തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനെയും സ്വപ്‌നയെയും കരുക്കളാക്കി യു.എ.ഇ കോൺസൽ ജനറൽ സംസ്ഥാനത്ത് മന്ത്രിമാരുമായും ഉന്ന ഉദ്യോഗസ്ഥരുമായും വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് വെളിപ്പെടുത്തി. കോൺസൽ ജനറൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവർക്ക് കസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുള്ളത്.
പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽപോലും യോഗം നടന്നെന്നും കസ്റ്റംസ് വ്യക്തമാക്കി. ചില മന്ത്രിമാരും ഇവരുടെ വലയിൽ വീണിരുന്നു. 260 പേജുള്ള ഷോക്കോസ് നോട്ടീസാണ് നൽകിയത്. സുരക്ഷ ഭീഷണി ഇല്ലാതിരുന്നിട്ടും കോൺസൽ ജനറലിന് സംസ്ഥാന സർക്കാർ വൈ കാറ്റഗറി സുരക്ഷ നൽകി. ഇത് നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും കസ്റ്റംസ് കണ്ടെത്തി. കോണ്‍സല്‍ ജനറല്‍ നോട്ടെണ്ണല്‍ യന്ത്രം വാങ്ങിയതായും കണ്ടെത്തി.