അപകീര്‍ത്തി കേസില്‍ മുന്‍പ്രധാനമന്ത്രി ദേവഗൗഡക്ക് രണ്ട് കോടി രൂപ പിഴ

ബെംഗളുരു- ഒരു സ്വകാര്യ നിര്‍മാണ കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് മുന്‍ പ്രധാനമന്ത്രി എച്.ഡി ദേവഗൗഡയ്ക്ക് ബെംഗളുരുവിലെ ഒരു കോടതി രണ്ടു കോടി രൂപ പിഴയിട്ടു. 2011ല്‍ ഒരു ടിവി അഭിമുഖത്തിനിടെ ദേവഗൗഡ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കമ്പനി അപകീര്‍ത്തി കേസ് നല്‍കിയിരുന്നത്. ബെംഗളുരു-മൈസുരു ഇന്‍ഫ്രാസ്ട്രക്ചര്‍ കൊറിഡോര്‍ പദ്ധതി നിര്‍മാണമേറ്റെടുത്ത കമ്പനിക്കെതിരെയായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം. ഇവര്‍ ഭൂമാഫിയ ആണെന്നും പൊതുപണം കൊള്ളയടിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്ന് 10 കോടി രൂപ നഷ്ടപരിഹാരം അവശ്യപ്പെട്ടാണ് കമ്പനി ദേവഗൗഡയ്‌ക്കെതിരെ കേസ് നല്‍കിയത്. ഒരു പൊതു പദ്ധതിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനവും വിമര്‍ശനവും ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഗൗഡയുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല. കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
 

Latest News