കസ്റ്റഡി മരണത്തെ തുടര്‍ന്ന് കയ്‌റോവില്‍ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു

കയ്‌റോ- ഈജിപ്ത് പോലീസ് സ്റ്റേഷനകത്ത് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനമായ കയ്‌റോവിലെ പോലീസ് സ്റ്റേഷനുള്ളിലാണ് യുവാവ് മരിച്ചത്. പ്രതിഷേധിച്ച ജനക്കൂട്ടം മൂന്ന് പോലീസ് വാഹനങ്ങളടക്കം പത്ത് കാറുകള്‍ കത്തിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കയ്‌റോയിലെ മുഖത്തം ഡിസ്ട്രിക്ടില്‍ ശനിയാഴ്ച രാത്രി ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ പോലീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ജനക്കൂട്ടത്തെ തുരത്താന്‍ പോലീസ് ജലപീരങ്കികള്‍ പ്രയോഗിച്ചു.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത അഫ്രോട്ടെ എന്ന യുവാവാണ് മറ്റു തടവുകാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പോലീസിനാണെന്ന് ആരോപിച്ച് ജനങ്ങള്‍ പോലീസ് സ്റ്റേഷനു സമീപം കാറുകളും ടയറുകളും കത്തിച്ചു. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തടവുകാരന്റെ മരണം പോലീസിന്റെ ഇടപെടലില്ലാതെ അന്വേഷിക്കുമെന്ന് കയ്‌റോയിലെ സുരക്ഷാ മേധാവി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മുഖത്തം ശാന്തമായത്. മൃതദേഹം പരിശോധിച്ച പ്രോസിക്യൂട്ടര്‍ ഫോറന്‍സിക് പരിശോധനക്ക് നിര്‍ദേശിച്ചിട്ടുണ്ട്.
കസ്റ്റഡി മരണങ്ങളുടെ പേരില്‍ ഈയടുത്ത കാലത്ത് ഈജിപ്തില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ പോലീസുകാര്‍ പീഡിപ്പിച്ചു കൊല്ലുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.
2011 ല്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിനെ താഴെ ഇറക്കിയ വിപ്ലവത്തിനു പിന്നില്‍ പോലീസിന്റെ അമിതാധികാരവും ഒരു കാരണമായിരുന്നു.

 

Latest News