ന്യൂദല്‍ഹി- വിവാഹിതയായ അന്യസ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പിന്റെ നിയമസാധുത സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയെ ഇരയായി പരിഗണിച്ച് സംരക്ഷണം നല്‍കുന്ന വകുപ്പ് 1954-ല്‍ സുപ്രീംകോടതിയുടെ നാലംഗ ബെഞ്ച് ശരിവെച്ചിരുന്നു. ഇക്കാരണത്താലാണ് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പുമാണ് പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്ക് സംരക്ഷണം നല്‍കുന്നത്. 1954-ല്‍ യൂസഫ് അബ്ദുല്‍ അസീസ് കേസിലാണ് ഈ വകുപ്പ് സുപ്രീംകോടതി ശരിവെച്ചത്. മാറിയ സാമൂഹികസാഹചര്യങ്ങളില്‍ വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അഭിപ്രായമറിയിക്കാം. പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈനാണ് അഡ്വ. കാളീശ്വരം രാജ് വഴി സുപ്രീംകോടതിയെ സമീപിച്ചത്.
പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ. കുറ്റക്കാരനായ പുരുഷന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും നിലവില്‍ വകുപ്പില്ല.