അതിര്‍ത്തി ലംഘിച്ച ബ്രിട്ടീഷ് യുദ്ധക്കപ്പലിനു നേരേ മുന്നറിയിപ്പ് വെടിവച്ചെന്ന് റഷ്യ

മോസ്‌കോ- കരിങ്കടലില്‍ തങ്ങളുടെ ജലാതിര്‍ത്തി ലംഘിച്ച ബ്രിട്ടീഷ് നാവിക സേനാ കപ്പലിനു നേര്‍ക്ക് മുന്നറിയിപ്പ് വെടിവച്ചെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം. സംഭവം ബ്രിട്ടന്‍ നിഷേധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് നാവിക സേനയുടെ എച്.എം.എസ് ഡിഫന്‍ഡര്‍ കപ്പല്‍ ജലാതിര്‍ത്തി ലംഘിച്ചെന്നും പ്രാഥമിക മുന്നറിയിപ്പിന്റെ ഭാഗമായി വെടിയുതിര്‍ത്തെന്നുമാണ് റഷ്യ പറയുന്നത്. എന്നാല്‍ ബ്രിട്ടീഷ് കപ്പല്‍ മുന്നറിയിപ്പിനോട് പ്രതികരിച്ചില്ലെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. അതിര്‍ത്തി നിരീക്ഷണ കപ്പലില്‍ നിന്നാണ് ബ്രിട്ടീഷ് കപ്പലിനു നേര്‍ക്ക് നിറയൊഴിച്ചത്. കപ്പലിന്റെ പാതയില്‍ സു-24 പോര്‍വിമാനം ഉപയോഗിച്ച് നാലു ബോംബുകളുമിട്ടു. ഇതോടെ ബ്രിട്ടീഷ് കപ്പല്‍ അതിര്‍ത്തി വിട്ടെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് റഷ്യയിലെ ബ്രിട്ടീഷ് മിലിറ്ററി അറ്റാഷെയെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുവരുത്തിയതായും റിപോര്‍ട്ടുണ്ട്.

അതേസമയം ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. റോയല്‍ നേവിയുടെ എച്ച്.എം.എസ് ഡിഫന്‍ഡര്‍ രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് യുക്രൈന്‍ ജലാതിര്‍ത്തിയിലൂടെ പ്രകോപനമുണ്ടാക്കാതെ സഞ്ചരിക്കുകയായിരുന്നുവെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. 

റഷ്യന്‍ അതിര്‍ത്തിയില്‍ പാശ്ചാത്യ ശക്തികളുടെ പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളും ഉള്‍പ്പെടുന്ന ഉരസലുകള്‍ ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും വെടിവപ്പ് അപൂര്‍വമായെ സംഭവിക്കാറുള്ളൂ.
 

Latest News