രഘുറാം രാജനും നൊബേല്‍ ജേത്രി എസ്തര്‍ ദഫ്‌ലോയും തമിഴ്‌നാട് സാമ്പത്തിക സമിതിയില്‍

ചെന്നൈ- സാമ്പത്തിക, സാമൂഹിക നയങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ എസ്തര്‍ ദഫ്‌ലോ, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സു്ബ്രമണ്യന്‍, സാമൂഹിക ശാസ്ത്രജ്ഞനും വെല്‍ഫയര്‍ ഇക്കണൊമിസ്റ്റുമായ ഴാങ് ദ്രേസ്, മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന എസ് നാരായണ്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതിക്കാണ് രൂപീകരിച്ചത്.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനും സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരമായ ഉയര്‍ന്ന വരുമാനവും ധനകമ്മിയും വലിയ കടബാധ്യതയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലാണ്- സര്‍ക്കാര്‍ പറയുന്നു. സാമ്പത്തിക, സാമൂഹിക നയങ്ങള്‍ സംബന്ധിച്ചും സാമൂഹിക നീതി, മാനുഷികശേഷി വികസനം സംബന്ധിച്ചും ഈ സമിതി സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വളര്‍ച്ച മെച്ചപ്പെടുത്തുക, എല്ലാ മേഖലകളിലും തൊഴിലവസരങ്ങളും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളിലും ഈ സമിതി നിര്‍ദേശങ്ങള്‍ നല്‍കും.
 

Latest News