പ്രതിപക്ഷ ഐക്യത്തിന് രാഹുല്‍ ശരത് പവാറുമായി കൈകോര്‍ക്കണമെന്ന് ശിവസേന

മുംബൈ- കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയെ നേരിടാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍സിപി ആധ്യക്ഷന്‍ ശരത് പവാറുമായി കൈകോര്‍ക്കണമെന്ന് ശിവ സേന. 'രാഹുല്‍ സ്ഥിരമായി കേന്ദ്രത്തേയും അവരുടെ നയങ്ങളേയും ആക്രമിക്കുന്നുണ്ട്. പക്ഷെ അത് ട്വിറ്ററില്‍ മാത്രമാണ്' എന്നും ശിവസേന മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശരീരഭാഷ മാറിയിട്ടുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി. 'രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയി എന്ന് അദ്ദേഹത്തിന് അറിയാം. ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷം ദുര്‍ബലരും വിഘടിച്ച് നില്‍ക്കുന്നവരുമായതിനാല്‍ ഒരു ഭീഷണിയുമില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി- ശിവസേന പറയുന്നു.

മഹാരാഷ്ട്രയില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും അധികാരം പങ്കിടുന്നവരാണ് ശിവസേന. കഴിഞ്ഞ ദിവസം ശരത് പവാര്‍ ദല്‍ഹിയില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടി നോതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ബിജെപിക്കെതിരെ ഒരുമിക്കേണ്ടതു സംബന്ധിച്ച ചര്‍ച്ച ചെയ്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ലോക് ദള്‍, സിപിഎം, സിപിഐ തുടങ്ങിയ പാര്‍്ട്ടികള്‍ പങ്കെടുത്തിരുന്നു. 

Latest News