ഇതെഴുതാനിരിക്കേ വെറുതെയാണ് ഖാദറിന്റെ പ്രിയപ്പെട്ട ഉമ്മയുടെ പേര് മനസ്സിലുടക്കിയത്. റാബിയത്തുൽ അദബിയ്യ ബീവി. എട്ടാം നൂറ്റാണ്ടിലെ (717-801) സൂഫി വിശുദ്ധയുടെ പേരാണത്. നിസ്വാർഥ ദൈവ സ്‌നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്ര ബിന്ദുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഉമ്മയുടെ പേരൊഴുകും വഴികളിലായിരിക്കുമോ ഖാദറിന്റെ ഭക്തി ഗാനങ്ങൾ?
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട മലനിരകളുടെ പരിസര ഗ്രാമമാണ് പൂവച്ചൽ. ആ നാടിന്റെ പേരിൽ അറിയപ്പെടുന്ന ചില പേരുകൾ ഓർമയിലുണ്ട്. അവയിലൊന്നാണ് പ്രൊഫ. പൂവച്ചൽ എൻ. അലിയാരു കുഞ്ഞിന്റേത്. യൂനിവേഴ്‌സിറ്റി കോളേജിൽ അറബിക് ഡിപ്പാർട്ട്‌മെന്റ് തലവനായി പിരിഞ്ഞ ശേഷവും മരണം വരെ സമൂഹത്തിന് എന്ത് ചെയ്യാം എന്നാലോചിച്ച വ്യക്തി. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമ. സമാന ചിന്തയുള്ളവരുമായി സംവദിക്കാനായി തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ അദ്ദേഹത്തിന് ഒരു ഇരിപ്പടമുണ്ടായിരുന്നു. കണ്ടുമുട്ടിയാൽ പറയാനുണ്ടാവുക ലോകഗതിയും, ജനിച്ച സമൂഹത്തിന്റെ കാര്യങ്ങളും മാത്രം. അടുത്ത കാലത്ത് മരിച്ചു. ഇന്ത്യയാകെ തെറ്റിദ്ധരിച്ച ടിപ്പുസുൽത്താനെ തിരുത്തി എഴുതാൻ ചെറിയ ശ്രമം നടത്തിയ വ്യക്തിയുമായിരുന്നു. അതിന് മുമ്പ് പി.കെ. ബാലകൃഷ്ണനെ പോലുള്ളവർ ആ ദൗത്യം ഗൗരവത്തിൽ തന്നെ നിർവഹിച്ചിരുന്നു. പൂവച്ചൽ പ്രദേശത്തിന്റെ കാര്യം ഇങ്ങനെ പറയേണ്ടി വന്നത് പൂവച്ചൽ ഖാദർ എന്ന വ്യക്തിയുടെ ജീവിതത്തിലെ വഴിത്തിരിവുകൾ ഓർത്തപ്പോഴാണ്. അലിയാരു കുഞ്ഞ് മാത്രമായിരുന്നില്ല പൂവച്ചലിൽ ആ വഴിക്ക് ചിന്തിച്ചവർ. മത ന്യൂനപക്ഷ രാഷ്ട്രീയത്തിനൊക്കെ നല്ല വളക്കൂറുണ്ടായിരുന്ന പ്രദേശമായിരുന്നു അത്. പൂവച്ചലിൽ നിന്ന് ജോലി ആവശ്യത്തിനായി 1972 ൽ കോഴിക്കോട്ട് വന്ന ഖാദറിന്റെ നിത്യസന്ദർശക പരിസരത്തായിരുന്നു (ചന്ദ്രിക ദിനപത്രം ഓഫീസ്) ഇതെഴുതുന്നയാളുടെയും ഇടം. അതു കാരണം പൂവച്ചൽ ഖാദറിനെ അദ്ദേഹത്തിലെ പ്രതിഭ തിരിച്ചറിയപ്പെടുന്നതിന് മുമ്പ് തന്നെ നേരിട്ട് അറിഞ്ഞിരുന്നു.
ചന്ദ്രിക പത്രം ഓഫീസും ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാനേഷ് പൂനൂരുമായിരുന്നു തൊഴിൽ കൊണ്ട് എൻജിനീയറായ ഖാദറിന്റെ വഴിമാറ്റിയെടുത്തതിൽ പ്രധാന പങ്ക് വഹിച്ചതെന്ന് നേരിട്ടറിയാം. സിനിമയുടെ മായിക പ്രപഞ്ചത്തിലേക്ക് കൺമുന്നിലൂടെ നടന്നുപോയ യാൾ എന്നാണ് കാനേഷ് പൂനൂർ ഖാദറിനെ ഓർത്തത്.
കാനേഷ് ഖാദറിനെ ഇങ്ങനെ ഓർക്കുന്നു- പി.ഡബ്ല്യൂ.ഡിയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ ഖാദറിനെ ആദ്യമായി കണ്ടത് കൈയിൽ ഒരു കവിതയുമായാണ്. അന്ന് ഞാൻ ചന്ദ്രിക ആഴിചപ്പതിപ്പിന്റെ എഡിറ്ററായിരിക്കേ പ്രസിദ്ധീകരണത്തിനുള്ള കവിതയുമായി എത്തിയതായിരുന്നു ഖാദർ.''
എത്ര പ്രതിഭാധനരായ എഴുത്തുകാരുടെയും സൃഷ്ടികൾ ഒന്നാന്തരമായി എഡിറ്റ് ചെയ്യാൻ കഴിവുള്ള വ്യക്തിയായ കാനേഷ് ഖാദറിന്റെ കവിത ഏത് വിധമായിരിക്കാം മാറ്റിമറിച്ചിട്ടുണ്ടാവുക എന്നറിയില്ല. എന്തായാലും കാനേഷിന്റെ കൈയിൽ കിട്ടുന്ന മാറ്റർ കൂടുതൽ സുന്ദര രൂപിയാവുകല്ലാതെ വൈരൂപ്യം പ്രാപിക്കില്ലെന്നുറപ്പ്. ആദ്യ കവിതക്ക് ശേഷം പിന്നീടെത്രയെത്ര കവിതകൾ പിറന്നിരിക്കാം.
കവിതയുമായെത്തിയ പരിചയം പുതിയ പല ബന്ധങ്ങളിലേക്കും വളർന്നു. കോഴിക്കോട്ടെ വൈകുന്നേരങ്ങൾ ഖാദറിനെ പോലുള്ളവർക്ക് വളരാൻ പറ്റിയ നല്ല പരിസരമായിരുന്നു. അളകാപുരിയിലും ടൗൺ ഹാളിലുംചെറുതും വലുതുമായ വേദികളിലും മിഠായിതെരുവിലുമെല്ലാം കാനേഷിനെ പോലുള്ള സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ച ഖാദറിന്റെ പ്രതിഭ കണ്ടു നിൽക്കേ വളർന്നുകൊണ്ടിരുന്നു.
സിനിമയിൽ കലാസംവിധായകനായിരുന്ന ഐ.വി. ശശിയുമായി കാനേഷിനുണ്ടായ സൗഹൃദമാണ് ഖാദറിനെ സിനിമാ വഴിയിലെത്തിച്ചത്. ഒരു കാര്യത്തിനു വേണ്ടിയും ആർത്തി കാണിക്കാത്ത ഖാദർ ഇത്തരം ബന്ധങ്ങളൊക്കെ അതിന്റേതായ പവിത്രതയോടെ നിലനിർത്തി. ഐ.വി. ശശി നിത്യമെന്നോണം കാനേഷിനെ കാണാൻ വരുമായിരുന്നു. അതേക്കുറിച്ച് കാനേഷ് പൂനൂരിന്റെ വരികൾ ഇങ്ങനെþþ-þþ ആഴ്ചപ്പതിപ്പിന്റെ പ്രവർത്തനങ്ങളിൽ ചിത്രകാരനെന്ന നിലയിൽ ശശിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താറുമുണ്ടായിരുന്നു. ഐ.വി. ശശിയോട് ഞാൻ ഖാദറിനെക്കുറിച്ചും അദ്ദേഹത്തിന്റെ വരികളെക്കുറിച്ചും സിനിമയിൽ പാട്ടെഴുതാൻ അവസരം കൊടുക്കണമെന്നും പറഞ്ഞു. താമസിയാതെ ഖാദറും ശശിയുടെ സുഹൃത്തായി.
ചെറുപ്പത്തിലേ കവിതകൾ എഴുതിയിരുന്ന ഖാദറിന്റെ വരികളിൽ ഗാനത്തിന്റെ മാധുര്യം പ്രകടമായിരുന്നു. ശശിയുടെ സഹായത്തോടെ ഖാദർ ആദ്യമായി സിനിമയ്ക്കു വേണ്ടിയെഴുതിയത് കവിതകൾ തന്നെയായിരുന്നു. 'കവിത'യെന്ന ചിത്രത്തിൽ.
അതു കഴിഞ്ഞാണ് ഞങ്ങളുടെ പൊതുസുഹൃത്തും പിൽക്കാലത്ത് 'അവളുടെ രാവുകൾ' എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ഷെരീഫിന്റെ നിറങ്ങൾ എന്ന നോവൽ കാറ്റ് വിതച്ചവൻ എന്ന പേരിൽ സിനിമയാക്കിയപ്പോഴാണ് പൂവച്ചൽ ഖാദറിന് പാട്ടെഴുതാൻ അവസരം ലഭിച്ചത്. പതിയെ ഖാദറിന്റെ വരികൾ സിനിമയ്ക്ക് അനിവാര്യമായി..''
ഐ,വി. ശശി മാത്രമായിരുന്നില്ല കാനേഷിനെ കാണാൻ വന്നിരുന്നത്. ഒരു ദിവസം ചന്ദ്രികയുടെ കോണിപ്പടി തിരക്കിട്ട് കയറവേ കാലൻ കുടയുമായി ഒരാൾ ഇറങ്ങി വരുന്നു. അതെ, അത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു. ഭവ്യതയോടെ മാറിനിന്നപ്പോൾ ഞാൻ വൈക്കം മുഹമ്മദ് ബഷീർ എന്ന് ആ പ്രതിഭയുടെ തമാശ. പ്രതിഭകളുടെ സംഗമ കേന്ദ്രങ്ങളായ ഇത്തരം നിരവധി ഇടങ്ങളിൽ വെച്ച് ഖാദറിനെ പിന്നെയും നിരവധി തവണ കണ്ടു.
ഖാദറിന്റെ ഗാനങ്ങളെക്കുറിച്ചെഴുതാനല്ല ഈ കുറിപ്പ്. പക്ഷേ അദ്ദേഹത്തിലെ ആത്മീയ വ്യക്തിത്വത്തെ അറിയാൻ ഒരെയൊരു പാട്ടെടുത്ത് പരിശോധിച്ചാൽ മതി. 'നീയെന്റെ പ്രാർഥന കേട്ടു.. നീയെന്റെ മാനസം കണ്ടു...എന്ന ക്രിസ്തീയ ഭക്തി ഗാനം കേൾക്കുന്നവർ അതെഴുതിയയാൾ ഏതൊ സുവിശേഷകനായിരിക്കുമെന്നേ കരുതുകയുള്ളൂ. കാറ്റു വിതച്ചവൻ എന്ന സിനിമക്കു വേണ്ടി ഖാദർ എഴുതിയ ഗാനമായിരുന്നു ഇത്.
ഇതെഴുതാനിരിക്കേ വെറുതെയാണ് ഖാദറിന്റെ പ്രിയപ്പെട്ട ഉമ്മയുടെ പേര് മനസ്സിലുടക്കിയത്. റാബിയത്തുൽ അദബിയ്യ ബീവി. എട്ടാം നൂറ്റാണ്ടിലെ (717-801) സൂഫി വിശുദ്ധയുടെ പേരാണത്. നിസ്വാർഥ ദൈവ സ്‌നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്ര ബിന്ദുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഉമ്മയുടെ പേരൊഴുകും വഴികളിലായിരിക്കുമോ ഖാദറിന്റെ ഭക്തി ഗാനങ്ങൾ? പിതാവിന്റെ പേര് അബൂബക്കർ. 1978 ൽ ചെന്നൈയിലേക്ക് താമസം മാറ്റിയ ഖാദർ 1995 ൽ തിരിച്ചെത്തി തിരുവനന്തപുരത്തായിരുന്നു താമസം, തിരുമലയിൽ. സുഹൃത്ത് പത്രപ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണന്റെ വീടിനടുത്ത്. കുഞ്ഞിക്കണ്ണന്റെ വീട്ടിൽ ഒരു ചടങ്ങിന് പോയപ്പോൾ ഖാദർ അവിടെയുണ്ടോ എന്നന്വേഷിച്ചിരുന്നു. കാണാൻ കഴിഞ്ഞില്ല. മനുഷ്യർക്ക് പരസ്പരം കാണാൻ പറ്റാതായ മഹാമാരി കാലത്ത് ആ രോഗത്തിന് കീഴ്‌പ്പെട്ട് മടക്കം. കാണാനും അന്ത്യ കർമങ്ങളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുപോലും അവസരം നൽകാതെയുള്ള മടക്കം. സൂഫി വനിതയുടെ പേരുള്ള ഉമ്മയുടെ മകൻ ഭൂമിയിൽ നടന്നതും ജീവിച്ചതും അവരോട് നീതി പുലർത്തി വിനയാന്വിതനായായിരുന്നു.
ഖാദർ എങ്ങനെയുള്ള മനുഷ്യനായിരുന്നു എന്നറിയൻ അദ്ദഹത്തെ ഏറ്റവും അധികം അറിഞ്ഞ കാനേഷ് പൂനൂരിന്റെ വരികൾ തന്നെ ഉദ്ധരിക്കട്ടെ- അതിങ്ങനെ 'പൂവച്ചൽ ഖാദർ തന്റെ നിഷ്‌കളങ്കത കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. ജീവിതത്തിൽ പല കാര്യങ്ങളിലും നേർത്തൊരു ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ പോലും വല്ലാത്തൊരു വെപ്രാളം കാണിക്കുമായിരുന്നു ഖാദർ. പലപ്പോഴും ഞങ്ങൾ സുഹൃത്തുക്കളുടെ കൈ പിടിച്ചായിരുന്നു അദ്ദേഹം റോഡെന്ന മഹാസമുദ്രം കടന്നത്. മരണ വാർത്തകൾ അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു. ഒരിക്കൽ പി.എ. ബക്കർ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോൾ എന്ന സിനിമയുമായി ബന്ധപ്പെട്ട ആഘോഷം ഇപ്പോൾ ഓർമ വരുന്നു. അന്ന് കെ.ജി. ജോർജും പി.എ. ബക്കറും ആദം അയൂബും പൂവച്ചൽ ഖാദറും സലാം കാരശ്ശേരിയും എം.എൻ കാരശ്ശേരിയും ഞാനും ഉൾപ്പെടെ വലിയ സംഘം അവിടെ ഉണ്ടായിരുന്നു. ആഘോഷമെല്ലാം കഴിഞ്ഞ് ഞങ്ങൾ ഉറങ്ങാൻ കിടന്നപ്പോഴാണ് സലാം കാരശ്ശേരിയുടെ പെങ്ങൾ മരിച്ചെന്ന ഫോൺ സന്ദേശം വന്നത്. വാർത്ത അറിഞ്ഞയുടെനെ പൂവച്ചൽ ഖാദറിന് ആധിയായി. അദ്ദേഹം തലകറങ്ങി വീഴുന്നു. ഉടനെ ഞങ്ങളിൽ ചിലർ താങ്ങിപ്പിടിക്കുകയായിരുന്നു. അന്യന്റെ നേർത്തൊരു സങ്കടം പോലും തന്റെ ദുഃഖമായി കാണുന്ന മനുഷ്യനായിരുന്നു പൂവച്ചൽ. സ്വന്തം വളർച്ചയ്ക്കായി അദ്ദേഹം ഒന്നും ചെയ്തില്ല.
കഴിവിന്റെ മാത്രം ബലത്തിൽ ഉയരങ്ങൾ കീഴടക്കിയ ഒരാൾ. പൂവച്ചൽ ഖാദറിന്റെ വരികൾ അദ്ദേഹത്തിന്റെ കഴിവിനെ അടയാളപ്പെടുത്തുന്നവയാണ്. എന്നിട്ടും അർഹമായ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല. എഴുതിയ പാട്ടുകൾക്കിടയിൽ ഇടയ്ക്ക് അദ്ദേഹത്തിന്റെ ആത്മാംശം കടന്നു വരാറുണ്ടായിരുന്നു. കായലും കയറും എന്ന ചിത്രത്തിലെ ചിത്തിരത്തോണിയിൽ അക്കരെപ്പോവാൻ എത്തിടാമോ പെണ്ണേ എന്ന ഗാനത്തിലെ 'ചിറയിൻകീഴിലെ പെണ്ണ്' അദ്ദേഹത്തിന്റെ ഭാര്യ തന്നെയായിരുന്നു. ഒരു പാട്ടിൽ തന്റെ മക്കളായ തുഷാര, പ്രസൂന എന്നിവരുടെ പേര് ഉൾപ്പെടുത്താനും അദ്ദേഹം മറന്നില്ല. സിനിമയിലൂടെ കുടുംബത്തിന് നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇതാവാം.
'