Sorry, you need to enable JavaScript to visit this website.

സബ്‌സിഡി വർധന; വരും നാളുകൾ ഇലക്ട്രിക് ഓട്ടോ,  ഇരുചക്ര വാഹനങ്ങളുടെ കാലം

വൈദ്യുത വാഹന ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനുള്ള കേന്ദ്ര നയത്തിന്റെ (ഫെയിം-2) ആനുകൂല്യം സാധാരണക്കാരുടെ വാഹനങ്ങൾക്കു കൂടി ലഭ്യമാകുന്നു. ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹങ്ങൾക്കും സബ്‌സിഡി വർധിപ്പിച്ചുകൊണ്ടാണ് ഇത്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) വഴി 3 ലക്ഷം ഇ-ഓട്ടോറിക്ഷകൾ വാങ്ങി ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകളുടെ വിലയ്ക്കു ഇലക്ട്രിക് ഓട്ടോകൾ സാധാരണക്കാർക്കു ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി 10,000 ത്തിൽ നിന്നു 15,000 ആയാണ് വർധിപ്പിച്ചത്. ഇത് ഇലക്ട്രിക് ഇരു ചക്രവാഹനങ്ങളുടെ വില കുറയാൻ സാഹായിക്കുകയും കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനും ഇടയാക്കും. ഫെയിം 2 പദ്ധതി നടപ്പാക്കാൻ കേന്ദ്ര ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയെങ്കിലും വിനിയോഗം വളരെക്കുറച്ചേയുള്ളൂ എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സഹാചര്യത്തിലാണ് നയത്തിൽ ഭേദഗതി വരുത്തി ഇലക്ട്രിക് വാഹനങ്ങളുടെ ഉയോഗം വർധിപ്പിക്കാൻ സബ്‌സിഡി ഉയർത്താൻ തീരുമാനിച്ചത്. 


പദ്ധതി പ്രകാരം വാങ്ങുന്ന മൂന്നു ലക്ഷം ഓട്ടോകൾ വിലകുറച്ചു നൽകണോ, ഇ.ഇ.എസ.്എൽ വൈദ്യുതി കാറുകളും ബസുകളും വാർഷിക വാടകയ്ക്കു നൽകുന്നതു പോലെ പൊതു ഗതാഗത മേഖലയിലുള്ള സൊസൈറ്റികൾക്കും, ട്രസ്റ്റുകൾക്കും നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇലക്ട്രിക് ബസുകളും കാറുകളും ഇ.ഇ.എസ്.എൽ വഴി സംഭരിച്ച് വിതരണം ചെയ്തിരുന്നെങ്കിലും ഓട്ടോറിക്ഷകളെ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേരളത്തിലും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 10,000 ഇ- ഓട്ടോകൾക്ക് 30,000 രൂപ സബ്‌സിഡി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ ഇത് 25,000 ആയിരുന്നു. ഏതു തരത്തിലുള്ള ഇ-വാഹനങ്ങൾക്കും നികുതിയിൽ 5 വർഷത്തേക്ക് 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 


കേന്ദ്ര സർക്കാർ വൈദ്യുത ഇരുചക്രവാഹനങ്ങൾക്കുള്ള സബ്‌സിഡി 50 ശതമാനമാണ് ഉയർത്തിയത്. ഇതോടെ വൈദ്യുത സ്‌കൂട്ടർ വില ഗണ്യമായി കുറഞ്ഞു. ഇത് വൈദ്യുത വാഹന വിപണിക്ക് കരുത്തേകും. ഒരു കിലോവാട്ട് അവ്ർ ബാറ്ററി കപ്പാസിറ്റിയുള്ള വാഹനത്തിന് 10,000 രൂപ ആയിരുന്ന സബ്‌സിഡി 11 മുതൽ 15,000 രൂപ ആക്കിയാണ്് ഉയർത്തിയത്. ഇതോടെ ഹീറോ ഇലക്ട്രിക്കിന്റെ 5 മോഡലുകൾക്ക് 7,640 രൂപ മുതൽ 20,986 രൂപ വരെ വില കുറഞ്ഞു. ഏയ്ഥർ എനർജിയുടെ 2 മോഡലുകൾക്ക് ശരാശരി 14,000 രൂപയുടെ കുറവാണുണ്ടായത്. ഒക്കിനാവ സ്‌കൂട്ടറുകളുടെ വില 7,500 രൂപ മുതൽ 15,000 രൂപ വരെയും ആംപിയർ വെഹിക്കിൾസിന്റെ 2 മോഡലുകൾക്ക് 9,000 രൂപ വരെയും കുറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെ ഏറ്റവും പ്രീമിയം മോഡലായ ഏയ്ഥർ 450 എക്‌സിന് 43,500 രൂപയാണ് സബ്‌സിഡി ആയി ലഭിക്കുന്നത്. നേരത്തെ 29,000 രൂപ സബ്‌സിഡയാണ് ലഭിച്ചിരുന്നത്. ഏയ്ഥർ 450 പ്ലസിന്റെ കൊച്ചി ഷോറൂം വില 1.28 ലക്ഷം രൂപയും എക്‌സിന് വില 1,47,087 രൂപയുമായി കുറഞ്ഞു. ഹീറോ ഇലക്ട്രിക്കിന്റെ ഇരട്ട ബാറ്ററി മോഡലുകളായ ഓപ്ടിമ ഇ.ആർ, നിക്‌സ് ഇ.ആർ എന്നീ എക്സ്റ്റൻഡഡ് റേഞ്ച് മോഡലുകളുടെ വിലയിൽ ശരാശരി 20,000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ഷോറൂം വില യഥാക്രമം 59,000 രൂപ, 63,000 രൂപയാണ്. 


ശേഷി കൂടിയ മോഡലുകൾക്ക് സബ്‌സിഡി കൂടിയതോടെ, സബ്‌സിഡിക്ക് അർഹതയില്ലാത്ത ലോ സ്പീഡ് മോഡലുകൾക്ക് ആകർഷണം കുറഞ്ഞു. അവയുടെ വിലയും ശേഷി കൂടിയ മോഡലുകളുടെ വിലയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായതോടെയാണിത്. ഫുൾ ചാർജിൽ 80 കിലോമീറ്റർ എങ്കിലും ഓടുന്നതും (റേഞ്ച്)  40 കിലോമീറ്റർ/മണിക്കൂർ എങ്കിലും സ്പീഡ് ആർജിക്കാവുന്നവയും ആണെങ്കിലേ സബ്‌സിഡി ലഭിക്കൂ. ഈ വ്യവസ്ഥ വന്നതോടെയാണ് റജിസ്‌ട്രേഷൻ (നമ്പർ) വേണ്ടാത്തതും ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് വേണ്ടാത്തതുമായ മോഡലുകൾക്ക് സബ്‌സിഡി ഇല്ലാതായത്. കേരളം ബജറ്റിൽ പ്രഖ്യാപിച്ച പലിശ സബ്‌സിഡി കൂടി നടപ്പായാൽ കേരളത്തിൽ ധാരാളമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലെത്തും. ഡെലിവറി തൊഴിൽരംഗത്തുള്ളവർ ഇലക്ട്രിക് സ്‌കൂട്ടറും ത്രീവീലറും വാങ്ങാൻ എടുക്കുന്ന വായ്പയുടെ പലിശയുടെ ഒരു വലിയ പങ്ക് സർക്കാർ നൽകുമെന്ന പ്രഖ്യാപനം ഈ വിപണിക്ക് ശക്തിപകരും.


 

Latest News