Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

മാറേണ്ടത് മനോഭാവം

എന്റെ സ്വദേശമായ ഗ്രാമത്തിലെ ഒരു കുടുംബത്തിലുണ്ടായ ദാരുണ ദുരന്തം ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുകയാണ്. അയൽവാസിയും സുഹൃത്തുമായ കൊല്ലം, നിലമേൽ കൈതോട് വിക്രമൻ നായരുടെ മകളും ആയുർവേദ കോളേജ് വിദ്യാർഥിനിയുമായ വിസ്മയ വി. നായർ സ്ത്രീധന പീഡനത്തെത്തുടർന്ന് ശാസ്താംകോട്ടക്ക് സമീപമുള്ള ഭർത്താവിന്റെ വീട്ടിൽ ദുരൂഹമായി മരിച്ചു. ആത്മഹത്യയെന്ന നിലക്കാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ അത് കൊലപാതകം ആകാനിടയുണ്ടെന്നാണ് പോലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ ലഭിക്കുന്ന സൂചന.
രണ്ട് ദിവസം മുമ്പ് ഈ വാർത്ത ആദ്യമായി കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വിക്രമൻ എന്റെ വർഷങ്ങളായുള്ള സുഹൃത്താണ്. അദ്ദേഹത്തിന് ഇങ്ങനെയൊരു ദുരന്തമുണ്ടായത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏതാണ്ട് ഒന്നര വർഷം മുമ്പ് ആഹ്ലാദകരമായി നടന്ന മകളുടെ വിവാഹത്തിന്റെ ചിത്രങ്ങൾ അദ്ദേഹം ഫെയ്‌സ്ബുക്കിൽ ഇട്ടിരുന്നു. നല്ല പയ്യൻ, നല്ല കുട്ടി, നല്ല ജോടി എന്നൊക്കെയാണ് അന്ന് പലരും അതേക്കുറിച്ച് പറഞ്ഞത്. എനിക്കും അങ്ങനെ തന്നെ തോന്നി. ഇത്ര പെട്ടെന്ന് എല്ലാം മാറിമറിയുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽനിന്ന് നിരന്തരമുണ്ടായ പീഡനത്തിനൊടുവിലാണ് കഷ്ടിച്ച് 25 വയസ്സ് മാത്രമുള്ള അതിസുന്ദരിയും വിദ്യാസമ്പന്നയുമായ ആ കുട്ടിക്ക് തന്റെ ജീവൻ നഷ്ടമായത്. ഇതിന് പിന്നാലെ സ്ത്രീധനമെന്ന മാരക ദുരാചാരത്തിനെതിരെ വ്യാപക വിമർശനമുണ്ടായി. പലരും സ്ത്രീധനം നൽകിയ ആ കുടുംബവും കുറ്റക്കാരെന്ന നിലയിൽ വിമർശിക്കുന്നതും കണ്ടു. ഭർതൃവീട്ടിൽ മകൾ പീഡിപ്പിക്കപ്പെടുന്നു എന്നറിഞ്ഞപ്പോൾ തന്നെ അവളെ സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന് അവർ സംരക്ഷിക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് ഇടയാക്കിയതെന്ന കുറ്റപ്പെടുത്തലുകളുമുണ്ടായി. 
ഞാൻ മനസ്സിലായക്കിടത്തോളം വിസ്മയയുടെ മാതാപിതക്കൾ മകളെ ഏതെങ്കിലുമൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിട്ടില്ല. എന്ത് പ്രശ്‌നമുണ്ടായാലും ഭർത്താവിന്റെ വീട്ടിൽ പിടിച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രതിസന്ധിയിൽ അവൾക്ക് പിന്തുണയും സംരക്ഷണവുമെല്ലാം നൽകിയിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കാൻ മകളെ പ്രാപ്തയാക്കുന്ന തരത്തിൽ നല്ല വിദ്യാഭ്യാസം നൽകിയിട്ടുമുണ്ട്. എന്നിട്ടും വേദനാജനകമായ ദുരന്തം സംഭവിച്ചു. 
സ്ത്രീധന പീഡനത്തിന്റെ ഇര എന്ന നിലയിലാണ് വിസ്മയയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മന്ത്രിമാരും ഉന്നത രാഷ്ട്രീയ നേതാക്കളുമടക്കം വിസ്മയയുടെ വീട്ടിലെത്തി അവരുടെ ദുഃഖത്തിൽ പങ്കുചേർന്നവരും ഈ ദുരാചാരത്തിനെതിരെ വിരൽ ചൂണ്ടുന്നു. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീധനത്തിനെതിരെ ഹാഷ്ടാഗ് കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. 
കേരളത്തിലെ തെക്കൻ ജില്ലകളിൽ വളരെ വ്യാപകമായി തന്നെ നിലനിൽക്കുന്ന ദുരാചാരമാണ് സ്ത്രീധനം. വടക്കൻ ജില്ലകളിൽ അതില്ലെന്നല്ല. എങ്കിലും തെക്കൻ ജില്ലകളിലുള്ളത്ര മാരകമായ രീതിയിൽ ഇല്ല എന്നതാണ് വാസ്തവം. സ്ത്രീധന പീഡനവും അതിന്റെ പേരിലുള്ള ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം സംസ്ഥാനത്ത് വർധിച്ചുവരുന്നതായാണ് പോലീസ് രേഖകളിലുമുള്ളത്. 
വിസ്മയയുടെ ദുരന്തത്തിനു പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത്ത് അർച്ചന എന്ന യുവതിയുടെയും കായംകുളം വള്ളിക്കുന്നത്ത് 19 വയസ്സ് മാത്രം പ്രായമുള്ള സുചിത്ര എന്ന പെൺകുട്ടിയുടെയും ദുരൂഹ മരണങ്ങൾ കേരളീയ മനഃസാക്ഷിയെ പിന്നെയും പിന്നെയും ഞെട്ടിച്ചു. കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്ര എന്ന യുവതിയെ ഭർത്താവ് വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല. അന്തരിച്ച പ്രശ്‌സത നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി രാജന്റെ ഭാര്യയായിരുന്ന യുവതി ഭർതൃവീട്ടിലെ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തതത് ഈയിടെയാണ്.
ഈ ദുരന്തങ്ങളുടെയെല്ലാം പിന്നിലുള്ള ഏക കാരണം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല. കാരണം സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതെ നടന്ന വിവാഹങ്ങളിലും കലഹങ്ങളും ഗാർഹിക പീഡനങ്ങളും അരങ്ങേറുന്നുണ്ട്. എന്തിന് പ്രണയ വിവാഹങ്ങളിൽ പോലുമുണ്ട്. അതിൽ തെക്ക്, വടക്ക് ജില്ലകളെന്ന വേർതിരിവൊന്നുമില്ല. ഗാർഹിക പീഡനങ്ങൾക്കെല്ലാം കാരണം സ്ത്രീധനമാണെന്ന തരത്തിൽ സമീപിച്ചാൽ പ്രശ്‌നത്തിന് ഭാഗിക പരിഹാരം മാത്രമേ ഉണ്ടാവൂ.   
വിസ്മയയുടെ കാര്യം തന്നെയെടുത്താൽ സ്ത്രീധനം മാത്രമല്ല പ്രശ്‌നകാരണമെന്നാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറയുന്നത്. വിസ്മയയുടെ ഭർത്താവെന്ന് പറയുന്ന കിരൺ കുമാർ മോട്ടോൾ വെഹിക്കിൾ വകുപ്പിൽ ഉദ്യോഗസ്ഥനൊക്കെയായിരുന്നുവെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് മനസ്സിലാക്കുന്നത്. മദ്യപിക്കാത്ത സമയത്ത് വളരെ നോർമലായി നല്ല പെരുമാറ്റമായിരുന്നു അയാളുടേതെന്നാണ് വിക്രമൻ തന്നെ പറയുന്നത്. മദ്യം മാത്രമല്ല ഏതൊക്കെയോ മയക്കുമരുന്നും ഇയാൾ ഉപയോഗിക്കുമായിരുന്നുവത്രേ. തടയാൻ ശ്രമിച്ച വിസ്മയയോട് ഇത് തന്റെ പേഴ്‌സണൽ കാര്യമാണ്, നീ ഇടപെടരുതെന്നാണ് അയാൾ പറഞ്ഞതെന്നും അറിയുന്നു. വിവാഹം കഴിഞ്ഞ് നാലാം നാൾ മുതൽ ഇയാൾ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഭാര്യയെ ഉപദ്രവം തുടങ്ങിയിരുന്നു. ഇക്കാര്യം പിന്നീടാണ് വിസ്മയ സ്വന്തം വീട്ടിൽ പോലും പറയുന്നതത്രേ. സ്ത്രീധനത്തിന്റെയും കാറിന്റെയുമൊക്കെ പേരിലുള്ള പീഡനങ്ങൾ പിന്നീടാണ് തുടങ്ങിയത്.
മദ്യവും മയക്കുമരുന്നും ഉള്ളിൽ ചെന്നാൽ ഭ്രാന്തനെപ്പോലെയാണ് അയാളുടെ പെരുമാറ്റമെന്നതിന് നാട്ടുകാർ പോലും സാക്ഷിയാണ്. ഒരു രാത്രി മൂക്കറ്റം കുടിച്ച് വീട്ടിൽ നിൽക്കുന്ന വേഷത്തിൽ ഭാര്യയെ വലിച്ച് കാറിലിട്ട് അമിത വേഗത്തിൽ ഓടിച്ച് അവളുടെ വീട്ടിലെത്തിച്ച് അവളുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് മർദിച്ച അവൻ ഏത് തരക്കാരനായിരിക്കണം. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും സ്ഥലത്തെത്തിയ പോലീസ് എസ്.ഐയെയും വരെ ലഹരിയുടെ ഉന്മാദാവസ്ഥയിൽ സൈക്കോ ആയി മാറിയ അവൻ മർദിച്ചു. തുടർന്ന് പോലീസ് വിലങ്ങ് വെച്ചാണ് അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിലെ മധ്യസ്ഥ ശ്രമത്തിൽ പ്രശ്‌നം തൽക്കാലം അവസാനിച്ചു. 
ലഹരി ഇറങ്ങിക്കഴിഞ്ഞപ്പോൾ അവൻ വീണ്ടും ഭാര്യയെ വിളിക്കുകയും അടുക്കാൻ ശ്രമിക്കുകയും ചെയ്തു. അവന് മനംമാറ്റമുണ്ടായെന്ന് അവൾ വിശ്വസിച്ചു. അതുകൊണ്ടാണല്ലോ സ്വന്തം വീട്ടുകാരുടെ പോലും അനുവാദം ചോദിക്കാതെ കോളേജ് ഹോസ്റ്റലിൽ അവൻ വന്നപ്പോൾ അവൾ കൂടെ പോയത്. അതവളുടെ ജീവിതത്തിലെ അവസാന യാത്രയായി.
ഉത്ര കൊലപാതകത്തിനു പിന്നിലും ഭർത്താവ് സൂരജിന്റെ വിചിത്ര സ്വഭാവവും അത്യാർത്തിയുമാണ് കാരണമായത്. രോഗിയായ ഭാര്യയുടെ സമ്പത്ത് മുഴുവൻ കൈക്കലാക്കിയ ശേഷം അവളെ കൊന്ന്, തനിക്കിഷ്ടപ്പെട്ട വിധം സുഖജീവിതം നയിക്കാനുള്ള ക്രിമിനൽ ബുദ്ധി. ഏതാനും മാസങ്ങൾ മുമ്പ് തിരുവന്തപുരത്തിനടുത്ത് 30 വയസ്സിൽ താഴെ മാത്രം പ്രായമുള്ള യുവാവ് തന്റെ അമ്മയുടെ പ്രായം വരുന്ന സമ്പന്നയായ മധ്യവയസ്‌കയെ പ്രണയം നടിച്ച് വിവാഹം കഴിക്കുകയും പിന്നീട് സ്വത്ത് കൈക്കലാക്കാൻ വേണ്ടി അവരെ കൊലപ്പെടുത്തുകയും ചെയ്തത് കേരളത്തെ ഞെട്ടിച്ചതാണ്.
സമൂഹത്തിൽ, പ്രത്യേകിച്ച് യുവാക്കളിൽ അതിവേഗം വ്യാപകമായി വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം, സമ്പത്തിനോടുള്ള അത്യാർത്തി, ആഡംബര ജീവിത ഭ്രമം, ഏത് കുറുക്കുവഴിയിലൂടെയും പണം സമ്പാദിക്കാനുള്ള ക്രിമിനൽ മനസ്സ് തുടങ്ങിയവ കുടുംബ ജീവിതത്തിലേക്കും എത്തുന്നതുകൊണ്ടു കൂടിയാണ് ഗാർഹിക പീഡനങ്ങൾ വർധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് ആൺ പെൺ വ്യത്യാസമില്ലാതെ, യുവാക്കളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്ന ചികിത്സ തന്നെ വേണം.
ഗാർഹിക പീഡനത്തിന്റെ ഇരകൾ പെൺകുട്ടികൾ ആയതിനാൽ ഇക്കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്തം പെൺകുട്ടികളുടെ കുടുംബത്തിന് തന്നെയാണ്. പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസവും ആത്മവിശ്വാസവും സാമ്പത്തിക ഭദ്രത കിട്ടുന്ന തൊഴിലും ഉറപ്പു വരുത്തുന്നതിനാവണം അവരുടെ പ്രഥമ പരിഗണന. ആത്മവിശ്വാസമുണ്ടെങ്കിൽ പെൺകുട്ടികൾ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഒരു പരിധി വരെ സ്വന്തം നിലയിൽ നേരിട്ടുകൊള്ളും. കുടുംബം അതിനവൾക്ക് വേണ്ട പിന്തുണ നൽകിയാൽ മതി.
യുവാക്കളുടെ മാതാപിതാക്കൾക്കുമുണ്ട് തുല്യ ഉത്തരവാദിത്തം. മക്കളുടെ സ്വഭാവവും ശീലങ്ങളും നിരീക്ഷിച്ച് നേർവഴിയിൽ കൊണ്ടുവരിക എന്നതാണതിൽ പ്രധാനം. മകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെങ്കിൽ അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കാതിരിക്കുന്നാണ് നല്ലത്. അത് പിന്നീട് അവർക്കു തന്നെ വിനയാവും. 
വിവാഹത്തിനു മുമ്പ് പെൺകുട്ടികൾക്ക് ഭർതൃവീട്ടിൽ എങ്ങനെ പെരുമാറണമെന്നും ജീവിക്കണമെന്നുമെല്ലാം പറഞ്ഞുകൊടുക്കാറുണ്ട്. എന്നാൽ ഭാര്യയോട് എങ്ങനെ പെരുമാറണമെന്ന് ആൺമക്കളെ അവരുടെ മാതാപിതാക്കൾ പറഞ്ഞുകൊടുക്കുന്നതോ ശീലിപ്പിക്കുന്നതോ പതിവില്ല. മാത്രമല്ല ഭാര്യയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ ഭർത്താവിന്റെ വീട്ടുകാർ പൊതുവെ ന്യായീകരിക്കുകയും ചെയ്യും. ഈ മനോഭാവം മാറാതെ ഗാർഹിക പീഡനങ്ങൾക്ക് കേരളത്തിൽ അറുതിയുണ്ടാവാൻ പോകുന്നില്ല.
 

Latest News