റെയ്ഡ് വിവരങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി മന്ത്രാലയ ഉദ്യോഗസ്ഥൻ കുടുങ്ങി

റിയാദ് - വാണിജ്യ സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും നടത്തുന്ന പരിശോധനകളെ കുറിച്ച് വിദേശികൾക്ക് മുൻകൂട്ടി വിവരം നൽകി കൈക്കൂലി സ്വീകരിച്ച കേസിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും ആറു വിദേശികളും അറസ്റ്റിലായതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. ഉദ്യോഗസ്ഥനിൽ നിന്ന് മുൻകൂട്ടി ലഭിക്കുന്ന വിവരങ്ങൾ പരിശോധനകൾ നടത്താൻ തീരുമാനിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരെ വിദേശികൾ അറിയിക്കുകയും നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്താതിരിക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കുകയുമാണ് ചെയ്തിരുന്നത്. വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നിൽ നിന്ന് ഈ രീതിയിൽ 10,000 റിയാൽ ഈടാക്കി വിദേശികൾ മന്ത്രാലയ ഉദ്യോഗസ്ഥന് കൈമാറുന്നതിനിടെയാണ് ഏഴു പേരെയും സുരക്ഷാ വകുപ്പുകൾ കൈയോടെ അറസ്റ്റ് ചെയ്തത്. 


രണ്ടു കമ്പനികൾ തമ്മിലുള്ള വ്യാപാര തർക്കത്തിൽ ആർബിട്രേഷൻ കേസ് അനുവദിക്കുന്നതിന് എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് 19,500 റിയാൽ കൈക്കൂലി സ്വീകരിക്കുന്നതിനിടെ വാണിജ്യ കോടതി മുഖ്യ ജഡ്ജിയും അറസ്റ്റിലായിട്ടുണ്ട്. ആർബിട്രേഷൻ കേസുകൾ അനുവദിക്കുന്നതിന് നേരത്തെ മറ്റു എൻജിനീയറിംഗ് കൺസൾട്ടിംഗ് ഓഫീസുകളിൽ നിന്ന് ഇതേ ജഡ്ജി 22,000 റിയാൽ കൈക്കൂലിയായി സ്വീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.


തനിക്കു മുന്നിലെത്തിയ കേസ് മരവിപ്പിക്കുന്നതിന് 30,000 റിയാൽ കൈക്കൂലി സ്വീകരിച്ച പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനും അറസ്റ്റിലായി. കൈക്കൂലി ലഭിക്കാൻ വേണ്ടി കേസിലെ കക്ഷികളിൽ ഒരാൾക്കു മേൽ സമ്മർദം ചെലുത്തുന്നതിന് ഉദ്യോഗസ്ഥൻ കേസിൽ തീർപ്പ് കൽപിക്കുന്നത് കരുതിക്കൂട്ടി ഏഴു മാസം വൈകിക്കുകയും ചെയ്തിരുന്നു. 
നിയമ വിരുദ്ധമായി വസ്തു കൈമാറ്റ നടപടികൾ പൂർത്തിയാക്കുന്നതിന് കൂട്ടുനിന്ന് 20,000 റിയാൽ കൈക്കൂലി സ്വീകരിച്ച നോട്ടറി പബ്ലിക് ഉദ്യോഗസ്ഥനും ഇയാൾക്ക് കൈക്കൂലി നൽകിയ യൂനിവേഴ്‌സിറ്റി അധ്യാപകനും പിടിയിലായി. സ്‌കൂൾ നടത്തിപ്പ് ആവശ്യങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയ 1,53,942 റിയാൽ തട്ടിയെടുത്ത തഹ്ഫീസുൽ ഖുർആൻ, സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 


വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ച് തന്റെ ഏതാനും പരിചയക്കാരെ സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ രജിസ്റ്റർ ചെയ്ത മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക സുരക്ഷാ വിഭാഗം മേധാവിയും പിടിയിലായിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ നിയമ വിരുദ്ധമായി രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക് അഞ്ചു ലക്ഷം റിയാൽ സാമൂഹിക സുരക്ഷാ സഹായമായി മന്ത്രാലയത്തിൽ നിന്ന് വിതരണം ചെയ്തിരുന്നു. 


ആരോഗ്യ മന്ത്രാലയത്തിൽ നിയമനം നൽകുന്നതിനു പകരം സൗദി പൗരന്മാരിൽ നിന്ന് പണം ഈടാക്കിയ മന്ത്രാലയ ഉദ്യോഗസ്ഥനും അറസ്റ്റിലായി. ആകെ 40,000 റിയാലാണ് ഉദ്യോഗസ്ഥൻ ഈ രീതിയിൽ ഈടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ പറഞ്ഞു.
 

Latest News