ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
ക്ഷേമത്തിന് (yoga for well being) എന്ന തീം അടിസ്ഥാനപ്പെടുത്തി ഇന്ന് യോഗ ദിനം ആചരിക്കുന്നു. ശരീരവും മനസ്സും ശക്തവും സുസ്ഥിരവുമാകുമ്പോഴാണ് വ്യക്തിയുടെ ക്രിയാത്മകത വളർന്ന് പരിലസിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യ പരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തു കൊണ്ടുവരുന്ന ഒരു ജീവിത രീതിയാണ് യോഗ. ക്രിയാത്മക പ്രവർത്തനങ്ങളാണ് ഓരോരുത്തരുടേയും വിജയം നിശ്ചയിക്കുന്നതെന്നതിനാൽ യോഗ വിധിപ്രകാരം അനുഷ്ഠിച്ച് യോഗിയും യോഗ്യരുമാകുമ്പോൾ നമ്മുടെ വിജയപഥമൊരുക്കുക എന്ന കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധ്യാനാത്മകമായ പ്രവർത്തനങ്ങളും തയാറെടുപ്പുകളും മഹത്തായ ദൗത്യനിർവഹണത്തിന് സഹായകമാകുമെന്നതിനാൽ യോഗയെ ഏതെങ്കിലും മതപരമോ വിശ്വാസപരമോ ആയ ആചാരമാക്കി പരിമിതപ്പെടുത്തേണ്ടതില്ല. ദൈനംദിന ജീവിതത്തിലെ യോഗയുടെ അടിസ്ഥാന തത്വം തന്നെ മതസ്വാതന്ത്ര്യമാണ്. അത് എല്ലാ മതങ്ങളുടെയും അല്ലെങ്കിൽ ആത്മീയതയുടെയും ജ്ഞാനത്തിന്റെയുമെല്ലാം ഉറവിടമാണ്. മതപരമായ അതിർവരമ്പുകളെ മറികടന്ന് ഐക്യത്തിലേക്കുള്ള വഴി മനുഷ്യന് വെളിപ്പെടുത്തിത്തരുന്ന ഒരു പ്രവൃത്തിയാണ് യോഗ.
യോഗ എന്ന വാക്കിന്റെ അർഥം ചേർച്ചയെന്നാണ്. മനസ്സും ശരീരവും പരസ്പര പൂരകങ്ങളായി ചേരുമ്പോൾ വലിയ പുരോഗതിയുണ്ടാകും. മനസ്സിനും ശരീരത്തിനും ഊർജം, ശക്തി, സൗന്ദര്യം എന്നിവ പകർന്നു നൽകുന്ന സവിശേഷമായ പരിശീലനമാണ് യോഗ. യോഗ ജീവിതത്തിന്റെ വെളിച്ചമാണ്. അതൊരിക്കൽ തെളിയിച്ച് കഴിഞ്ഞാൽ മങ്ങാതെ പ്രഭാപൂരിതമാക്കും. കൂടുതൽ പരിശീലനം ചെയ്യുന്തോറും ജീവിതം കൂടുതൽ പ്രശോഭിതമായിക്കൊണ്ടിരിക്കുമെന്നാണ് പറയുന്നത്.
ഇന്ത്യൻ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വിപുലമായ രീതിയിൽ യോഗ പരിശീലിക്കുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ ജൂൺ 21 ന് വിപുലമായ ഇന്റർനാഷനൽ യോഗ ദിനം ആചരിക്കുന്നുണ്ട്. എന്നാൽ ഈ ദിനം ഇത് സംബന്ധമായ ബോധവൽക്കരണത്തിനാണ് പ്രയോജനപ്പെടുക. യോഗാഭ്യാസമെന്നത് ഏതെങ്കിലും ദിവസങ്ങളിൽ പരിമിതപ്പെടുത്താതെ സ്ഥിരമായി അനുഷ്ഠിക്കേണ്ട ഒന്നാണ്. ബി വിത് യോഗ, ബി അറ്റ് ഹോം എന്നതാണ് ഈ വർഷത്തെ യോഗ ദിന പ്രമേയം.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജലി യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇതാണ് യോഗയുടെ അടിസ്ഥാന ഗ്രന്ഥം.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വർധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്ക്കാൻ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു. ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു.
ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു, ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു, വികാര നിയന്ത്രണം സാധ്യമാകുന്നു, ആത്മീയ ഉന്നതി ലഭിക്കുന്നു എന്നതാണ് യോഗയുടെ ശാസ്ത്രം. യോഗ വ്യായാമങ്ങൾ ഒരാളിൽ സ്വാധീനം ചെലുത്തിക്കൊണ്ട് ശരീരവും ആത്മാവും മനസ്സും തമ്മിലുള്ള സന്തുലിതാവസ്ഥ കൂട്ടിച്ചേർക്കാൻ വഴിയൊരുക്കുന്നു. സാധാരണയായി നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ, ആശങ്കകൾ, ദൈനംദിന ആവശ്യകതകൾ എന്നീ കാര്യങ്ങളെ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ യോഗശീലം നമ്മളെ സഹായിക്കുന്നു. സ്വന്തം ശരീരത്തെയും മനസ്സിനെയും കൂടുതലായി മനസ്സിലാക്കുന്നതിനും ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം എന്തെന്ന് മനസ്സിലാക്കിക്കൊണ്ട് ദൈവികമായുള്ള നമ്മുടെ ചിന്തകളെ വികസിപ്പിക്കുന്നതിനുമെല്ലാം യോഗ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്.
നമുക്ക് ചുറ്റുമുള്ള ഈ പരിസ്ഥിതിയോടും പ്രകൃതിയോടുമെല്ലാം ഏതൊരു മനുഷ്യനും ഒരു സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ മാറ്റം വന്ന ജീവിത രീതിയുടെ ഭാഗമായി നാം ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകുന്നത്. അതുകൊണ്ടു തന്നെ ആളുകൾക്ക് സമ്മർദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുടെ ലക്ഷണങ്ങൾ കൂടുതലായി അനുഭവപ്പെടാൻ തുടങ്ങുന്നത് സാധാരണയായി മാറിയിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തിലെ അനുചിതമായ ജീവിത ശൈലിയും ശാരീരിക വ്യായാമത്തിന്റെ അഭാവവുമെല്ലാം ഇക്കാര്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്തി നമ്മുടെ ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ ആരോഗ്യം വികസിപ്പിക്കാൻ ശ്രമിക്കണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ നിർദേശിക്കുന്നത്.
കൃത്യമായി യോഗ അനുഷ്ഠിക്കുന്നത് മറ്റുള്ളവരോട് കൂടുതൽ സ്‌നേഹവും ദയയും കരുതലും കാണിക്കാൻ, ജീവിതത്തോടും പ്രകൃതിയോടുമുള്ള ബഹുമാനം തുറന്നു കാണിക്കാൻ, സമാധാനപരമായ മാനസികാവസ്ഥ നൽകാൻ, ആരോഗ്യകരമായ ജീവിത ശൈലി നൽകിക്കൊണ്ട് നമ്മുടെ നിത്യജീവിതത്തിൽ പോസിറ്റിവ് വൈബുകൾ ഉണ്ടാക്കിയെടുക്കാൻ, ആസക്തികളുടെ അടിമത്തത്തിൽ നിന്നും രക്ഷ നേടാൻ, സംസ്‌കാരം, രാഷ്ട്രങ്ങൾ, മതം എന്നിവയോടുള്ള കാഴ്ചപ്പാടുകളും പെരുമാറ്റ രീതിയും മെച്ചപ്പെടുത്താനുമൊക്കെ സഹായകമാകുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ സ്ഥിരമായി യോഗ ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു, ശരീരത്തിലെ വിഷത്തെ പുറത്തു വിടുകയും പ്രതിരോധ ശക്തി വർധിപ്പിക്കുകയും ചെയുന്നു. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നു. മുഖക്കുരു, അകാല വാർധക്യം എന്നിവ തടയുന്നു, മാനസിക പിരിമുറുക്കം കുറക്കുന്നു, മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വർധിപ്പിക്കുന്നു, ബ്ലഡ് പ്രഷർ, കൊളസ്ടോൾ എന്നിവ നിയന്ത്രിക്കുന്നു, ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു മുതലായവയും യോഗയുടെ ഗുണങ്ങളാണ്.
ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ജീവിത ശൈലീ രോഗങ്ങൾ കൂടി വരികയും മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ വർധിച്ചുവരികയും ചെയ്യുമ്പോൾ യോഗാസനത്തിലൂടെ ശരീരത്തിനും പ്രാണായാമത്തിലൂടേയും ധ്യാനമനസിനും സ്വാസ്ഥ്യം പ്രദാനം ചെയ്ത് ജീവിതം അർത്ഥവത്താക്കാം. കൃത്യവും ശാസ്ത്രീയവുമായ പഠനവും പരിശീലനവും കൊണ്ട്, പഞ്ചേന്ദ്രിയങ്ങളെ വരുതിയിൽ കൊണ്ടുവന്ന് ശരീരത്തിനും മനസ്സിനും കൃത്യമായ വിശ്രമം കൊടുത്തു മനസ്സിനെ ശുദ്ധീകരിച്ച് ആരോഗ്യത്തെ വർധിപ്പിച്ച് ജീവിതം ആനന്ദകരമാക്കാം.