Sorry, you need to enable JavaScript to visit this website.

മഞ്ഞ ലോഹത്തിന്റെ തിളക്കത്തിന് മങ്ങൽ; താഴ്ന്ന വിലക്ക് കാതോർത്ത് കേരളം

ആഗോളതലത്തിൽ മഞ്ഞലോഹ വിലക്ക് തളർച്ച, താഴ്ന്ന വിലയ്ക്കായി കേരളം കാതോർക്കുകയാണ്. ലണ്ടൻ, ന്യൂയോർക്ക് എക്‌സ്‌ചേഞ്ചുകൾക്ക് ഒപ്പം ഏഷ്യൻ വിപണികളിലും മഞ്ഞലോഹം ഉരുകുകയാണ്. ഫണ്ടുകളിൽ നിന്നുമുള്ള വാങ്ങൽ താൽപര്യം കുറഞ്ഞത് സ്വർണത്തിന്റെ തിളക്കത്തിന് മങ്ങൽ ഏൽപിച്ചു. രണ്ടാഴ്ച കൊണ്ട് ട്രോയ് ഔൺസിന് 143 ഡോളർ ഇടിഞ്ഞു. പോയവാരം നിരക്ക് അഞ്ച് ശതമാനം കുറഞ്ഞ് ഔൺസിന് 113 ഡോളർ താഴ്ന്നു. യു.എസ് ഫെഡ് റിസർവ് കഴിഞ്ഞ ദിവസം സാമ്പത്തിക മേഖലക്ക് ഉണർവിന് നീക്കം തുടങ്ങിയെന്ന വിവരം ഫണ്ടുകളെ സ്വർണത്തിൽ വിൽപനകാരാക്കി. മൂന്ന് മാസം മുന്നേ 2024 വരെ പലിശയിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു ഫെഡ് ഇപ്പോൾ ചുവട് അൽപം മാറ്റി. 2023 ൽ പലിശ നിരക്കിൽ ഭേദഗതി വരുത്തുമെന്ന വെളിപ്പെടുത്തൽ സ്വർണ മാർക്കറ്റിനെ പിടിച്ചുലച്ചു. പിന്നിട്ടവാരം സ്വർണ വില 1871 ഡോളറിൽ നിന്ന് 1760 ലേയ്ക്ക് ഇടിഞ്ഞ ശേഷം 1763 ഡോളറിലാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ സ്വർണം നേരിടുന്ന ഏറ്റവും കനത്ത പ്രതിവാര തകർച്ചയിലാണ്. കേരളത്തിൽ പിന്നിട്ടവാരം സ്വർണ വില പവന് 1400 രൂപ ഇടിഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 36,600 രൂപയിൽനിന്ന് 35,200 രൂപയായി. വിപണിയിലെ ചലനങ്ങൾ വിവാഹ പാർട്ടികൾ ഉറ്റുനോക്കുകയാണ്. ഒരു ഗ്രാമിന് വില 4575 രൂപയിൽനിന്ന് 4400 രൂപയായി. 
സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ വന്നങ്കിലും വ്യാപാര രംഗത്തെ പ്രതിസന്ധി വിട്ടുമാറിയില്ല. കാർഷിക മേഖലകളിൽനിന്നും വിപണികളിലേക്ക് കാര്യമായി ചരക്ക് വിൽപനയ്ക്ക് എത്തിയില്ല. വാങ്ങലുകാരും തിരക്കിട്ട് ഉൽപന്നങ്ങൾ ശേഖരിക്കാതെ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്. വിദേശ കുരുമുളക് ഇറക്കുമതിക്ക് വ്യവസായികൾ നീക്കം നടത്തുന്നതിനാൽ ഉൽപാദകർ അൽപം ആശങ്കയിലാണ്. അതേ സമയം ആഭ്യന്തര വിലയെ ഇതേ റേഞ്ചിൽ പിടിച്ച് നിർത്തി എത്തിക്കുന്ന ചരക്ക് വിറ്റഴിക്കാനാവുമോയെന്ന് കണക്ക് കൂട്ടുകയാണ് ഇറക്കുമതി ലോബി. കുരുമുളക് വില വാരാന്ത്യം 39,400 രൂപയിലാണ്. ഈ വാരം വാങ്ങലുകാർ രംഗത്ത് പിടിമുറുക്കുമോ അതേ സ്റ്റോക്കിസ്റ്റുകൾ വിൽപനയ്ക്ക് തിടുക്കം കാണിക്കുമോയെന്ന് ഉറ്റ് നോക്കുന്നു ഇടനിലക്കാർ. ഹൈറേഞ്ച്, വയനാടൻ മുളകിന് ക്ഷാമമുള്ളതിനാൽ വരും മാസങ്ങളിൽ വില ഉയരുമെന്ന് തന്നെയാണ് വ്യാപാര രംഗത്തുള്ളവരുടെ കണക്ക് കൂട്ടൽ. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 6000 ഡോളറാണ്. രൂപയുടെ വിനിമയ നിരക്കിലുണ്ടായ മാറ്റം വിലയിൽ പ്രതിഫലിച്ചു. വിയെറ്റ്‌നാമും ബ്രസീലും ടണ്ണിന് 3800 ഡോളറിനും ഇന്തോനേഷ്യയും ശ്രീലങ്കയും 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
ജാതിക്ക വിളവെടുപ്പും സംസ്‌കരണവും പുരോഗമിച്ചിട്ടും വരവ് ശക്തമല്ല. മാസാവസാനേത്താടെ ലഭ്യത ഉയരുമെന്ന നിഗമനത്തിലാണ് വൻകിടക്കാർ. പല വിദേശ രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങൾ എത്തുന്നുണ്ടങ്കിലും കൂടുതൽ വിവരം പുറത്തുവിടാൻ കയറ്റുമതി മേഖല തയാറായില്ല. ഈ വാരം കൊച്ചി വിപണി സജീവമാക്കുമെന്ന നിഗമനത്തിലാണ് ഉൽപാദകർ. എന്നാൽ വിദേശ ഓർഡറുകൾ കണക്കിലെടുത്താൽ മികച്ച നിലവാരവുമുള്ള ജാതിക്ക കയറ്റുമതിക്കാർ വില ഉയർത്തി സംഭരിക്കുമെന്ന പ്രതീക്ഷയിലാണ് മധ്യകേരളത്തിലെ സ്റ്റോക്കിസ്റ്റുകൾ.     
ഗ്രാമ്പു വില ഉയർന്നു. ഇടുക്കി, കന്യാകുമാരി മേഖലകളിൽ നിന്നുള്ള പുതിയ ചരക്ക് വിൽപനയ്ക്ക് സജ്ജമായി. കർഷകർ മികച്ചയിനം ഗ്രാമ്പു കിലോ 750 രൂപക്ക് വിറ്റഴിക്കുന്നു. അതേ സമയം വിപണി വില കിലോ 690-800 രൂപയാണ്. ഇറക്കുമതി ചരക്ക് വിപണിയിൽ ലഭ്യമാണ്. ഒലിയോറസിൻ നിർമാതാക്കൾ വിൽക്കുന്ന ചരക്ക് താഴ്ന്ന വിലയ്ക്കും വിപണിയിലുണ്ട്. ഇക്കുറി സംസ്ഥാനത്ത് ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കർഷകരുടെ പക്ഷം. അതുകൊണ്ട് തന്നെ നാടൻ ഗ്രാമ്പു വില വീണ്ടും ഉയരാം.   
അന്താരാഷ്ട്ര മാർക്കറ്റിൽ റബർ കനത്ത വിൽപന സമ്മർദത്തിൽ അകപ്പെട്ടത് തായ്‌ലണ്ട്, ഇന്തോനേഷ്യ, മലേഷ്യൻ വിപണികളെ തളർത്തി. വിദേശത്തെ വില ഇടിവ് കണ്ട് ഇന്ത്യൻ വ്യവസായികൾ ഉയർന്ന വിലയ്ക്ക് ഷീറ്റ് സംഭരിക്കുന്നതിൽനിന്ന് പിൻവലിഞ്ഞു. എന്നാൽ താഴ്ന്ന നിരക്കിൽ ചരക്ക് കൈമാറാൻ കാർഷിക മേഖലയും തയാറായില്ല. ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ വില 16,900 രൂപയായും അഞ്ചാം ഗ്രേഡ് 16,300-16,750 രൂപയായും താഴ്ത്തി. ബാങ്കോക്കിൽ നാലാം ഗ്രേഡിന് റബർ വില 15,446 ലേയ്ക്ക് ഇടിഞ്ഞു. നാളികേരോൽപന്നങ്ങളുടെ വിലയിൽ മാറ്റമില്ല. പാം ഓയിൽ വില നിത്യേനെ ഇടിയുന്നത് ഇതര ഭക്ഷ്യയെണ്ണകളിൽ സമ്മർദം ഉളവാക്കുന്നു. അതേ സമയം വൻകിട മില്ലുകാർ വെളിച്ചെണ്ണ റിലീസ് നിയന്ത്രിച്ച് വിപണിക്ക് താങ്ങ് പകരാൻ ശ്രമം നടത്തുന്നുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ 17,600 രൂപയിലും കൊപ്ര 11,350 രൂപയിലുമാണ്. 


 

Latest News