമായി അടഞ്ഞു കിടന്നിരുന്ന ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ വൺ തുറക്കാനുള്ള തീരുമാനവും വന്നിരുന്നു. വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിരുന്നു. അത് ഇടക്കുവെച്ച് നിർത്തിയതോടെ ആശങ്ക വീണ്ടും ഉടലെടുത്തു. അതു ശരിവെച്ചുകൊണ്ട് ജൂലൈ ആറു വരെ ഇന്ത്യയിൽനിന്നുള്ള സർവീസ് ഉണ്ടാവില്ലെന്ന എയർ ഇന്ത്യയുടെ അറിയിപ്പാണ് പിന്നീട് വന്നത്. എമിറേറ്റ്‌സ് അറിയിപ്പ് വന്നിട്ടില്ലെങ്കിലും ഇതേ നിലപാടിനു തന്നെയാണ് സാധ്യത. ഇതു കടുത്ത നിരാശയാണ് സമ്മാനിച്ചിട്ടുള്ളതെങ്കിലും അധികം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും പ്രവാസികളുള്ളത്. കുവൈത്തിന്റെ വാതായനങ്ങൾ ഓഗസ്റ്റിൽ തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും അതും പ്രതീക്ഷക്കു വക നൽകുന്നതാണ്. മലയാളികൾ ഏറ്റവും കൂടുതലുള്ള സൗദി അറേബ്യയുടെ കർശന ഉപാധികളിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചില നീക്കുപോക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. നാട്ടിൽനിന്ന് വാക്‌സിൻ സ്റ്റാറ്റസ് അപലോഡ് ചെയ്യുന്നതിനും മുഖീം പോർട്ടൽ വഴി ഹോട്ടൽ ക്വാറന്റൈൻ രജിസ്‌ട്രേഷൻ സാധ്യമാക്കുന്നതിനും തവൽക്കൽനാ സ്റ്റാറ്റസിനെ ബോർഡിംഗ് പാസുമായി ബന്ധിപ്പിക്കാനുമെല്ലാം കൈക്കൊണ്ട നടപടികൾ സൗദിയുടെ ആകാശ വാതിലുകൾ വൈകാതെ തുറക്കപ്പെടുമെന്ന പ്രതീക്ഷ നൽകിയിരുന്നു. ഓഗസ്‌റ്റോടു കൂടി കടുത്ത നിബന്ധനകളോടെയെങ്കിലും നേരിട്ടു വരാനുള്ള ഒന്നര വർഷത്തിലേറെയായുള്ള കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയാണ് നൽകിയത്. എന്നാൽ അതും അസ്ഥാനത്താവുമെന്നാണ് തോന്നുന്നത്. 
കാരണം കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റാ വകഭേദത്തിന്റെ രൂപമാറ്റം സംഭവിച്ച ഡെൽറ്റാ പ്ലസ് ബാധ ഇന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിൽ കണ്ടെത്തിയതാണ്. ഏറ്റവും അപകടകാരിയെന്ന നിലയിലാണ് ഇതിനെ വിലയിരുത്തുന്നത്. മൂന്നു സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രക്കും മധ്യപ്രദേശിനും പുറമെ കേരളവും ഉൾപ്പെട്ടുവെന്നത്  മലയാളിയുടെ സകല കണക്കുകൂട്ടലുകളെയും വീണ്ടും തെറ്റിക്കുന്നതാണ്. യു.എ.ഇ യാത്രാ അനുമതി വീണ്ടും നീട്ടാൻ ഇടയാക്കിയ കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിലയിരുത്തുന്നത്. ഇതിനു പുറമേയാണ്  സൗദി അറേബ്യയുടെ കൊറോണ വ്യാപനം രൂക്ഷമായ, അപകട സാധ്യത കൂടിയ 69 രാജ്യങ്ങളുടെ നിർണയം. പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ നിർണയ ലിസ്റ്റിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. സൗദിയിൽ കഴിയുന്നവർ ഈ രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് അതോറിറ്റി നിർദേശിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് മുൻകൂട്ടി അനുമതി നേടാതെ ഇന്ത്യ, ലിബിയ, സിറിയ, ലെബനോൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, ഡെമോക്രാറ്റിക് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരൻമാർ നേരിട്ടും അല്ലാതെയും യാത്ര പോകുന്നത് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വിലക്കിയിരുന്നു. ഇന്ത്യ, അർജന്റീന, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബ്രസീൽ, തുർക്കി, ദക്ഷിണാഫ്രിക്ക, ലബനോൻ, ഈജിപ്ത് എന്നീ ഒമ്പതു രാജ്യങ്ങളിൽനിന്ന് നേരിട്ടു വരുന്നതിന് സൗദിയിൽ ഇപ്പോഴും വിലക്കുമുണ്ട്. ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം തുടരുന്നതും വാക്‌സിനേഷൻ മന്ദഗതിയിൽ നീങ്ങുന്നതുമാണ് കാരണമായി പറയുന്നത്. ഇതിനു പുറമേയാണ് ഹെൽത്ത് അതോറിറ്റിയുടെ നിർദേശം കൂടി വന്നിട്ടുള്ളത്. ഇന്ത്യയിൽനിന്ന് പോന്ന് പതിനാലു ദിവസം മറ്റു രാജ്യങ്ങളിൽ തങ്ങി സൗദിയിൽ എത്തിപ്പെടാനുള്ള സാധ്യതകൾക്കും മങ്ങലേറ്റതോടെ നെടുവീർപ്പുകൾ ഉള്ളകങ്ങൾ പൊള്ളിയുള്ള കരച്ചിലുകളായി മാറിയിരിക്കുകയാണ്്. 
ഇതിനൊരു പരിഹാരം അടുത്തെങ്ങും ഉണ്ടാവുമോ എന്നാണ് ഏല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വാക്‌സിനേഷൻ ശക്തമാക്കുകയുമാണ് ഒരു പോംവഴി. അതോടൊപ്പം നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തമായ ഇടപെടലുകളും ഉണ്ടാവണം. എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിച്ച് പരിമിതമായെങ്കിലും അത്യാവശ്യക്കാർക്ക് യാത്രാ സൗകര്യമൊരുക്കുവാനുള്ള നടപടിയുണ്ടായില്ലെങ്കിൽ നഷ്ടമാവുക പലരുടെയും ജിവതോപാധികളും മാനസിക സമനിലയുമായിരിക്കും.   

 

Latest News