Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു വഴിയും കുറെ കഴുതകളും

പത്തു പതിനഞ്ചു കൊല്ലം മുമ്പ് എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടായിരുന്നു 'ഒരു വഴിയും കുറെ കഴുതകളും.' ഈ കുറിപ്പ് അതിന്റെ തുടർച്ചയായി തോന്നുന്നതുകൊണ്ട് 'ഒരു വഴിയും കുറെ കഴുതകളും രണ്ടാം ലക്കം' എന്നു വേണമെങ്കിൽ വായിക്കാം. ആത്മാനുകരണത്തോളം 'വൃത്തികെട്ടിട്ടുള്ളതൊന്നുമില്ലൂഴിയിൽ' എന്നതു ശരി തന്നെ. പക്ഷേ ഭാവവും രൂപവും ഒത്തുവന്നാൽ അവനവനെ ഉദ്ധരിക്കാതെന്തു ചെയ്യും? 

വിഷയം അന്നും ഒരു വഴിയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലം. ഒരു ലോകനിക്ഷേപക സമ്മേളനം (ജിം) കൊണ്ടാടണമെന്ന് അദ്ദേഹത്തിനും മോഹമുദിച്ചു. കുറ്റം പറയാൻ വയ്യ. കൊള്ളാവുന്ന ഒരു വ്യവസായ മന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തണമെങ്കിൽ തന്റെ നാട്ടിലേക്ക് വ്യവസായങ്ങൾ ഒഴുകിവരാൻ ചാലു കീറണം. മുതിർന്ന ചരിത്രകാരനാവണമെങ്കിൽ ഒരു സുവർണ യുഗം അടയാളപ്പെടുത്താൻ കഴിയണം എന്ന അലിഖിത വ്യവസ്ഥ പോലെ. 

കൊച്ചിയിലെ നിക്ഷേപക മാമാങ്കത്തിന്റെ ചുക്കാൻ പിടിക്കാൻ ഒരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറിയായി അടുത്തൂൺ പറ്റിയ ജിജി  തോംസൺ. കോടിക്കണക്കിനു ദിർഹമും ഡോളറും കേരളത്തിൽ നിക്ഷേപ പ്രളയം ഇളക്കിവിടുമെന്നായിരുന്നു ധാരണ.  പുതിയ വ്യവസായ സ്ഥാപനങ്ങളിൽ തട്ടിത്തടഞ്ഞു വീഴാതെ കേരളത്തിൽ കാലെടുത്തുവെക്കാൻ വയ്യാത്ത സ്ഥിതിയാകുമെന്ന് തോംസൺ പ്രവചിക്കുന്നതു പോലെയായി. അതൊക്കെ ഏകോപിപ്പിക്കാൻ കെ.എസ്.ഐ.ഡി.സി എന്ന സർക്കാർ സ്ഥാപനത്തിന്റെ ഗുലാൻ സ്ഥാനത്തിരിക്കുന്ന ആൾക്ക് കഴിയുമോ? ജിജി തോംസൺ അശേഷം സംശയിച്ചില്ല. സംശയാത്മാ വിനശ്യതി. 

കേരളമുടനീളം ഒരു അതിവേഗ പാത നിർമിക്കാനായിരുന്നു ഒരു നിക്ഷേകന്റെ പരിപാടി. ചിലർ അതിനെ സൂപ്പർ ഹൈവേ എന്നു പറഞ്ഞു. മറ്റു ചിലർ ആകാശ കുസുമം പോലത്തെ സ്‌കൈ ബസ് ഉണ്ടാക്കാമെന്നു പറഞ്ഞു.  ഇടക്കു പറയട്ടെ, ആകാശത്തിൽ കുസുമമില്ല.  അസാധ്യതകളെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ ശങ്കരാചാര്യർ എണ്ണിയെടുത്തതാണ്ആകാശ കുസുമവും മൃഗതൃഷ്ണയും ശശശൃംഗവും  വന്ധ്യാസുതനും  മറ്റും. അറം പറ്റിയതു പോലെ, സ്‌കൈ ബസ് ആകാശ കുസുമത്തിന്റെ സ്ഥിതിയിലേ എത്തിയുള്ളു.

ജിം സംഘടിപ്പിച്ചവരുടെ സവിശേഷ ശ്രദ്ധാകേന്ദ്രമായിരുന്നു സ്‌കൈ ബസും സൂപ്പർ ഹൈവേയും. തിരുവനന്തപുരം മുതൽ കാസർകോട് വരെ അടിച്ചു മിന്നിച്ചു പോകുന്ന ഒരു റോഡ് ആണ് വിഭാവന ചെയ്യപ്പെട്ടത്.  ആറു മണിക്കൂർ കൊണ്ട് യാത്ര തീരുന്നു. കേട്ടവർക്കെല്ലാം കൗതുകമായി. അതിന്റെ അസാധ്യത സുഹൃത്തായ ഒരു നേതാവിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ നോക്കിയപ്പോൾ മൂപ്പർ തുറന്നടിച്ചു: എന്റെ മണ്ഡലത്തിലും അതു വരണം. തിരുവനന്തപുരത്തൂനിന്ന് കാസർകോട് വരെ പോയാൽ പോരാ എന്ന വാദം ശക്തിയായി. കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെ ആയാൽ പൂർണമായ ഒരു സംസ്ഥാന പെരുവഴി എന്ന ഖ്യാതി അതിനുണ്ടാകും. 

അതിന്റെ ആവശ്യവും സാധ്യതയും പരിസ്ഥിതി സൗഹൃദവും ചിലർ ശങ്കിച്ചു ശങ്കിച്ചു ചൂണ്ടിക്കാട്ടി. സംഘാടകർ ക്ഷുഭിതരായി. പരിസ്ഥിതിയുടെയും പിന്തിരിപ്പിനത്തിന്റെയും ശക്തികൾ സംസ്ഥാനത്തിന്റെ വികസനം മുടക്കാനുള്ള ഗൂഢാലോചനയിൽ മുഴുകിയിരിക്കുകയാണെന്നു വരെ ആരോപണമുണ്ടായി. അതുവരെ ജിം പദ്ധതികളെപ്പറ്റി കാര്യമായി മനസ്സിലാക്കാൻ ശ്രമിക്കാതിരുന്ന എന്നെ ഉണർത്തിയത് ജിജി തോംസൺ അനുവദിച്ച ഒരു ടി.വി സംഭാഷണമായിരുന്നു. അങ്ങനെയൊരു പാത നമുക്കാവശ്യമില്ല എന്നു വാദിക്കാൻ തുനിഞ്ഞ സി.ആർ. നീലകണ്ഠനെ ജിം അടിച്ചിരുത്തി. നീലകണ്ഠന്റെ അറിവും നെറിവും ആക്രമിക്കപ്പെട്ടു. സൂപ്പർ ഹൈവേയിലേക്കു കയറാൻ ധിറതി കൂട്ടിനിന്നവർ വിജയശ്രീലാളിതരായി നിൽക്കുന്നതുപോലെ തോന്നി.

ഒരു വഴിയും കുറെ കഴുതകളും എന്ന ലേഖനം ഞാൻ എഴുതിപ്പോയത് ആ ചൂടിലും ചൊടിയിലുമായിരുന്നു.  പാതയുടെ മൊത്തം നീളം കണക്കാക്കി. പിന്നെ നൂറു കിലോമീറ്റർ തോറും വഴിയോര വിശ്രമകേന്ദ്രങ്ങളും ശുചിമുറികളും ഇന്ധന സൗകര്യങ്ങളും വേണം. അതിനു വേണ്ടി പെരുവഴിയിൽനിന്ന് താഴോട്ടിറങ്ങി വീണ്ടും പെരുവഴിയിൽ കയറാൻ പത്തു പതിനഞ്ചു കിലോ മീറ്റർ വേണ്ടി വരും. പെരുവഴി മുറിച്ചു കടക്കാൻ മനുഷ്യർക്കോ മൃഗങ്ങൾക്കോ അനുവാദമുണ്ടാവില്ല. അവർക്കു വേണ്ടി പ്രത്യേക സംവിധാനം ഒരുക്കണം. പിന്നെ പാലം. മേൽപാലവും കീഴ്പാലവും. പത്തു മുപ്പത് പാലമെങ്കിലും വേണ്ടിവരും. കൊള്ളാവുന്ന വണ്ടിയാവണം. പാതയും വാഹനവും കേടുവന്നാൽ ഉടൻ നന്നാക്കിയെടുക്കാൻ സന്നദ്ധ സേനയെ നിയോഗിക്കണം. 

ഇതിനെല്ലാം റെഡിയായി ഗൾഫാർ മുഹമ്മദലി നിന്നിരുന്നു. ആറു മാസം കൊണ്ടോ ഒരു കൊല്ലം കൊണ്ടോ പണി തീർന്നേക്കുമെന്നു കേട്ടു. ഒരു ബീജം രൂപം കൊണ്ട് ശിശുവായി പിറക്കുമ്പോഴേക്കും പുതിയ പാത തയാറാവുകയും വാഹനങ്ങൾ അതിലൂടെ ശരവർഷം പോലെ ഇരച്ചുനീങ്ങുകയും ചെയ്യുമെന്ന് നമ്മൾ വിശ്വസിക്കണമായിരുന്നു. അതിനിടെ മുഹമ്മദലിക്ക് എന്തോ പ്രതിസന്ധി നേരിട്ടു. അതുകൊണ്ടല്ല, പരിപാടി തന്നെ മുന്നോട്ടു പോയില്ല. ജിമ്മിൽ ഓമനിച്ചു ലാളിച്ചു കൊണ്ടുവന്ന ഒരു പരിപാടി എങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്നു പഠിക്കുന്നത് രസകരമായിരിക്കും. അതു മാത്രമല്ല, ഇത്തരം സംഗമങ്ങളിൽനിന്നും സഞ്ചാരങ്ങളിൽനിന്നും കൈവരുന്ന നേട്ടങ്ങളും നിക്ഷേപങ്ങളും വിലയിരുത്താൻ ഒരു സംവിധാനം ഉണ്ടാകണം. പൊതുമുതൽ വാരിയെറിഞ്ഞല്ലേ എല്ലാം കാട്ടിക്കൂട്ടുന്നത്? 
മിന്നൽ വേഗത്തിൽ പായുന്ന വാഹനങ്ങൾക്കു വേണ്ടി ഒരു പ്രത്യേക പെരുവഴി എന്ന ആശയത്തിനെതിരെ ഉന്നയിച്ച എന്റെ വാദം ഒരു അത്യുക്തി ആയിരുന്നു. സാങ്കേതികവും സാമ്പത്തികവുമായ വാദങ്ങൾക്കപ്പുറം ഞാൻ പറഞ്ഞു: ആറു മണിക്കൂറു കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് എത്തേണ്ടവർ ആരുമില്ല. രാത്രി ഉറങ്ങാൻ കേറിക്കിടന്നാൽ രാവിലെ ലക്ഷ്യസ്ഥാനത്തെത്തും. ജോലി തുടങ്ങാം. നഷ്ടപ്പെടാൻ സമയമില്ല. അതിനൊന്നും വയ്യാത്തവർക്ക് വലിയൊരു വിമാനത്തിൽ പോകാം. അല്ലെങ്കിൽ ഒരു കൊച്ചുവിമാനം വാടകക്കെടുക്കാം. കാലം ചെല്ലുമ്പോൾ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കീശയിൽ ചൂരുട്ടിക്കൂട്ടിവെക്കാവുന്ന ഒരു വിമാനം തന്നെ ഉണ്ടായേക്കാം. അതുവരെ കാക്കുക. ജനം കഴുതയാണെന്നു കരുതി ഒരു പെരുവഴി അവരുടെ മേൽ കയറ്റിയോടിക്കാതിരിക്കുക. ആറു മണിക്കൂറു കൊണ്ട് കാസർകോട്ട് എത്തേണ്ടവർ ജനത്തിന്റെ കൂട്ടത്തിൽ പെടില്ലല്ലോ.
നേരത്തേ സൂചിപ്പിച്ച പോലെ, പല ജിം കിനാക്കളെയും പോലെ, സൂപ്പർ ഹൈവേയും വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. പദ്ധതി ആവശ്യപ്പെട്ടവരും ഉന്നയിച്ചവരും അതേപ്പറ്റി മറന്നു. ഭരണത്തിന്റെ നിറം മാറി, നോട്ടം മാറി. അങ്ങനെയിരിക്കേ പെരുവഴിയെന്ന പഴയ ആശയം പുതിയ കുപ്പിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾ ആവശ്യം വരുന്നത് കാർ മിന്നിച്ചുപോകാൻ ഒരു കോൺക്രീറ്റ് വഴിയല്ല, ഉരുക്കു പാളങ്ങളിലൂടെ വായുവേഗത്തിൽ നീങ്ങുന്ന തീവണ്ടിയാണെന്നു മാത്രം. തീവണ്ടിയല്ലേ, റോഡിനേക്കാൾ കൂടുതൽ വേഗം വേണം. തിരുവനന്തപുരം മുതൽ കാസർകോട് വരെ ആറല്ല, നാലു മണിക്കൂർ കൊണ്ട് കടന്നു കളയാം എന്നതാണ് പുതിയ കിനാവ്.
സൂപ്പർ ഹൈവേക്കെതിരെ ശബ്ദിച്ച സി.ആർ. നീലകണ്ഠൻ എന്ന പരിസ്ഥിതി പ്രവർത്തകനെ ജിജി തോംസൺ അടിച്ചിരുത്തിയല്ലോ. ഒരു വഴിയും കുറെ കഴുതകളും രണ്ടാം ലക്കത്തിൽ സിൽവർ ലൈൻ തീവണ്ടിക്കു വേണ്ടി ആരൊക്കെയാണ് വാദിക്കുന്നതെന്നറിയില്ല. അതിനെതിരെ ഉയരുന്ന ഒരു ശബ്ദം പ്രൊഫസർ ആർ.വി. ി മേനോന്റെയാകുന്നു. ഒതുക്കത്തോടെയും വിനയത്തോടെയും സംവദിക്കുന്ന ആർ.വി.ജി ചോദിക്കുന്നു, ഇതാണോ കേരളത്തിനു വേണ്ട റെയിൽ വികസനം? ഇതല്ലാതെ വഴിയില്ലേ?

സിൽവർ ലൈനല്ലേ, സാദാ ലൈനിലൂടെ ഓടിക്കൂടാ. അതിവേഗം പോകുന്ന വണ്ടിയല്ലേ, അതിനു വേണ്ടി പ്രത്യേകം സ്റ്റേഷൻ വേണം. പാളങ്ങളുടെ അളവും അകലവും വ്യത്യസ്തമായതുകൊണ്ട്, സാദാ വണ്ടികൾക്ക് അതിലൂടെയോ മറിച്ചോ ഓടാൻ പറ്റില്ല. പ്രൊഫസർ മേനോനെ ഉദ്ധരിക്കുകയാണ് ഇവിടെ കൂടുതൽ ഫലപ്രദം. 

സിൽവർ ലൈൻ പദ്ധതിയിലെ പല സ്റ്റേഷനുകളും ഇപ്പോഴുള്ളവയിൽനിന്നു ദൂരെയാണ്. ഇതാണോ നമുക്കു വേണ്ട റെയിൽ വികസനം? തെക്കു വടക്കു പാതയുടെ ഇരട്ടിപ്പിക്കൽ, സിഗ്‌നൽ നവീകരണം എന്നിവ ആദ്യം നടക്കട്ടെ. എന്നിട്ടും പോരാതെ വന്നാൽ തീർച്ചയായും അധിക പാതയാകാം.

അധിക പാത റെയിലോ റോഡോ ആകണമെന്നില്ല. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും മാനത്തോടെയും ആകാം. അതിനുള്ള സാങ്കേതിക വിദ്യയൊക്കെ തയാറായിക്കഴിഞ്ഞു, മറുനാട്ടിൽ. അതിങ്ങോട്ട് എത്തിക്കുകയേ വേണ്ടൂ. അതേറ്റാൽ അതോടൊപ്പം പല തരം കിഴിവുകളും കഴിവുകളും അതുണ്ടാക്കി വിൽക്കുന്ന സ്ഥാപനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. വേഗമാണ് ആവശ്യം. 'നരന്റെ കർമത്തിനു വേഗമേറിയാൽ വരുന്ന നിഷ്പന്ദത മൃത്യുവെന്നുമാം' എന്ന കാവ്യഭീതിയൊന്നും കണക്കാക്കേണ്ട.

Latest News