കുളത്തില്‍നിന്ന് മത്സ്യം മോഷ്ടിച്ചതിന് മരത്തില്‍ കെട്ടിയിട്ട് മര്‍ദനം, പത്ത് പേര്‍ അറസ്റ്റില്‍

ബല്‍റാംപുര്‍-കുളത്തില്‍നിന്ന് മത്സ്യം മോഷ്ടിച്ചുവെന്ന് ആരോപിച്ച് എട്ട് ആദിവാസി യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഗ്രാമമുഖ്യയുടെ ഭര്‍ത്താവടക്കം പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. മര്‍ദനമേറ്റ ആദിവാസികളില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനുശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.
സര്‍പാഞ്ചിന്റെ ഭര്‍ത്താവ് സത്യം യാദവ്, ജിതേന്ദര്‍ പ്രതാപ് യാദവ്, ബസ്‌ദേവ് യാദവ്, അലോക് യാദവ്, ജയ്പ്രകാശ് യാദവ്, ബഷീന്ദര്‍ യാദവ്, ദിനന്ത് യാദവ്, ദേവസ്യായ് യാദവ്, ജുമന യാദവ്, ജിതേന്ദര്‍ യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുളത്തില്‍നിന്ന് മത്സ്യം മോഷ്ടിച്ചതിന് ഓരോരുത്തര്‍ക്കും 35,000 രൂപ വീതം പിഴയും ചുമത്തിയിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം ഭയന്ന് ചിലരുടെ കുടുംബങ്ങള്‍ പിഴത്തുക അടച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News