തിരുവനന്തപുരം- ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രയിൽ വീണ്ടും അനിശ്ചിതത്വം നേരിട്ടതോടെ വിമാനതാവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് സെന്ററുകൾ ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജൂണ്‍ 23 മുതൽ യു.എ.ഇയിലേക്ക് ഇന്ത്യയിൽനിന്ന് വിമാന സർവീസ് ആരംഭിക്കുമെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും ബുക്കിംഗ് വിമാന കമ്പനികൾ പെട്ടെന്ന് നിർത്തുകയായിരുന്നു. യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് എടുത്ത റാപ്പിഡ് ടെസ്റ്റ് റിസൽട്ട് കൂടി കൈവശം വേണമെന്ന നിബന്ധനയാണ് യാത്രക്ക് തടസം വരാൻ കാരണം. ഇന്ത്യയിലെ വിമാനതാവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിന് സൗകര്യങ്ങളില്ല. കേരളത്തിലെ നാലു വിമാനതാവളങ്ങളിലും കോവിഡ് റാപ്പിഡ് ടെസ്റ്റ് സെന്ററുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘമാണ് കോവിഡ് പരിശോധന കേന്ദ്രം സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ആവശ്യമായ അംഗീകാരം നൽകുന്നതിനും നടപടികൾ വേഗത്തിലാക്കാനും ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് മുതൽ സ്വകാര്യ ലാബുകളിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം ദുബായിലേക്ക് പോകാമെന്നായിരുന്നു പ്രവാസികളിൽ ഏറെയും കരുതിയിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അനിശ്ചിതത്വം വന്നതോടെ പ്രവാസികളുടെ യാത്രക്ക് മേൽ വീണ്ടും കരിനിഴൽ വീണു. നിലവിലുള്ള സഹചര്യത്തിൽ ദുബായിലേക്കുള്ള തിരിച്ചുപോക്ക് വീണ്ടും നീളുമെന്നാണ് സൂനച. ജൂലൈ ആറ് വരെ യു.എ.ഇ സർവീസ് ഉണ്ടാവില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയതോടെ ട്രാവൽ ഏജൻസികൾ ബുക്കിംഗ് നിർത്തിവെച്ചു. എമിറേറ്റസും ബുക്കിംഗ് തുടങ്ങിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായ് ഗവൺമെന്റ് പുതിയ പ്രോട്ടോകോൾ പുറത്തിറക്കിയത്. ഇത് പ്രകാരം ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബുധനാഴ്ച മുതൽ യു.എ.ഇയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ഇന്നലെ ദക്ഷിണാഫ്രിക്കക്കും നൈജീരിയക്കും യാത്രാവിലക്ക് നീളുമെന്ന അറിയിപ്പ് വന്നു.
ഇന്ത്യയിൽനിന്ന് ബുക്കിംഗ് നിർത്തിവെച്ചതിന്റെ കാരണം വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. വിമാനതാവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് സംവിധാനം എത്രയും വേഗം ഒരുക്കുക എന്നത് മാത്രമാണ് യാത്രാ പ്രതിസന്ധി പരിഹരിക്കാൻ മുന്നിലുള്ള മാർഗം.