സൗദി അരാംകോ ചെയര്‍മാന്‍ റിലയന്‍സ് ബോര്‍ഡില്‍; അരാംകോ കരാര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അംബാനി

മുംബൈ- ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയുമായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 1500 കോടി ഡോളറിന്റെ  ഇന്ധന കരാര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. അരാംകോ ചെയര്‍മാനും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യാന്‍ ഉടന്‍ റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ചേരുമെന്നും റിലയന്‍സിന്റെ 44ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി അറിയിച്ചു. ആഗോള തലത്തില്‍ ഇന്ധന, ധനകാര്യ, സാങ്കേതികവിദ്യാ രംഗത്ത് ഏറ്റവും പ്രമുഖരില്‍ ഒരാളാണ് യാസില്‍ അല്‍ റുമയ്യാന്‍. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് റിലയന്‍സിന് മുതല്‍കൂട്ടാകുമെന്നും മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ബോര്‍ഡിലേക്കുള്ള യാസിര്‍ അല്‍ റുമയ്യാന്റെ വരവ് കമ്പനിയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിന് തുടക്കമാണെന്നും അംബാനി വിശേഷിപ്പിച്ചു.

റിലയന്‍സിന്റെ ഓയില്‍-ടു-കെമിക്കല്‍സ് ബിസിനസിന്റെ 20 ശതമാനം ഓഹരി അരാംകോയ്ക്ക് വില്‍ക്കുന്ന കാര്യം ചര്‍ച്ചയിലാണെന്ന് 2019ലെ റിലയന്‍സ് ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) അംബാനി പറഞ്ഞിരുന്നു.  ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സിന്റെ ഓയില്‍ റിഫൈനറികളും പെട്രോകെമിക്കല്‍ കേന്ദ്രങ്ങളുമാണ് ഇതിലുള്‍പ്പെടുന്നത്. ഈ കരാര്‍ മാര്‍ച്ച് 2020ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
 

Latest News