യുഎസിനു കൈമാറാനുള്ള ഉത്തരവിനു പിന്നാലെ മക്കഫി ജയിലില്‍ ആത്മഹത്യ ചെയ്തു

മാഡ്രിഡ്- ആന്റിവൈറസ് സോഫ്‌റ്റ്വെയര്‍ മക്കഫിയുടെ ഉപജ്ഞാതാവ് ജോണ്‍ മക്കഫിയെ സ്‌പെയ്‌നിലെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസില്‍ യുഎസില്‍ നിയമനടപടികള്‍ നേരിടുന്ന മക്കഫിയെ യുഎസിനു കൈമാറാനുള്ള സ്പാനിഷ് കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് 75കാരനായ മക്കഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് ജയില്‍ വക്താവ് അറിയിച്ചു. നികുതിവെട്ടിപ്പ് കേസില്‍ പിടികൂടാനായി യുഎസ് തേടിക്കൊണ്ടിരിക്കുന്നതിനിടെ 2020 ഒക്ടോബറില്‍ സ്‌പെയ്‌നിലെ ബാഴ്‌സിലോണ വിമാനത്താവളത്തില്‍ വച്ചാണ് മക്കഫി അറസ്റ്റിലായത്. ഇതുവഴ് ഇസ്താംബൂളിലേക്കു പോകുന്നതിനിടെയാണ് പിടിയിലായത്.

വന്‍ സമ്പാദ്യം നേടിയിരുന്നെങ്കിലും 2014 മുതല്‍ 2018 വരെ നികുതി നല്‍കാതെ വെട്ടിപ്പ് നടത്തിയെന്നാണ് മക്കഫിക്കെതിരെ യുഎസിലുള്ള കേസ്. ശിക്ഷിക്കപ്പെട്ടാല്‍ 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഈ കേസില്‍ കുറ്റവാളിയായ മക്കഫിയെ യുഎസിനു കൈമാറുന്നതിന് സ്‌പെയ്‌നിലെ നാഷണല്‍ കോടതി ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും അവസരമുണ്ടായിരുന്നു. കുറ്റവാളി കൈമാറ്റത്തിന് സ്‌പെയ്ന്‍ മന്ത്രിസഭയുടെ അനുമതി കൂടി ആവശ്യമായിരുന്നു.
 

Latest News