Sorry, you need to enable JavaScript to visit this website.

ബിജെപി വിരുദ്ധ മുന്നണി നീക്കം സജീവമാക്കി ശരത് പവാര്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു

ന്യൂദൽഹി- തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിശോറുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരത് പവാര്‍ ചൊവ്വാഴ്ച ദൽഹിയിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ സംയുക്ത പോരാട്ടത്തിനുള്ള വഴികളാലോചിക്കാനാണ് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പ് മാത്രമല്ല, യുപിയിലടക്കം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു കൂടി കണ്ടാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ശരത് പവാറിന്റേയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ പേരിലാണ് വിവിധ പാര്‍ട്ടികള്‍ക്ക് യോഗത്തിലേക്കുള്ള ക്ഷണം പോയിട്ടുള്ളത്. ശരത് പവാറിന്റേയും യശ്വന്ത് സിന്‍ഹയുടെയും അധ്യക്ഷതയില്‍ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് ക്ഷണക്കത്തിലുള്ളത്.

രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് മനോജ് ഝാ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാവ് വിവേക് തങ്ക, കപില്‍ സിബല്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. സിബലും മനോജ് ഝായും ക്ഷണം നിരസിച്ചതായും റിപോര്‍ട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ പ്രതിനിധിയായ തിരുച്ചി ശിവ പങ്കെടുക്കും.

ദല്‍ഹിയില്‍ ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ ബിജെപി നയിക്കുമെന്ന എന്‍ഡിഎ മുന്നണിക്കെതിരെ വിശാല മുന്നണി സാധ്യതകളും ചര്‍ച്ചയാകുമെന്ന് കരുതപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ ബിജെപിക്ക് ഒരു ബദലിന് രൂപം നല്‍കുന്ന കാര്യവും ചര്‍ച്ചയായേക്കും. പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോര് ശക്തമായ യുപിയില്‍ ബിജെപിയിലെ ഒരു വിഭാഗം പവാറിനെ പിന്തുണയ്ക്കുന്നതായും റിപോര്‍ട്ടുണ്ട്. ഇത്തരമൊരു സഖ്യത്തെ പിന്തുണയ്ക്കാന്‍ പല പാര്‍ട്ടികളും സന്നദ്ധരായിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്. അസാധാരണ സഖ്യങ്ങലും മുന്നണികളും ഉണ്ടാക്കുന്നതില്‍ വൈദഗ്ധ്യമുള്ള രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ശരത് പവാര്‍. കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരാത്തതില്‍ പ്രതിക്ഷത്ത് പൊതുവെ നിരാശയുണ്ട്. ഈ വിടവ് നികത്തുന്ന ശ്രമമായിരിക്കും ഒരു പക്ഷേ പവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. 2024ല്‍ മോഡിയെ നേരിടാന്‍ ഒരു പ്രതിപക്ഷ മുഖത്തെ ഉയര്‍ത്തിക്കാട്ടാനും ഈ ശ്രമങ്ങള്‍ പിന്നിലുള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതേസമയം കോണ്‍ഗ്രസ് ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. 

രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് എന്‍സിപി നേതാവ് നവാബ് മാലിക പറഞ്ഞു. ജസ്റ്റിസ് എ.പി സിങ്, കവി ജാവേദ് അഖ്തര്‍, കെടിഎസ് തുല്‍സി, അശുതോഷ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേശി, മുതിര്‍ന്ന അഭിഭാഷകന്‍ കൊളിന്‍ ഗോണ്‍സാല്‍വസ്, മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, പ്രതീഷ് നന്ദി എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് നവാബ് മാലിക് ട്വീറ്റിലൂടെ അറിയിച്ചു.

ദല്‍ഹിയില്‍ ശരത് പവാറും പ്രശാന്ത് കിശോറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രതിപക്ഷ യോഗത്തിന്ര രൂപമായത്. രണ്ടാഴ്ചയ്ക്കിടെ ഇരുവരും ഇത് രണ്ടാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ മുംബൈയില്‍ പവാറിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടിരുന്നു.

Latest News