Sorry, you need to enable JavaScript to visit this website.

ഓര്‍ഡിനറി സര്‍വീസുകള്‍ സിംഗിള്‍ ഡ്യൂട്ടിയിലേക്ക്, കരകയറാന്‍ കെ.എസ്.ആര്‍.ടി.സി


കൊല്ലം- ഡീസല്‍ വില വര്‍ധനവും കോവിഡ് കാലത്ത് യാത്രക്കാരുടെ കുറവും സൃഷ്ടിക്കുന്ന നഷ്ടം നികത്താന്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസുകള്‍ കൂട്ടത്തോടെ സിംഗിള്‍ ഡ്യൂട്ടിയാക്കുന്നു. പുതിയ പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങി.

14 മുതല്‍ 16 മണിക്കൂര്‍ വരെ നീളമുള്ളതാണ് നിലവിലുണ്ടായിരുന്ന ഡബിള്‍ ഡ്യൂട്ടി. ഇതില്‍ ഭൂരിഭാഗം സമയത്തും ബസുകള്‍ ഓടിക്കൊണ്ടേയിരിക്കുമായിരുന്നു. എട്ട് മുതല്‍ 12 മണിക്കൂര്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി സമയം. ഇതില്‍ പരമാവധി ഏഴ് മണിക്കൂര്‍ (സ്റ്റിയറിംഗ് സമയം) മാത്രമേ ബസ് ഓടുകയുള്ളു. ബാക്കിയുള്ള സമയത്ത് ബസ് എവിടെയെങ്കിലും നിറുത്തിയിടും. നിരത്തില്‍ യാത്രക്കാര്‍ കുറവുള്ള സമയത്തായിരിക്കും നിറുത്തിയിടുക. ഇങ്ങനെ യാത്രക്കാരില്ലാത്ത സമയത്ത് ഓടിയുള്ള അനാവശ്യ ഡീസല്‍ ചെലവ് ഒഴിവാകും.

ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തില്‍ ബസുകള്‍ ചെറിയ സമയത്തിന്റെ ഇടവേളയിലാണ് ഡിപ്പോകളില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ കൂട്ടത്തോടെ സര്‍വീസ് അവസാനിക്കുകയും ചെയ്യും. രാവിലെ അഞ്ച് മുതല്‍ ആറ് വരെയാണ് സര്‍വീസുകളുടെ ആരംഭം. ഗതാഗത കുരുക്കില്‍പ്പെട്ട് ഭൂരിഭാഗം സര്‍വീസുകളുടെയും സമയക്രമം തെറ്റും. അങ്ങനെ ബസുകള്‍ ഒന്നിന് പിറകെ ഒന്നായി എത്തുന്നതും പതിവാണ്.
എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂടുതലായിരിക്കും. സര്‍വീസുകളുടെ ആരംഭം ഉച്ചവരെയെങ്കിലും നീളും. അതുകൊണ്ട് തന്നെ രാത്രി 9 വരെ ബസുകള്‍ നിരത്തിലുണ്ടാകും.

 

Latest News