Sorry, you need to enable JavaScript to visit this website.

പിണറായി സർക്കാർ: തുടക്കം നിരാശാജനകമോ?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ അധികാരത്തിനായി മത്സരിച്ച ഇടതു - വലതുമുന്നണികൾക്കും നില മെച്ചപ്പെടുത്താൻ മത്സരിച്ച എൻ.ഡി.എക്കും പുറത്തുനിന്ന് കേരളത്തിലുയർന്നു വന്ന വ്യത്യസ്തമായ ഒരു ശബ്ദമായിരുന്നു ഭരണത്തുടർച്ചയല്ല, ഭരണ മാറ്റമാണ് ജനാധിപത്യത്തിന് കൂടുതൽ അഭികാമ്യമെന്നത്. എന്തുകൊണ്ടത് തങ്ങൾ ഉന്നയിക്കുന്നു എന്ന് വളരെ വിശദമായും രാഷ്ട്രീയമായും തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ അതുന്നയിച്ചവരെയെല്ലാം യുഡിഎഫുകാരായും ബിജെപിക്കാരായുമായാണ് എൽഡിഎഫ് പ്രത്യേകിച്ച് സിപിഎം ആരോപിച്ചത്. 

പ്രതീക്ഷിച്ച പോലെ തന്നെ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തി. മറ്റെല്ലാ മന്ത്രിമാരും മാറിയെങ്കിലും പോയ അഞ്ചു വർഷവും ഏറെക്കുറെ പിണറായിയിൽ കേന്ദ്രീകരിച്ച ഭരണം തന്നെയായിരുന്നല്ലോ നടന്നത്. അതിനാൽ തന്നെ അക്ഷരാർത്ഥത്തിൽ ഭരണ തുടർച്ചയെന്ന പ്രതീതി തന്നെയാണ് നിലനിൽക്കുന്നത്. അതേസമയം മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയിൽ നിന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. കേരളം ഒന്നടങ്കം മാത്രമല്ല, സ്വന്തം പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടു പോലും കെ.കെ. ശൈലജ ടീച്ചറെ മന്ത്രിസഭയിൽ എടുക്കാതിരിക്കുക വഴി പിണറായി നയം വ്യക്തമാക്കുകയായിരുന്നു. മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികഞ്ഞ വേളയിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നു പറയാതിരിക്കാനാകില്ല. ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം നോക്കിയാൽ ഈ സർക്കാർ മുൻസർക്കാരിനേക്കാൾ എത്രയോ പിറകിലാണെന്നു കാണാം. ലോക്ഡൗൺ മൂലം തകർന്ന ലക്ഷക്കണക്കിനു പേർക്ക് ഒരു ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കുറെ കാലമായി തുടരുന്ന 500 രൂപയുടെ കിറ്റ് മാത്രമാണ് തുടരുന്നത്. കഴിഞ്ഞ വർഷം ചെയ്തതു പോലുള്ള ചെറിയ സഹായങ്ങൾ പോലും ഉണ്ടായില്ല എന്നതാണ് വസ്തുത. 

എപ്പോഴും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താണല്ലോ മുഖ്യമന്ത്രി കോവിഡ് കണക്കുകളും മറ്റും അവതരിപ്പക്കാറുള്ളത്. രണ്ടാം ഇടതുസർക്കാർ അധികാരമേറ്റപ്പോൾ തന്നെ തമിഴ്‌നാട്ടിൽ അധികാരമേറ്റ സ്റ്റാലിൻ സർക്കാർ ഇക്കാലയളവിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നോക്കിയാൽ നമ്മുടെ അവസ്ഥ ബോധ്യമാകും. മാസംതോറും 4000 രൂപ വീതമാണ് തമിഴ്‌നാട് സർക്കാർ ധനസഹായം നൽകുന്നത്. സ്വകാര്യ ആശുപത്രികളിലായാലും കോവിഡ് ചികിത്സാ ചെലവ് സർക്കാർ വഹിക്കും.  15 കിലോ വീതം അരിയും ഭക്ഷ്യകിറ്റും നൽകുന്നു.  ജോലി പോയവർക്ക് പലിശരഹിത വായ്പയും ജോലി പോയ സ്ത്രീകൾക്ക 6000 രൂപയും കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് 5000 രൂപ അധികമായും നൽകും.  ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകും, വിവിധ വിഭാഗങ്ങൾക്ക് കോവിഡ് ഇൻഷുറൻസ് നൽകും, ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് തമിഴ്‌നാട് സർക്കാർ നൽകിയത്. 

രോഗവ്യാപനത്തിൽ ഇപ്പോൾ രാജ്യത്തു തന്നെ മുൻനിരയിലാണ് കേരളം. ലോകം മുഴുവൻ കൊട്ടിഘോഷിച്ച നമ്മുടെ മികവൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. എന്നാലിപ്പോഴും ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ സർക്കാരോ ഉപദേശകരായ വിദഗ്ധരോ തയാറല്ല. മറിച്ച് സാമാന്യബോധമുള്ള ഒരാൾക്കും ബോധ്യമാകാത്ത രീതിയിൽ രോഗവ്യാപനത്തിനു പോലും ന്യായീകരണം ചമയ്ക്കുന്നവരെയാണ് കാണുന്നത്. കോവിഡ് മൂലം തകർന്നവർക്ക് ആശ്വാസം നൽകുക എന്ന പ്രാഥമിക കടമ പോലും വിസ്മരിച്ചാണ് ഇതെല്ലാം പറയുന്നത്. ഇനിയും അഞ്ചു വർഷം കഴിഞ്ഞേ തെരഞ്ഞെടുപ്പുള്ളു എന്ന ആശ്വാസമാണ് സർക്കാരിന് എന്നാരെങ്കിലും ആരോപിച്ചാൽ അതിലെങ്ങനെ കുറ്റം പറയാനാകും? പ്രത്യകിച്ച് കോവിഡ് മൂന്നാം തരംഗ സാധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോൾ.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വിഷയത്തിലും സർക്കാർ പ്രതിക്കൂട്ടിലാണ്. ദളിതരും ആദിവാസികളുമടങ്ങുന്ന വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിനു പുറത്താണ്. ആദ്യ വർഷമായതിനാൽ കഴിഞ്ഞ വർഷത്തെ വീഴ്ചകൾ ന്യായീകരിക്കപ്പെട്ടു. എന്നാൽ ഒരു വർഷം മുഴുവൻ ലഭിച്ചിട്ടും ഇതിനൊരു പരിഹാരം കാണാനോ വിദ്യാഭ്യാസം എന്ന ജന്മാവകാശം എല്ലാവർക്കും ലഭ്യമാക്കാനോ സർക്കാരിനായിട്ടില്ല എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത വീഴ്ച തന്നെയാണ്. 

ഒരു ജനാധിപത്യ സംവിധാനത്തിനു യോജിക്കാത്ത രീതിയിലുള്ള അധികാര കേന്ദ്രീകരണമാണ് ഈ സർക്കാരിലുള്ളത് എന്നു പകൽപോലെ വ്യക്തമാണ്. ആഭ്യന്തരവും പരിസ്ഥിതിയും ഐടിയുമടക്കം വളരെ പ്രധാനപ്പെട്ട 27 വകുപ്പുകളാണ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ ഏറ്റവും ആരോപണ വിധേയമായ ആഭ്യന്തരത്തിനു മാത്രമായി ഒരു മന്ത്രിയെ നിയമിക്കാൻ പോലും പിണറായി തയാറായില്ല. ആരോഗ്യ മേഖലയിലെ മേഖലയിൽ മുഴുവൻ സമയം ശ്രദ്ധിക്കേണ്ടിവന്നതിനാൽ മുൻമന്ത്രിസഭയിൽ കെ കെ ശൈലജക്ക് വനിതാ ശിശുക്ഷേമ വകുപ്പിൽ കാര്യമായി ശ്രദ്ധിക്കാനായില്ല എന്ന വിമർശനം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണയും ആ വകുപ്പുകൾ ആരോഗ്യ മന്ത്രിക്കു കീഴിലാണ്.  

അതിനേക്കാൾ കൗതുകകരമായ മറ്റൊന്നുണ്ട്. ഏതെങ്കിലും വൻകിട പ്രോജക്ടിനു അനുമതി നൽകാനുള്ള പല വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ് എന്നതാണത്. വ്യത്യസ്ത അഭിപ്രായങ്ങൾക്കുള്ള സാധ്യത പോലും അതില്ലാതാക്കുന്നു എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. പ്രത്യേകിച്ച് പരിസ്ഥിതിക്കു ഹാനികരമായ വൻകിട പദ്ധതികളുമായി മുന്നോട്ടു പോകുമെന്നതാണ് സർക്കാർ നയമെന്നിരിക്കേ. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ പി പ്രസാദിനു പരിസ്ഥിതി വകുപ്പു നൽകാൻ പോലും മുഖ്യമന്ത്രി തയാറായില്ല. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂറിനകം എത്താമെന്ന പ്രഖ്യാപനത്തോടെ  കെ റെയിലിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ റെയിൽവേക്കു സമാന്തരമായ രണ്ടു പാത നിർമിക്കുന്നതിനെ കുറിച്ചാലോചിക്കാതെ, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് അഭികാമ്യമല്ലാത്ത ഒന്നാണ് കെ റെയിൽ എന്നതു മനസ്സിലാക്കാൻ സാമാന്യ ബോധം മാത്രം മതി. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകാനും എതിർപ്പുണ്ടായാൽ ഗെയ്ൽ നടപ്പാക്കിയ പോലെ എത്ര ബലം പ്രയോഗിക്കാനും മടിക്കില്ല എന്നാണത്രേ സർക്കാർ നിലപാട്. പദ്ധതിക്കെതിരെ വിവിധ ജില്ലകളിൽ സമരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്തിനേറെ, മൂന്നു പതിറ്റാണ്ടു കാലത്തെ സമരങ്ങൾക്കു ശേഷം ഉപേക്ഷിക്കപ്പെട്ട അതിരപ്പിള്ളി പദ്ധതി പോലും കുത്തിപ്പൊക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടെന്ന വാർത്തയുണ്ടല്ലോ. ആഭ്യന്തരം പോലെ  രണ്ടാം പിണറായി സർക്കാരെങ്കിലും വികസന നയവും പുനഃപരിശോധിക്കില്ല എന്നാണ് ആരംഭത്തിൽ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. 

മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുത്തതിൽ സാമൂഹ്യ നീതിയെന്ന ആശയം നടപ്പാക്കിയില്ല എന്നത് ഏറെ ചർച്ച ചെയ്തതാണ്. അതോടൊപ്പം ചർച്ച ചെയ്യേണ്ട മറ്റൊന്നാണ് അടുത്ത കാലത്തായി ഒരു വിഭാഗം ക്രിസ്ത്യൻ സമ്മർദ ഗ്രൂപ്പുകൾക്കു മുന്നിൽ എൽഡിഎഫ് തല കുനിക്കുന്നു എന്ന ആരോപണം. തെരഞ്ഞെടുപ്പിനു മുമ്പെ ഈ വിഷയം സജീവമായി ഉയർന്നിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്. അപകടകരമായ രീതിയിൽ ഇസ്‌ലാമോ ഫോബിയ പ്രചരിപ്പിക്കുന്ന ഈ വിഭാഗങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. അതിന്റെ തുടർച്ച തന്നെയാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട കോടതിവിധിയിൽ സർക്കാർ നിശ്ശബ്ദത പാലിക്കുന്നതും. 

മറ്റൊരു പ്രധാന വിഷയം അഴിമതിയുടേതു തന്നെ. മുൻ സർക്കാരിന്റെ അവസാന കാലഘട്ടങ്ങൾ അഴിമതി ആരോപണങ്ങളുടേതായിരുന്നല്ലോ. അവയിൽ പലതും കാമ്പുള്ളതു തന്നെയായിരുന്നു. നിർഭാഗ്യവശാൽ അതിപ്പോഴും തുടരുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വൻ അഴിമതി ആരോപണങ്ങളാണ് മന്ത്രിസഭയുടെ ആദ്യമാസത്തിൽ തന്നെ പുറത്തു വന്നിരിക്കുന്നത്. നിർഭാഗ്യവശാൽ അവിടേയും തുറന്ന സമീപനമല്ല സർക്കാരിൽ നിന്നു കാണുന്നത്. ബിജെപി നടത്തിയ കുഴൽപണ ഇടപാടുകൾ അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണം. എന്നാലതിന്റേയും സുധാകരനുമായി കാമ്പസ് പഠന കാലത്തെ ഏറ്റുമുട്ടലുകളുടേയും മറവിൽ മരംമുറി കേസ് വിസ്മൃതിയിലാക്കാനാണോ നീക്കമെന്നു സംശയിക്കുന്നതിൽ തെറ്റില്ല. പ്രതിപക്ഷം കൂടുതൽ ദുർബലമായിരിക്കുന്നതിനാലും കോവിഡ് വ്യാപനത്തിനു അന്ത്യമില്ലാത്തതിനാലും ഇനി അഞ്ചു വർഷം കഴിഞ്ഞേ തെരഞ്ഞെടുപ്പുള്ളു എന്നതിനാലും പല വിഷയങ്ങളിലും ഉദാസീനമായ നയമാണോ സർക്കാരിൽ നിന്നു കാണുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൊതുഗതാഗതം നിലനിർത്താനുള്ള ഒരു നീക്കവും കാണുന്നില്ല എന്നത് ഒരു ഉദാഹരണം മാത്രം. ഇതിനു വേണ്ടിയാണോ ജനങ്ങൾ തുടർഭരണം നൽകിയതെന്ന് സത്യസന്ധമായി ആദ്യമാസത്തിൽ തന്നെ പരിശോധിക്കാനാണ് സർക്കാർ തയാറാകേണ്ടത്. 

Latest News