തായ്‌പെ- അടുക്കളയുടെ ചുവര് പൊളിച്ചുമാറ്റി ഭക്ഷണം അടിച്ചു മാറ്റിയ ആനക്കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തായ്‌ലാന്റിലാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ തായ്ലന്‍ഡിലെ ചാലെര്‍കിയാട്ടപട്ടാന ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ ശബ്ദം കേട്ട് വീട്ടുടമസ്ഥനായ രച്ചദവന്‍ പ്യൂങ്പ്രാസോപ്പണ്‍ ഉണര്‍ന്നപ്പോള്‍ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. അടുക്കളഭാഗത്തെ ചുമര് തന്റെ തല കടക്കാന്‍ പാകത്തിനുമാത്രം പൊളിച്ചുമാറ്റി ഈ ഒരു ആന അടുക്കളയിലേക്ക് തല നീട്ടി തുമ്പിക്കൈ കൊണ്ട് ഭക്ഷണവസ്തുക്കള്‍ തിരയുന്നു. അമ്പരന്നുപോയ രച്ചദവന്‍, ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ കുലുങ്ങിയില്ല.
പരിഭ്രാന്തനായ രച്ചദവന്‍ സംഭവം വീഡിയോയില്‍ ചിത്രീകരിച്ചു. ഭക്ഷണത്തിനായി എല്ലാം വാരിവലിച്ചെറിയുന്ന ആനയെയല്ല, മര്യാദക്കാരനായി, അച്ചടക്കത്തോടെ ഭക്ഷണവസ്തുക്കള്‍ തിരയുന്ന ഗജരാജനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ബൂഞ്ചുവേ എന്ന ഈ ആന തായ്ലന്‍ഡിലെ കെയ്ങ് ക്രാച്ചന്‍ നാഷണല്‍ പാര്‍ക്കിലെ അന്തേവാസിയാണ്. ഗ്രാമത്തില്‍ ബൂഞ്ചുവേ ഭക്ഷണം തേടി വരുന്നത് ഇതാദ്യമല്ല. ആന ഇടയ്ക്കിടെ ഈ പ്രദേശം സന്ദര്‍ശിക്കാറുണ്ടെന്ന് പാര്‍ക്കിന്റെ സൂപ്രണ്ട് ഇത്തിപോണ്‍ തൈമണ്‍കോള്‍ പറയുന്നു. ഭക്ഷണം മണത്തറിയാന്‍ കഴിയുന്നതിനാല്‍ പ്രാദേശിക മാര്‍ക്കറ്റ് ഉള്ളപ്പോള്‍ ആനകള്‍ എല്ലായ്‌പ്പോഴും അവിടം സന്ദര്‍ശിക്കാറുണ്ടെന്നും ഇത്തിപ്പോണ്‍ പറഞ്ഞു.