ബെംഗളുരു- വാക്‌സിനെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നതായി അമേരിക്കയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലും ലഭിക്കും സമ്മാനങ്ങള്‍. നല്‍കുന്നത് പക്ഷെ സര്‍ക്കാരല്ല. രണ്ടാം തരംഗത്തിനുശേഷം എല്ലാം വീണ്ടും തുറന്ന് വരുന്ന ഘട്ടത്തില്‍ വിപണിയില്‍ പുത്തനുണര്‍വുണ്ടാക്കാനും അതോടൊപ്പം വാക്‌സിനേഷന് പ്രോത്സാഹിപ്പിക്കാനും പല കമ്പനികളുമാണ് ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഡോസ് ആയാലും വാക്‌സിനെടുത്തവര്‍ക്ക് 10 ശതമാനം വരെ ഇളവ് നല്‍കുമെന്ന് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു.
ബഹുരാഷ്ട്ര ഫാസ്റ്റ്ഫൂഡ് ഭീമാന മക്‌ഡൊനള്‍ഡ്‌സും ഇന്ത്യയില്‍ വാക്‌സിന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിഭവങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവ് നല്‍കും. ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പിങ് സൈറ്റായ ഗ്രോഫേഴ്‌സ് ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനാണ് വാക്‌സിനെടുത്തവര്‍ക്ക് നല്‍കുന്നത്. മുന്‍നിര ഗൃഹോപകരണ നിര്‍മാതാക്കളായ ഗോദ്‌റെജ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന വാക്‌സിനെടുത്തവര്‍ക്ക് വാറന്റി കാലാവധി നീട്ടി നല്‍കും. പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വാക്‌സിനെടുത്ത ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ചൈനയും യുഎസും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യം ഇന്തയാണ്. എന്നാല്‍ ഇന്ത്യയിലെ 18 വയസ്സിനു മുകളിലുള്ള 95 കോടി ജനങ്ങളില്‍ വെറും 5.5 ശതമാനം പേര്‍ക്കു മാത്രമാണ് ഇതുവരെ പൂര്‍ണമായും വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ. ഓഗസ്റ്റ് മാസത്തോടെ മാത്രമെ ഇന്ത്യയിലെ വാക്‌സിന്‍ ലഭ്യത വര്‍ധിക്കൂവെന്നാണ് കരുതപ്പെടുന്നത്.