കൊല്ലം- കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ. കെ ശൈലജ. വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമാണെന്ന് കെ. കെ ശൈലജ പറഞ്ഞു. ഇത് ഒരു കുടുംബത്തില്‍ മാത്രമുണ്ടാകുന്ന സംഭവമല്ല. സ്ത്രീധന നിരോധന നിയമം ഉണ്ടായിട്ടു കൂടി ഇത്തരത്തില്‍ സംഭവിക്കുന്നതിന് പിന്നില്‍ സ്വര്‍ണത്തോടും പണത്തോടുമുള്ള ഒരു വിഭാഗത്തിന്റെ ആര്‍ത്തിയാണെന്നും കെ. കെ ശൈലജ പറഞ്ഞു. കേരളത്തിലെ ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കെടുക്കണം. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍ ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ മാത്രമേ അത്തരത്തിലുള്ള പദ്ധതികള്‍ വിജയം കാണുകയുള്ളൂ. ഓരോ വ്യക്തിയും സ്ത്രീധനം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യില്ലെന്ന് ഉറപ്പു വരുത്തണം. വിവാഹം കച്ചവടമായി കാണരുതെന്നും കെ. കെ ശൈലജ കൂട്ടിച്ചേര്‍ത്തു.






