കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് (കെ.എഫ്.സി) എടുത്ത ചെറുകിട സംരംഭക വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിച്ചു. സർക്കാർ തീരുമാന പ്രകാരമാണിത്. സെപ്റ്റംബർ 30 വരെ ഇടപാടുകാർക്ക് അപേക്ഷിക്കാം 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പലിശയും മറ്റും ഒഴികെയുള്ള മുതൽ തുകയ്ക്കാണ് മൊറട്ടോറിയം. വായ്പ നിഷ്‌ക്രിയ ആസ്തി ആകാതെ ക്രമീകരിക്കും. 2020 മാർച്ച് 31 വരെ കൃത്യമായി വായ്പ തിരിച്ചടച്ചവർക്ക് കഴിഞ്ഞ വർഷം വായ്പയുടെ 20 ശതമാനം അധിക വായ്പ നൽകിയിരുന്നു. ഇവർക്ക് ഇതുകൂടാതെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും നൽകും.
ഓക്‌സിജൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂനിറ്റുകൾ, വെന്റിലേറ്ററുകൾ, ഓക്‌സി മീറ്ററുകൾ, ഗ്ലൗസ്, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂനിറ്റുകൾ, ആശുപത്രികൾ, ലാബുകൾ തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം വരെ വായ്പ നൽകും. 7 ശതമാനമാണ് പലിശ. കാലാവധി 5 വർഷം. ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമാക്കി സർക്കാർ കുറച്ചിട്ടുമുണ്ട്.