കോട്ടയം- ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള ദേശീയ രാഷ്ട്രീയ കരുനീക്കം കേരളരാഷ്ട്രീയത്തിൽ പ്രത്യേകിച്ച് യു.ഡി.എഫിലുള്ള എൻ.സി.പി വിഭാഗത്തിൽ പ്രതിഫലിച്ചേക്കും. എൻ.സി.പിയുടെ യു.ഡി.എഫിലുള്ള ഘടകത്തിലെ എം.എൽ.എയായ മാണി സി. കാപ്പൻ ശരദ് പവാറിന്റെ ക്യാമ്പിലാണ്. പവാറിന്റെ ആശീർവാദത്തോടെയാണ് കാപ്പൻ പാലായിൽ മത്സരിച്ചതും.
എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലോടെയായിരുന്നു ഇത്. പക്ഷേ ഇടതു മുന്നണി അധികാരത്തിൽ തുടർന്നത് തിരിച്ചടിയായി. പാലായ്ക്കു പകരം കാപ്പന് ഇടതു മുന്നണി സീറ്റ് വാഗ്ദാനം ചെയ്തതാണ്. പക്ഷേ പാലായിൽ തന്നെ മത്സരിക്കുമെന്ന ഉറച്ചനിലപാടിലായിരുന്നു. യു.ഡി.എഫ് കാപ്പനെ സ്വാഗതം ചെയ്തു ടിക്കറ്റും നൽകി. പാലായിൽ മിന്നുന്ന ജയം നേടിയെങ്കിലും തുടർ രാഷ്ട്രീയമാണ് വഴിമുട്ടിയത്. ഇതിനിടെയാണ് പ്രതിപക്ഷ ഐക്യനിരക്കായി പവാർ ദൽഹിയിൽ യോഗം വിളിച്ചു ചേർത്തത്. ബി.ജെ.പി ഇതര സഖ്യത്തിലെ പ്രധാന കക്ഷികൾ വിട്ടു നിന്നുവെങ്കിലും സി.പി.എം ഉൾപ്പടെയുള്ള കക്ഷികൾ യോഗത്തിലേക്ക് രണ്ടാം നിര നേതാക്കളെ അയച്ചിരുന്നു. അതായത് പവാറിന്റെ നീക്കത്തെ സി.പി.എം പിന്തുണയ്ക്കുന്നുവെന്നതിന്റെ സൂചനയായി ഇതിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. അങ്ങനെയങ്കിൽ മാണി സി. കാപ്പൻ സ്വാഭാവികമായും ശരദ് പവാറിന്റെ സഖ്യത്തിന്റെ ഭാഗമാകും. കേരള രാഷ്ട്രീയത്തിൽ ചലനം ഉണ്ടാക്കുന്നതാവും ആ സഖ്യം. പ്രത്യേകിച്ച് മധ്യകേരളത്തിൽ.
എൽ.ഡി.എഫ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫിൽ എത്തിയ കാപ്പൻ യു.ഡി.എഫിലെ ചില കാര്യങ്ങളിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത രീതിയോട് പരസ്യമായി തന്നെ വിയോജിപ്പു രേഖപ്പെടുത്തി. വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നായിരുന്നു വിമർശനം. കോൺഗ്രസിലെ നിലവിലുള്ള സംഭവവികാസങ്ങളിലുള്ള അതൃപ്തി പ്രകടിപ്പിക്കലായിരുന്നു അത്. പാലായിൽ ജയിച്ചപ്പോൾ തന്നെ അദ്ദേഹം ശരത് പവാറിനെ കാണാൻ പോയിരുന്നു. പവാറുമായി രാഷ്ട്രീയ കുടിയാലോചനയ്ക്കാണ് ഇതെന്നായിരുന്നു വ്യാഖ്യാനം.
എൻ.സി.പിയിൽ പ്രസിഡന്റായ പി.സി. ചാക്കോ കോൺഗ്രസിൽനിന്ന് പലരെയും പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും കാപ്പനെ തിരികെ ഇടതു പാളയത്തിലെത്തിക്കാനാണ് നീക്കം. പാലായിൽ വിജയിച്ചുവെങ്കിലും കാര്യമായ വികസന പ്രവർത്തങ്ങൾ പോലും നടത്താൻ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം. ഇടതു മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ പാലായിൽ യു.ഡി.എഫ് എം.എൽ.എ എന്ന നിലയിലുള്ള പരിമിതി മനസ്സിലാക്കിയാണ് താൻ വികസനത്തിനായി ആരുമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയത്. പാലായിൽ വല്ലാത്ത വീർപ്പുമുട്ടൽ കാപ്പൻ അനുഭവിക്കുന്നുണ്ട്. ഇത് ഏതു തരത്തിലുള്ള മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുക എന്നതാണ് കണ്ടറിയാനുള്ളത്. മണ്ഡലത്തിലെ പലകാര്യങ്ങളും കാപ്പൻ വൈകിയാണ് അറിയുന്നത്. കുടിവെള്ള പദ്ധതിയുടെ പേരിൽ പോലും ഇടയേണ്ടി വന്നതും പരസ്യവാഗ്വാദം നടത്തിയതും പാലാ സാക്ഷ്യം വഹിച്ചു.
പ്രതിപക്ഷ നേതാവിനെതിരായ വിമർശനത്തോടെ യു.ഡി.എഫിലും കാപ്പന് കാര്യമായ പരിഗണനയില്ല. മുട്ടിലിൽ മരം മുറി സ്ഥലത്തേക്കുള്ള യു.ഡി.എഫ് പ്രതിനിധി സംഘം പോയപ്പോൾ കാപ്പനെ അറിയിച്ചില്ല. ഇതിലുള്ള പ്രതിഷേധവും കാപ്പൻ അടുത്തിടെ പ്രകടിപ്പിക്കുകയുണ്ടായി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നുമാറിയതോടെ ഫലത്തിൽ കാപ്പനു പിടിവള്ളിയില്ലാതെയായി. അതേസമയം പാർട്ടി രൂപീകരിച്ചെങ്കിലും പേരിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. എൻ.സി.കെ എന്ന പേരിലാണ് പാർട്ടി രൂപീകരിച്ചതെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാത്തതിനാൽ മറ്റുരണ്ടു പേരുകൾകൂടി സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ പവാറിന്റെ നേതൃത്വത്തിൽ ദേശീയ ഐക്യത്തിനായി നീക്കം തുടങ്ങിയതോടെ എൻ.സി.പി ആ കുടക്കീഴിലേക്ക് മാറേണ്ടിവരും.