ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടിയല്ല ധവളപത്രം പുറത്തിറക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
കോവിഡില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ തുടയ്ക്കാന്‍ പ്രധാനമന്ത്രിയുടെ കണ്ണീരിന് സാധിക്കില്ല. 'അദ്ദേഹത്തിന്റെ കണ്ണീരിന് അവരെ രക്ഷിക്കാനാകില്ല, പക്ഷെ ഓക്സിജിന് സാധിക്കും'- രാഹുല്‍ പറഞ്ഞു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിന്റെ പ്രവര്‍ത്തവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് ധവളപത്രത്തിലുള്ളതെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ധവളപത്രത്തിലുള്ളത്.
കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കേണ്ട ആവശ്യമുണ്ട്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, മൂന്നാം തരംഗം ഉറപ്പായമുണ്ടാകും. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ രാഹുല്‍ മുന്നോട്ടുവെച്ചു.
രണ്ടാം തരംഗത്തില്‍ വലിയതോതില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കാത്തതാണ് ഇതിന് കാരണം. ആ സമയത്ത് തെരഞ്ഞെടുപ്പു പ്രചാരണവുമായി പ്രധാനമന്ത്രി പശ്ചിമബംഗാളിലും മറ്റും കറങ്ങിത്തിരിയുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും രാഹുല്‍ ആരോപിച്ചു.