Sorry, you need to enable JavaScript to visit this website.

പെൻഷൻ ഏജൻസികളുടെ ലയനം: ആസ്തികൾ 93,750 കോടിയാകും

റിയാദ്- സർക്കാർ ജീവനക്കാരുടെ പെൻഷൻ ചുമതലയുള്ള പബ്ലിക് പെൻഷൻ ഏജൻസിയുടെയും സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാർക്ക് പെൻഷൻ പരിരക്ഷ നടപ്പാക്കുന്ന ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെയും ലയനത്തിലൂടെ നിലവിൽ വരുന്ന പുതിയ ഏജൻസിയുടെ ആസ്തികൾ 93,750 കോടി റിയാൽ (25,000 കോടി ഡോളർ) ആകുമെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിനു കീഴിലെ നിക്ഷേപ വിഭാഗമായ ഹിസാന ഇൻവെസ്റ്റ്‌മെന്റ് കമ്പനി സി.ഇ.ഒ സഅദ് അൽഫദ്‌ലി പറഞ്ഞു. 
പെൻഷൻ ഏജൻസികളെ ലയിപ്പിക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരുമായി മത്സരിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതിക്ക് അനുസൃതമായാണ് പെൻഷൻ ഏജൻസികളെ ലയിപ്പിക്കുന്നത്. 


ലയനം പെൻഷൻ ഏജൻസികളുടെ ചെലവുകൾ കുറക്കാനും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാനും സഹായിക്കുമെന്ന് സഅദ് അൽഫദ്‌ലി പറഞ്ഞു. ലയന പ്രക്രിയയുടെ ഭാഗമായി നിക്ഷേപ തന്ത്രം പുനഃപരിശോധിക്കും. മുൻകാലത്ത് നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം ലഭിച്ചിരുന്നു. ഇത് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സഅദ് അൽഫദ്‌ലി പറഞ്ഞു. 
ലയനം പെൻഷൻ ഫണ്ടിന്റെ നില മെച്ചപ്പെടുത്തും. ലോകത്തെ ഏറ്റവും വലിയ പത്തു നിക്ഷേപകരിൽ ഒന്നായി ലയനത്തിലൂടെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് മാറും. സൗദി പെൻഷൻ ഫണ്ടുകൾക്ക് രാജ്യത്തെ കമ്പനികളിൽ മാത്രമല്ല, ആഗോള കമ്പനികളിലും ഭീമമായ നിക്ഷേപങ്ങളുണ്ട്. ലോകത്തെ മുൻനിര കൊറോണ വാക്‌സിൻ നിർമാതാക്കളായ അസ്ട്രാസെനിക്കയിൽ 20.4 കോടി ഡോളറിന്റെയും എച്ച്.എസ്.ബി.സി ഹോൾഡിംഗ്‌സിൽ 17.1 കോടി ഡോളറിന്റെയും നിക്ഷേപങ്ങൾ പെൻഷൻ ഏജൻസികൾക്കുണ്ട്. സൗദിയിലെ അൽഅഹ്‌ലി ബാങ്കിൽ 870 കോടി ഡോളറിന്റെ ആസ്തികളും അൽറാജ്ഹി ബാങ്കിൽ 430 കോടി ഡോളറിന്റെയും ആസ്തികളുള്ള പെൻഷൻ ഏജൻസികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിലും ബോണ്ടുകളിലും ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളുണ്ട്. 


നിലവിൽ ലോകത്തെ ഏറ്റവും വലിയ പെൻഷൻ ഫണ്ട് ജപ്പാനിലെ സർക്കാർ പെൻഷൻ ഫണ്ട് ആണ്. ഇതിന്റെ ആസ്തികൾ 1.7 ട്രില്യൺ ഡോളറാണ്. പത്താമത്തെ പെൻഷൻ ഫണ്ട് അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ പെൻഷൻ ഫണ്ട് ആണ്. ഇതിന് 255 ബില്യൺ ഡോളറിന്റെ ആസ്തികളുണ്ട്. 

Latest News