ഹിന്ദുക്കളുടെ വരുമാനം ഹിന്ദുക്കൾക്ക്, കേരളത്തിൽ ഹിന്ദു ബാങ്കുമായി സംഘ്പരിവാർ

തിരുവനന്തപുരം- ഹിന്ദുവിന്റെ പണം ഹിന്ദുക്കൾക്ക് എന്ന് ലക്ഷ്യമിട്ട് കേരളത്തിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും 'ഹിന്ദു ബാങ്കുകൾ' ആരംഭിക്കാൻ സംഘ് പരിവാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സഹകരണ മന്ത്രാലയത്തിനു കീഴിലെ കമ്പനി ആക്ട് പ്രകാരം നിധി ലിമിറ്റഡ് കമ്പനികളായാണ് ബാങ്കുകൾ സ്ഥാപിക്കുക. ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികൾ' എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. 
'ഹിന്ദുവിന്റെ പണം ഹിന്ദുക്കൾക്ക്' എന്ന മുദ്രാവാക്യവുമായാണ് പുതിയ പദ്ധതി തുടങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ബാങ്കുകൾ തുടങ്ങും. ഒരു പ്രദേശത്തെ ഹിന്ദുമതത്തിൽപ്പെട്ട കച്ചവടക്കാരെ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ തുടങ്ങാനാണ് നീക്കം. ആദ്യഘട്ടത്തിലെ നൂറ് സ്ഥാപനങ്ങൾ തുടങ്ങിയിരിക്കുന്നത് ആശ്രമങ്ങളും മഠങ്ങളും ഉൾപ്പെടെ കേന്ദ്രീകരിച്ചാണ്. ഒരു വർഷത്തിനകം വിശ്വാസികളായ 200 പേരെ ചേർക്കണം.
സംസ്ഥാനത്തെ സഹകരണ മേഖലയിൽ നിലവിൽ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് എൽ.ഡി.എഫ്, യു.ഡി.എഫ് അനുഭാവികളാണ്. ഈ സാഹചര്യത്തിലാണ് സംഘപരിവാർ നിധി ലിമിറ്റഡ് കമ്പനികൾ വ്യാപകമാക്കാൻ പദ്ധതിയിടുന്നത്. ഭാരതീയ ഹിന്ദു പ്രജാസംഘം, ഹിന്ദുസംരക്ഷണ പരിവാർ തുടങ്ങിയ സംഘടനകൾ ഉപയോഗിച്ചാണ് സ്ഥാപനങ്ങളിലേയ്ക്ക് ആളുകളെ ചേർക്കുന്നത്. ഇതിനായി സമൂഹമാധ്യമങ്ങൾ വഴി ക്യാംപയിനും തുടങ്ങി. കൂടാതെ വനിതാ യൂണിറ്റും തുടങ്ങാൻ പദ്ധതിയുണ്ട്.
സഹകരണസംഘങ്ങളെക്കാൾ ഉയർന്ന സുതാര്യത ഉറപ്പുനൽകുന്ന സംഘം നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും നൽകും. സ്ഥിരനിക്ഷേപങ്ങൾക്ക് 12.5 ശതമാനം പലിശ നൽകും. സ്വർണപ്പണയം, വ്യാവസായിക വായ്പ, പ്രതിദിന കളക്ഷൻ വായ്പ തുടങ്ങിയ സേവനങ്ങളും ലഭിക്കുമെന്നുമാണ് അവകാശവാദം.
 

Latest News