Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീധന, ഗാർഹിക പീഡനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കണം -ദമാം ഒ.ഐ.സി.സി

ദമാം - സ്ത്രീധന ഗാർഹിക പീഡനക്കേസുകളിൽ സർക്കാർ നടപടികൾ കർശനമാക്കണമെന്ന് ഒ.ഐ.സി.സി ദമാം റീജിയണൽ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പഴുതുകളില്ലാതെ കർശന നിയമ നടപടികൾ ഉണ്ടായാൽ മാത്രമേ കേരളത്തിൽ അനുദിനം വർധിക്കുന്ന സ്ത്രീധനവുമായി ബന്ധപ്പെട്ട ആത്മഹത്യ-കൊലപാതക- പീഡന പരമ്പരകൾക്ക് അറുതിവരികയുള്ളൂവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്ത്രീധനം നിയമംമൂലം നിരോധിച്ച കേരളത്തിൽ കിലോ കണക്കിന് സ്വർണവും ഏക്കർകണക്കിന് ഭൂമിയും ആഡംബര കാറുമുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്ത്രീധന വിവാഹങ്ങൾ നടക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി നിൽക്കുന്നതാണ് വിവാഹ കമ്പോളത്തിലെ കച്ചവടക്കാർക്ക് പ്രചോദനമാകുന്നത്. കഴിഞ്ഞ ദിവസം ജീവൻ പൊലിഞ്ഞ വിസ്മയയുടെ ഭർത്താവ് അഭ്യസ്ഥവിദ്യനും സർക്കാർ ഉദ്യോഗസ്ഥനുമാണെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. സർക്കാർ ഉദ്യോഗത്തിനുള്ള യോഗ്യതകളിൽ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്നുള്ള  സത്യവാങ്മൂലം നൽകണമെന്ന ഭേദഗതി കൊണ്ടുവരണം. കാരണം, സർക്കാർ ഉദ്യോഗമുള്ളവരാണ് വിവാഹ കമ്പോളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീധനത്തുക ആവശ്യപ്പെടുന്നത്. ചോദിക്കുന്ന തുക നൽകി അത് കച്ചവടമാക്കുവാൻ രക്ഷിതാക്കളും മത്സരിക്കുകയാണെന്നതാണ് വിരോധാഭാസം. 


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി  മൂന്ന് യുവതികളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. വിദ്യാസമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികൾക്ക് അപമാനമാണ് സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന ഗാർഹിക പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും. സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ സമൂഹത്തിൽ വ്യാപകമായ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത സംഘടനകളും നേതാക്കളും ഇതിനായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
പ്രവാസ ലോകത്ത് രണ്ടും മൂന്നും പതിറ്റാണ്ടുകൾ അധ്വാനിച്ച്  സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും തങ്ങളുടെ മക്കളുടെ നല്ലഭാവിക്കായ് കൂടുതൽ സ്ത്രീധനം കൊടുത്ത് വിവാഹം നടത്തിക്കുകയും, എന്നാൽ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ആ വിവാഹ ബന്ധങ്ങൾ തകർന്ന് ജീവിതം ഹോമിക്കപ്പെട്ട നിരവധിപേരുടെ രക്ഷകർത്താക്കളുണ്ട്.  സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാൻ കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കതീതമായ് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും, നിയമപരമായി ആവശ്യമായ  പൊളിച്ചെഴുത്തുകൾ നടത്തുവാൻ സർക്കാർ തലത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഹനീഫ് റാവുത്തറും, ജനറൽ സെക്രട്ടറി ഇ.കെ. സലിമും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

 

Latest News