നാക്കില്‍ സിഗരറ്റ് കുത്തി പൊള്ളിച്ച പോലീസുകാരുടെ ശിക്ഷ ശരിവെച്ചു; സംഭവം കാല്‍ നൂറ്റാണ്ട് മുമ്പ്

കൊച്ചി- നിരപരാധിയെ ക്രൂരമായ ലോക്കപ്പ്​ മർദനത്തിനിരയാക്കിയ കേസിൽ പ്രതികളായ പോലീസ്​ ഉദ്യോഗസ്ഥർക്ക്​ വിധിച്ച തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. 25 വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

1996ൽ എഴുകോൺ സ്വദേശി അയ്യപ്പനെ ​പോലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിന്​ ഇരയാക്കിയ ശേഷം കത്തിച്ച സിഗരറ്റ്​ നാക്കിൽ കുത്തി പൊള്ളലേൽപിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയും സംഭവ സമയത്ത് എഴുകോൺ എസ്​.ഐയുമായിരുന്ന ഡി. രാജഗോപാൽ, മൂന്നുമുതൽ അഞ്ചുവരെ പ്രതികളും കോൺസ്​റ്റബിൾമാര​ുമായിരുന്ന മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവർക്ക്​ ​ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ഒരുവർഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷയാണ്​ ജസ്​റ്റിസ്​ മേരി ജോസഫ്​​ ശരിവെച്ചത്​. രണ്ടാം പ്രതിയായിരുന്ന എ.എസ്.ഐ ടി.കെ. പൊടിയൻ വിചാരണ കാലയളവിൽ മരിച്ചിരുന്നു.

1996 ഫെബ്രുവരി എട്ടിന് വൈകീട്ട് 5.45 നാണ് കൂലിപ്പണിക്കാരനായ എഴുകോൺ മുകളുവിള വീട്ടിൽ അയ്യപ്പനെ എഴുകോൺ ​െപാലീസ് കസ്​റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ്​ അറസ്​റ്റ്​ ചെയ്​തത്​. പിറ്റേ ദിവസം വൈകീട്ട് 4.20ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോള്‍ അയ്യപ്പൻ ലോക്കപ്പ്​ മർദനത്തെക്കുറിച്ച്​ മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടു. ഇക്കാര്യം റിമാൻഡ് അപേക്ഷയിൽ രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് അടിയന്തര വൈദ്യസഹായം നൽകാൻ നിർദേശിച്ച് അയ്യപ്പനെ ജാമ്യം നൽകി വിട്ടയച്ചു.

കസ്​റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച ​പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996ൽതന്നെ അയ്യപ്പൻ സ്വകാര്യ അന്യായം ഫയൽ ചെയ്തു​. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2009 ഏപ്രിൽ മൂന്നിനാണ്​ പൊലീസ്​ ഉദ്യോഗസ്ഥരെ ശിക്ഷിച്ച്​ മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിട്ടത്​.

10,000 രൂപ അയ്യപ്പന് നഷ്​ടപരിഹാരം നൽകാനും കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ കൊല്ലം സെഷൻസ് കോടതിയിൽ നൽകിയ അപ്പീലുകൾ 2012ൽ കൊല്ലം അതിവേഗ കോടതി തള്ളി. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Latest News