മുംബൈ-മുംബൈയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ രേഷ്മാ മാത്യു(43 )വാണ് ആറുവയസുകാരന്‍ മകന്‍ ഗരുഡിനൊപ്പം ജീവനൊടുക്കിയത്. താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണു മരിച്ച നിലയിലാണ് തിങ്കളാഴ്ച ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസി അറസ്റ്റിലായി. ഇയാള്‍ക്കും മാതാപിതാക്കള്‍ക്കും എതിരെ കേസെടുത്തു. അയല്‍വാസി മൂലമുള്ള ബുദ്ധിമുട്ടു സഹിക്കാന്‍ വയ്യാതെയാണ് മരണമെന്നാണ് പോലീസിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന രേഷ്മയുടെ കുറിപ്പും പോലീസ് കണ്ടെടുത്തു.
മുംബൈ ചാന്ദിവ്‌ലിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രേഷ്മയുടെ മകന്‍ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികള്‍ക്കു പരാതി നല്‍കിയിരുന്നു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായും വിവരമുണ്ട്. രേഷ്മയുടെ ഭര്‍ത്താവ് മേയ് മാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
യുഎസിലുള്ള ഏക സഹോദരന്‍ ബോബി വെള്ളിയാഴ്ച മുംബൈയിലെത്തുമെന്നാണു പോലീസിനെ അറിയിച്ചിരിക്കുന്നത്. രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടില്‍ എ.എം. മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകളാണ് മാധ്യമ പ്രവര്‍ത്തകയായിരുന്ന രേഷ്മ. യുഎസിലാണു പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയത്. മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയില്‍ പോയപ്പോഴാണു ശരത്തും പോസിറ്റീവ് ആയത്. മൂന്നുപേരും മരിച്ചു. മുംബൈയില്‍ കോളജ് അധ്യാപകരായിരുന്നു രേഷ്മയുടെ മാതാപിതാക്കള്‍.