Sorry, you need to enable JavaScript to visit this website.

ഭൂമി കുലുക്കമെന്ന് കരുതി, വഴക്കോടിൽ വീടുവിട്ടോടി ജനം 

അപകടത്തില്‍ മരിച്ച അബ്ദുല്‍ നൌഷാദ്

തൃശൂർ- ഗ്രാമത്തെ നടുക്കി രാത്രി സ്‌ഫോടനം. മുള്ളൂർക്കര വഴക്കോട് ആറ്റൂരിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനം ജനത്തെ ഭയചകിതരാക്കി. അതിശക്തമായ ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നത്. രാത്രി ഏഴേമുക്കാലോടെയാണ് അപകടം. ഇവിടെ സാധാരണയായി തുടർച്ചയായി ഭൂചലന മേഖലയാണെന്നതിനാൽ ഭൂമികുലുക്കം ആണെന്നാണ് ജനങ്ങൾ ആദ്യം കരുതിയത്. ഉഗ്ര സ്‌ഫോടനം കേട്ട് ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടുകയും ചെയ്തു. കിലോമീറ്ററുകൾ ദൂരത്തിൽ സ്‌ഫോടനത്തിന്റെ  അലയൊലി അനുഭവപ്പെട്ടു.
മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറയുന്നത്. പാറമട ഉടമയുടെ അനുജൻ അബ്ദുൾ നൗഷാദ് (45) ആണ് അപകടത്തിൽ മരിച്ചത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന്  പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ട് അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ഇദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൾ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരെ തൃശൂരിൽ ദയ, അശ്വനി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ആറ് മാസം മുമ്പ് വരെ അനുമതിയുണ്ടായിരുന്നുവെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് പോലീസ്  പറഞ്ഞു. കോവിഡ്   ലോക്ഡൗൺ സാഹചര്യത്തിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്നിരിക്കെ ഇപ്പോൾ സ്‌ഫോടക വസ്തുക്കൾ എത്തിയതും രാത്രിയിൽ ആളുകളെത്തിയതിലും ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നു. 2019ൽ തൃശൂർ സബ് കലക്ടറായിരുന്ന രേണുരാജ് നേരിട്ടെത്തി അടച്ചു പൂട്ടിയതാണ് ഇപ്പോൾ സ്‌ഫോടനമുണ്ടായ ക്വാറി.  വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകനാണ് മരിച്ച അബ്ദുൽ നൗഷാദ്. പരിക്കേറ്റ  കോലോത്തുകുളം അലിക്കുഞ്ഞ് എന്നയാളുടെ നില ഗുരുതരമാണ്. ഡിറ്റനേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമെന്നു സംശയിക്കുന്നു. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന.

Latest News